CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 34 Minutes 22 Seconds Ago
Breaking Now

ഫ്‌ളോയിഡ് കൊല്ലപ്പെട്ട സംഭവം ; പ്രതിഷേധം രൂക്ഷമായതോടെ ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി

ഒരു മണിക്കൂര്‍ സമയം മാത്രമേ വൈറ്റ്ഹൗസിലെ ഭൂഗര്‍ഭ ബങ്കറില്‍ ട്രംപ് ചിലവഴിച്ചിട്ടുള്ളൂ.

അമേരിക്കയില്‍ പൊലീസ് അതിക്രമത്തില്‍ ആഫ്രിക്കന്‍ വംശജന്‍ ജോര്‍ജ് ഫ്‌ളോയിഡ്  കൊല്ലപ്പെട്ട സംഭവത്തില്‍ വെള്ളിയാഴ്ച രാത്രി പ്രതിഷേധക്കാര്‍ വൈറ്റ്ഹൗസിന് മുന്നില്‍ തടിച്ചുകൂടിയപ്പോള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഭൂഗര്‍ഭ ബങ്കറിലേക്ക് മാറ്റി. വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഒരു മണിക്കൂര്‍ സമയം മാത്രമേ വൈറ്റ്ഹൗസിലെ ഭൂഗര്‍ഭ ബങ്കറില്‍  ട്രംപ് ചിലവഴിച്ചിട്ടുള്ളൂ. വെള്ളിയാഴ്ച രാത്രി വൈറ്റ്ഹൗസിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച നൂറുകണക്കിന് പ്രതിഷേധക്കാരെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും പോലീസും തടയുകയായിരുന്നു.

അപ്രതീക്ഷിതമായി വൈറ്റ്ഹൗസിന് മുമ്പിലുണ്ടായ പ്രതിഷേധത്തില്‍ ട്രംപിനും അദ്ദേഹത്തിന്റെ സംഘത്തിനും ഞടുക്കമുണ്ടാക്കിയതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈറ്റ്ഹൗസില്‍ ട്രംപിനൊപ്പമുണ്ടായിരുന്ന ഭാര്യ മെലാനിയേയും മകന്‍ ബറോണിനേയും ബങ്കറിലേക്ക് മാറ്റിയോ എന്നതില്‍ വ്യക്തതയില്ല.

ജോര്‍ജ് ഫ്‌ളോയ്ഡിന്റെ മരണത്തില്‍ പ്രതിഷേധം വ്യാപകമാകുന്നതിനിടെ വാഷിങ്ടണിലടക്കം യുഎസിലെ നാല്പതോളം നഗരങ്ങളില്‍ ഞായറാഴ്ച കര്‍ഫ്യൂ ഏര്‍പ്പെടുത്തി.പ്രതിഷേധക്കാരെ നേരിടാന്‍ 15 സംസ്ഥാനങ്ങളിലും വാഷിങ്ടണിലും നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ലോസ് ഏഞ്ചലസ്, ചിക്കാഗോ, അറ്റ്‌ലാന്റ തുടങ്ങിയ നഗരങ്ങളിലെ ആളുകളോട് പുറത്തിറങ്ങരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. സിയറ്റില്‍ മുതല്‍ ന്യൂയോര്‍ക്കില്‍ വരെ പ്രതിഷേധക്കാര്‍ അണിനിരന്നിരിക്കുകയാണ്. കൊലപാതകിയായ പോലീസ് ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആയിരക്കണക്കിന് പ്രതിഷേധക്കാരുടെ ആവശ്യം.

അതേസമയം ഫ്‌ളോയ്ഡിനെ കാല്‍മുട്ടുകൊണ്ട് ശ്വാസംമുട്ടിച്ചുകൊന്ന മിനസോട്ട പോലീസുദ്യോഗസ്ഥന്‍ ഡെറിക് ചൗവിനെ പോലീസ് കൊലപാതകക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്തു. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. സംഭവത്തെത്തുടര്‍ന്ന് ചൗവിനെയും മറ്റു മൂന്ന് പോലീസുകാരെയും പുറത്താക്കിയിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.