CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 7 Seconds Ago
Breaking Now

ബ്രിട്ടന്റെ സമ്പദ് ഘടനയെ രക്ഷിക്കാന്‍ 'മിനി ബജറ്റുമായി' ബോറിസ് സര്‍ക്കാര്‍; ഇന്ധനത്തിന് ടാക്‌സ് കുറയ്ക്കും; നാഷണല്‍ ഇന്‍ഷുറന്‍സില്‍ ഇളവ് നല്‍കിയേക്കും; കച്ചവടം ഉഷാറാക്കാന്‍ ബോറിസ് ജോണ്‍സണ്‍ തയ്യാര്‍; പദ്ധതികള്‍ സമര്‍പ്പിക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം

സാധാരണ ടാക്‌സും, കസ്റ്റംസ് നിയമങ്ങളും ആവശ്യമില്ലാത്ത 'ഫ്രീപോര്‍ട്ടുകളുടെ' ശൃംഖല സൃഷ്ടിക്കാനുള്ള പദ്ധതികളും ഫാസ്റ്റ് ട്രാക്കിലേക്ക് മാറ്റും

ബ്രിട്ടന്റെ സമ്പദ് രംഗത്തിന് പുതിയ ഉണര്‍വ്വേകാന്‍ പുതിയ നീക്കങ്ങളുമായി ബോറിസ് സര്‍ക്കാര്‍. കൊറോണ മഹാമാരി സൃഷ്ടിച്ച നിശ്ചലാവസ്ഥയില്‍ നിന്നും കരകയറാന്‍ ആവശ്യമായ പരിഷ്‌കാരങ്ങള്‍ ഉപദേശിക്കാന്‍ പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സാമൂഹിക അകലം പാലിച്ച് കൊണ്ട് അവശ്യ സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുള്ള വഴികള്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും നിര്‍ദ്ദേശം നല്‍കി. സണ്‍ഡേ ട്രേഡിംഗ് നിയമങ്ങള്‍ ഒരു വര്‍ഷത്തേക്ക് മരവിപ്പിച്ച് ഞായറാഴ്ച മുഴുവന്‍ സമയം ഷോപ്പുകള്‍ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുന്നത് ഉള്‍പ്പെടെയാണ് പദ്ധതികളെന്ന് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കി. 

ഗ്രേറ്റ് റിക്കവറി ബില്‍ എന്നുപേരിട്ട പദ്ധതി വഴിയാണ് പുതിയ നീക്കങ്ങള്‍ നടപ്പാക്കുക. ജൂലൈയില്‍ അവതരിപ്പിക്കുന്ന 'മിനി ബജറ്റിന്' ഒപ്പമാകും ഈ പദ്ധതി. ഉപഭോക്താക്കളുടെ ചെലവഴിക്കല്‍ വേഗത്തിലാക്കാന്‍ ഇന്ധനത്തിന്റെ നികുതി കുറയ്ക്കുന്നത് ഉള്‍പ്പെടെ പദ്ധതികളാണ് ഈ ബജറ്റില്‍ ചാന്‍സലര്‍ ഋഷി സുനാക് ഉള്‍ക്കൊള്ളിക്കുക. വാറ്റ്, സ്റ്റാംപ് ഡ്യൂട്ടി എന്നിവ തല്‍ക്കാലത്തേക്ക് കുറയ്ക്കാനുള്ള സമ്മര്‍ദം നേരിടുന്ന ചാന്‍സലര്‍ തൊഴില്‍ദാതാക്കള്‍ക്ക് നാഷണല്‍ ഇന്‍ഷുറന്‍സ് ഹോളിഡേ നല്‍കി തൊഴിലവസരങ്ങള്‍ക്ക് ഉത്തേജനം നല്‍കാനും ആലോചിക്കുന്നു. 

കൊവിഡ്-19 മരണസംഖ്യ 40,000 കടന്നെങ്കിലും ബിസിനസ്സുകള്‍ക്കുള്ള ലോക്ക്ഡൗണ്‍ വിലക്കുകളില്‍ ജൂണ്‍ 15 മുതല്‍ ഇളവ് നല്‍കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. നോണ്‍-എസെന്‍ഷ്യല്‍ റീട്ടെയില്‍ ബിസിനസ്സുകള്‍ക്കും ഇതോടെ ഷട്ടര്‍ തുറക്കാം. ലോക്ക്ഡൗണ്‍ മൂലം തടസ്സപ്പെട്ട ഇന്‍ഫ്രാസ്ട്രക്ചര്‍ വിപ്ലവം പുനരാരംഭിക്കുകയാണ് ബോറിസിന്റെ മറ്റൊരു ലക്ഷ്യം. പുതിയ ഹൗസിംഗ്, റോഡ്, ബ്രോഡ്ബാന്‍ഡ് എന്നിവ എത്തുമ്പോള്‍ തിരിച്ചുവരവിന് ആധാരമാകുമെന്ന് മന്ത്രിമാരും കരുതുന്നു. 

സാധാരണ ടാക്‌സും, കസ്റ്റംസ് നിയമങ്ങളും ആവശ്യമില്ലാത്ത 'ഫ്രീപോര്‍ട്ടുകളുടെ' ശൃംഖല സൃഷ്ടിക്കാനുള്ള പദ്ധതികളും ഫാസ്റ്റ് ട്രാക്കിലേക്ക് മാറ്റും. 1994 വരെ ഷോപ്പ്‌സ് ആക്ട് 1950 പ്രകാരം ഞായറാഴ്ച ഷോപ്പ് തുറക്കുന്നത് നിയമവിരുദ്ധമായിരുന്നു. ആ വര്‍ഷം നടപ്പാക്കിയ സണ്‍ഡേ ട്രേഡിംഗ് ആക്ട് വഴിയാണ് ഇതിന് മാറ്റം വരുത്തിയത്. കാര്‍ വ്യവസായത്തിന് ഊര്‍ജ്ജം നല്‍കാന്‍ ഇലക്ട്രിക് വെഹിക്കിള്‍, ബാറ്ററി ടെക്‌നോളജി എന്നിവയില്‍ പുതിയ നിക്ഷേപത്തിനും സാധ്യത തെളിയുന്നുണ്ട്.




കൂടുതല്‍വാര്‍ത്തകള്‍.