CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 19 Seconds Ago
Breaking Now

യുകെയില്‍ അകപ്പെട്ടു പോയ മലയാളികള്‍ക്കായുള്ള യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്റെ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിന് അനുമതി; യാത്ര ചെയ്യേണ്ടവര്‍ രജിസ്‌ട്രേഷന്‍ നടത്തുക

ലണ്ടനില്‍ നിന്നും കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള ഡയറക്ട് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് ആണ് സജ്ജമാക്കിയിട്ടുള്ളത്

ലോക രാജ്യങ്ങള്‍ കൊറോണ വൈറസ് ഭീതിമൂലം അതിര്‍ത്തികള്‍ അടച്ച് സ്വയം സംരക്ഷിത കവചം തീര്‍ക്കുന്നതിനിടയില്‍, ഉറ്റവരില്‍ നിന്നും ഉടയവരില്‍ നിന്നും അകന്ന് യുകെയില്‍ ഒറ്റപ്പെട്ടു പോയ മലയാളികള്‍ക്കായി യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ യുകെയുടെ പരിശ്രമങ്ങള്‍ ഫലവത്താകുകയാണ്.

ഓര്‍ഗനൈസേഷന്റെ ഹെല്‍പ്പ്‌ലൈനില്‍ വന്ന അന്വേഷണങ്ങളില്‍ നല്ലൊരു ശതമാനവും ബ്രിട്ടനിലെ ലോക്ക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായ മലയാളികളെ നാട്ടിലെത്തിക്കുന്നതിനെക്കുറിച്ചായിരുന്നു. അതിനുള്ള ഒരു ശ്രമം യുകെ മലയാളിയും, ബ്രിസ്റ്റോള്‍ മേയറുമായ ശ്രീ ടോം ആദിത്യ മുഖേന നടത്തുകയും, അദ്ദേഹത്തിന്റെ ശ്രമഫലമായി എക്‌സ്റ്റേണല്‍ ഹോം അഫയേഴ്സ് മന്ത്രാലയത്തില്‍ നിന്ന്  യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ യുകെയുടെ നേതൃത്വത്തില്‍ യുകെയില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് അയയ്ക്കാനുള്ള അനുമതി നേടുകയും ചെയ്തിരിക്കുകയാണ്. ഈ ലോക്ക്ഡൗണ്‍ കാലഘട്ടത്തില്‍ തൊഴിലും വരുമാനവും നഷ്ടപ്പെട്ട ധാരാളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ പരിരക്ഷിക്കുന്നതിന് മുന്‍കൈ എടുക്കുന്ന അദ്ദേഹത്തിന്റെ സേവനമനോഭാവം പ്രശംസനീയമാണ്. 

ലണ്ടനില്‍ നിന്നും കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലേക്കുള്ള ഡയറക്ട് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് ആണ് യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ യുകെ സജ്ജമാക്കിയിട്ടുള്ളത്.  ഓര്‍ഗനൈസേഷന്റെ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ travel.umo@gmail.com എന്ന ഇമെയിലില്‍ ബന്ധപ്പെടേണ്ടതാണ്. ഗര്‍ഭിണികള്‍ക്കും, കുട്ടികള്‍ക്കും, പ്രായവുമായവര്‍ക്കും, വിസ കാലാവധി കഴിഞ്ഞവര്‍ക്കും, മറ്റ് ഹൈ റിസ്‌ക് വിഭാഗത്തില്‍ പെടുന്നവര്‍ക്കും സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പരിഗണന ലഭിക്കുന്നതാണ്. രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ണ്ണമാകുന്നതോടൊപ്പം യാത്രക്ക് ചെലവ് വരുന്ന തുക അറിയിക്കുന്നതാണ്. 

ഫൈറ്റ് എഗെയിന്‍സ്റ്റ് കൊവിഡ്-19 എന്ന പരസ്പരസഹായ സംരംഭവുമായി, ആര്‍ക്കും ഏതു സമയത്തും വിളിക്കാവുന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറും, യുകെയില്‍ ഉടനീളം അരമണിക്കൂറിനുള്ളില്‍ ആവശ്യപ്പെടുന്നവര്‍ക്ക് സഹായമെത്തിക്കാനുള്ള വോളന്റിയേഴ്സ് നിരയുമായി, അതിജീവനത്തിന്റെ ഈ നാളുകളില്‍ യുകെ മലയാളികളുടെ ആശ്രയമായ യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ യുകെയുടെ നിരന്തരമായ ശ്രമങ്ങളുടെ ഫലമാണിത്. ഡോക്ടര്‍ സോജി അലക്‌സ് തച്ചങ്കരിയുടെ നേതൃത്വത്തില്‍ 40 ഡോക്ടര്‍മാരും, നിരവധി നഴ്സ് മാനേജര്‍മാരും ആരോഗ്യപരമായ സംശയങ്ങള്‍ക്ക് മറുപടി നല്‍കുമ്പോള്‍, തൊഴില്‍പരവും, സാമ്പത്തികപരവും, ഗാര്‍ഹികവുമായ കാര്യങ്ങള്‍ക്ക് ഉപദേശം നല്‍കുന്നതിനുള്ള പ്രത്യേക വോളന്റിയേഴ്സ് ഗ്രൂപ്പുകള്‍ ക്രമീകരിച്ചാണ് ഈ ഓര്‍ഗനൈസേഷന്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ തയ്യാറെടുത്തത്. 

ഇതിനോടകം യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന്‍ ബഹുമാനപ്പെട്ട മിസോറാം ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള മുഖേനയും, തിരുവനന്തപുരം എം പി ഡോ. ശശി തരൂര്‍ മുഖേനയും കേന്ദ്ര ഗവണ്‍മെന്റിന് സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാകാനിരിക്കെയാണ് ബഹുമാനപ്പെട്ട ബ്രിസ്റ്റോള്‍ മേയര്‍ ടോം ആദിത്യയുടെ ഇടപെടലോടെ ലണ്ടനില്‍ നിന്ന് കേരളത്തിലേക്ക് ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റ് അയക്കാനുള്ള അനുമതി യുണൈറ്റഡ് മലയാളി ഓര്‍ഗനൈസേഷന് ലഭിച്ചിരിക്കുന്നത്. യാത്ര ചെയ്യേണ്ടവര്‍ രജിസ്‌ട്രേഷനായി മുകളില്‍ കൊടുത്തിരിക്കുന്ന ഇമെയില്‍ മുഖേന ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്ത:

ബാലസജീവ് കുമാര്‍




കൂടുതല്‍വാര്‍ത്തകള്‍.