ഇംഗ്ലണ്ടില്‍ രണ്ടാമത്തെ ഉയര്‍ന്ന കൊവിഡ്-19 ഇന്‍ഫെക്ഷന്‍ നിരക്കില്‍ ലെസ്റ്ററിലെ മറികടന്ന് ഓള്‍ഡാം. ജൂലൈ 20 മുതല്‍ 26 വരെയുള്ള ദിവസങ്ങളില്‍ ഓരോ ഒരു ലക്ഷം പേരിലും 54.3 കൊറോണാവൈറസ് കേസുകളാണ് ഓള്‍ഡാമില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് എന്‍എച്ച്എസ് സ്ഥിരീകരിച്ചു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പട്ടണത്തിലെ ഒരാഴ്ചത്തെ ഇന്‍ഫെക്ഷന്‍ നിരക്ക് 191 ശതമാനമാണ് ഉയര്‍ന്നത്. ലെസ്റ്ററിലെ മഹാമാരിയാകട്ടെ 53.2 ശതമാനത്തിലേക്ക് കുറയുകയും ചെയ്തു.
ബ്ലാക്ക്‌ബേണ്‍ വിത്ത് ഡാര്‍വെന്‍ മാത്രമാണ് ഓള്‍ഡാമിന് മുന്നില്‍ സ്ഥാനം പിടിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ ഒരു ലക്ഷം പേരില്‍ 85.9 കേസുകളാണ് ഇവിടെ രേഖപ്പെടുത്തിയത്. അതേസമയം ഓള്‍ഡാമിലെ കേസുകളില്‍ ഭൂരിഭാഗവും പാകിസ്ഥാനി, ബംഗ്ലാദേശി സമൂഹത്തില്‍ പെട്ടവരെയാണ് ബാധിച്ചതെന്ന് കൗണ്‍സില്‍ വ്യക്തമാക്കി. കര്‍ശനമായ വിലക്കുകള്‍ അനുസരിക്കാന്‍ തയ്യാറാകണമെന്ന് പ്രദേശവാസികളോട് അധികൃതര്‍ ആവശ്യപ്പെട്ടു. സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് കൂപ്പുകുത്തുന്നത് ഒഴിവാക്കാന്‍ ഇത് അനിവാര്യമാണെന്ന് ലോക്കല്‍ കൗണ്‍സില്‍ ഓര്‍മ്മിപ്പിച്ചു.
235,000 താമസക്കാരാണ് ബറോയിലുള്ളത്. അടുത്ത രണ്ട് ആഴ്ചത്തേക്ക് വീടുകളില്‍ സന്ദര്‍ശകരെ വിലക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളാണ് കൗണ്‍സില്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. മുസ്ലീം സമൂഹങ്ങള്‍ ഈദ് ആഘോഷിക്കാന്‍ ഒരുങ്ങുമ്പോഴാണ് കര്‍ശനമായ നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നത്. ഏഷ്യന്‍ സമൂഹങ്ങള്‍ കൂട്ടമായി താമസിക്കുന്ന മേഖലകളില്‍ വൈറസ് പടരുന്നത് പതിവ് കാഴ്ചയായി മാറുന്നുണ്ട്. ഇംഗ്ലീഷ് ഭാഷയില്‍ ബോധവത്കരണം നടത്തുന്നത് മനസ്സിലാകാതെ പോകുന്നതും പ്രശ്‌നമാകുന്നുവെന്നാണ് കരുതുന്നത്.
അടുത്ത ആഴ്ചയോടെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മേഖലകളില്‍ ഡോര്‍-ടു-ഡോര്‍ ടെസ്റ്റിംഗ് നടത്താന്‍ ഹെല്‍ത്ത് മേധാവികള്‍ തയ്യാറെടുക്കുകയാണ്. ലെസ്റ്ററിലാണ് ആദ്യമായി ഈ രീതി ഉപയോഗിച്ചത്. സമ്പര്‍ക്ക വ്യാപനം തടയുന്നതിനായി പരമാവധി മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കാനോ, പരിമിതപ്പെടുത്താനോ ആണ് ഓള്‍ഡാം കൗണ്‍സില്‍ ജനങ്ങളോട് ആവശ്യപ്പെടുന്നത്.