CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
24 Minutes 34 Seconds Ago
Breaking Now

കൊറോണ പ്രതിസന്ധിയില്‍ ബ്രിട്ടന്റെ അവസ്ഥ കൈയ്യാലപ്പുറത്തെ തേങ്ങ പോലെ; ശൈത്യകാലത്ത് കടുപ്പമേറിയ രണ്ടാം ഘട്ടം തേടിയെത്തും; കൊവിഡ്-19നും സാധാരണ ജലദോഷവും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ പാടുപെടും; മുന്നറിയിപ്പുമായി സേജ് ശാസ്ത്രജ്ഞന്‍; വൈറസ് പ്രതീക്ഷിച്ച വേഗതയില്‍ അസ്തമിക്കില്ല!

അടുത്ത ഏതാനും ആഴ്ചകളില്‍ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണമേറുമെന്നാണ് ഇദ്ദേഹം പ്രതീക്ഷിക്കുന്നത്

കൊറോണാവൈറസ് പ്രതിസന്ധിയില്‍ യുകെ വാള്‍മുനയിലാണ് നില്‍ക്കുന്നതെന്ന മുന്നറിയിപ്പുമായി സര്‍ക്കാരിന്റെ മുതിര്‍ന്ന ഉപദേശകന്‍. വിന്ററില്‍ രണ്ടാംഘട്ടം വന്നുചേരാനുള്ള ഭീഷണി വാസ്തവമാണെന്നും സര്‍ ജെറെമി ഫറാര്‍ വ്യക്തമാക്കി. സയന്റിഫിക് അഡൈ്വസറി ഗ്രൂപ്പ് ഫോര്‍ എമര്‍ജന്‍സീസ് (സേജ്) അംഗവും, ലണ്ടന്‍ ആസ്ഥാനമായ റിസേര്‍ച്ച് ചാരിറ്റി വെല്‍ക്കം ട്രസ്റ്റിന്റെ ഡയറക്ടറുമാണ് സര്‍ ജെറെമി ഫറാര്‍. വൈറസ് തിരിച്ചുവരവ് നടത്തുമെന്ന ആശങ്കയുള്ളതായി സര്‍ ജെറെമി വ്യക്തമാക്കി. 

അടുത്ത ഏതാനും ആഴ്ചകളില്‍ വൈറസ് സ്ഥിരീകരിക്കുന്നവരുടെ എണ്ണമേറുമെന്നാണ് ഇദ്ദേഹം പ്രതീക്ഷിക്കുന്നത്. ജൂലൈ വരെ ഇത് നീണ്ടുനില്‍ക്കും. ഇംഗ്ലണ്ടില്‍ ജൂലൈ 4 മുതലാണ് ലോക്ക്ഡൗണ്‍ നിയമങ്ങളില്‍ ഏറ്റവും വലിയ ഇളവുകള്‍ അനുവദിക്കുന്നത്. മാര്‍ച്ചിന് ശേഷം ആദ്യമായി പബ്ബുകള്‍ തുറക്കുകയും, കുടുംബങ്ങളെ ഒത്തുചേരാന്‍ അനുവദിക്കുകയും ചെയ്യുന്ന മാറ്റങ്ങളാണ് ആ ദിവസം മുതല്‍ തുടങ്ങുന്നത്. എന്നാല്‍ ജാഗ്രതയോടെ നിലനില്‍ക്കേണ്ട അവസ്ഥയാണ് രാജ്യം നേരിടുന്നതെന്ന് സര്‍ ജെറെമി വ്യക്തമാക്കി. 

സാമൂഹിക അകലം പാലിക്കുന്നതെല്ലാം മറന്ന മട്ടില്‍ ജനങ്ങള്‍ പെരുമാറുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പല ഭാഗങ്ങളില്‍ നിന്നും പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ആഴ്ച ബോണ്‍മൗത്ത് ബീച്ചിലും, ലണ്ടനില്‍ വിവിധ ഭാഗങ്ങളില്‍ നടന്ന പാര്‍ട്ടികളിലും പോലീസിന് ഇടപെടേണ്ട സാഹചര്യം നേരിട്ടിരുന്നു, പ്രീമിയര്‍ ലീഗ് ജയിച്ച ലിവര്‍പൂളിന്റെ ആരാധകരുടെ തെരുവ് പാര്‍ട്ടികളും നിയന്ത്രണങ്ങള്‍ കൈവിട്ട് പോകുന്ന തരത്തിലായിരുന്നു. ശൈത്യകാലത്ത് രണ്ടാം ഘട്ടം തടുത്ത് നിര്‍ത്തുന്നത് കൂടുതല്‍ ബുദ്ധിമുട്ടായി മാറുമെന്ന് സര്‍ ജെറെമി ചൂണ്ടിക്കാണിച്ചു. കൊവിഡ്-19നും സാധാരണ ജലദോഷവും, പനിയും തമ്മില്‍ വേര്‍തിരിച്ച് നിര്‍ത്താന്‍ ബുദ്ധിമുട്ടുന്നതാണ് ഇതിന് കാരണം. 

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ജോലിക്ക് പോകുന്നതിനെക്കുറിച്ച് ശ്രദ്ധയോടെ ചിന്തിക്കണം, കൊറോണയാകാനുള്ള സാധ്യതയാണ് ഇതിന് കാരണം, അദ്ദേഹം ബിബിസിയോട് വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയില്‍ പ്രതിദിനം 1018 കേസുകളാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് സ്ഥിരീകരിച്ചത്. നേരത്തെ പ്രതീക്ഷിച്ച വേഗതയില്‍ മഹാമാരി കുറയുന്നില്ലെന്നത് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്. വീണ്ടുമൊരു കുതിപ്പിന് സാധ്യതയുണ്ടെന്നാണ് ഇവര്‍ ഭയക്കുന്നതും. ലോക്ക്ഡൗണ്‍ നിബന്ധനകളില്‍ ഇളവ് നല്‍കിയതോടെ ജനം പുറത്തിറങ്ങിയതാണ് ഇതിന് കാരണമെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.