Breaking Now

സമീക്ഷയുടെ നേതൃത്വത്തില്‍ മലയാളം മിഷന്‍ ഓണ്‍ലൈന്‍ പഠന വേദി ഉദ്ഘാടനം ചെയ്തു

യു കെയിലെ ശക്തമായ കലാ സാംസ്‌കാരിക സംഘടനയായ സമീക്ഷ, മലയാളം മിഷന്‍ യുകെ ചാപ്റ്ററുമായി ചേര്‍ന്നു നടത്തുന്ന മലയാള പഠന വേദികളുടെ ഭാഗമായി, സമീക്ഷ എക്‌സിറ്റര്‍ ബ്രാഞ്ച് ഓണ്‍ലൈന്‍ പoന വേദി ഉദ്ഘാടനം 2020 ജൂലൈ 26 മൂന്നു മണിക്ക് സൂമിലൂടെ നടത്തി തുടര്‍ന്ന് പ്രവേശനോത്സവവും നടന്നു. സമീക്ഷ എക്‌സിറ്റര്‍ ബ്രാഞ്ച് സെക്രട്ടറി ശ്രീ വിനു ചന്ദ്രന്റെ സ്വാഗതത്തിനു ശേഷം മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ സുജ സൂസന്‍ ജോര്‍ജ് ഉദ്ഘാടന പ്രസംഗം നടത്തി. എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം എന്ന മുദ്രാവാക്യം ഉയര്‍ത്തി മലയാളം മിഷന്‍ 36 രാജ്യങ്ങളില്‍ പടര്‍ന്നു പന്തലിച്ചു കഴിഞ്ഞു എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഡയറക്ടര്‍ പറഞ്ഞു. മലയാളം മിഷന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ പ്രവേശനോത്സവങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇപ്പോള്‍ നടത്തേണ്ടി വരുന്ന ഓണ്‍ലൈന്‍ പ്രവേശനോത്സവത്തിന്റെ പരാധീനതകള്‍ വിവരിക്കുമ്പോഴും കോവിഡ് മൂലമാണ് തനിക്ക് ഈ പ്രവേശനോത്സവത്തില്‍ പങ്കെടുക്കാനായത് എന്ന് ടീച്ചര്‍ അനുസ്മരിച്ചു. ഓ എന്‍ വി യുടെ ജീവന്റെ ഉന്മത്ത നൃത്തത്തിനു പകരമായി , സുഗതകുമാരി ടീച്ചറിന്റെ കവിതയിലെ കുട്ടിയുടെ പാല്‍ പുഞ്ചിരിയിലൂടെ മൃതിയെ മറക്കുന്ന ലോകത്തെ കോവിഡ് നമുക്ക് കാട്ടിത്തന്നതായി ടീച്ചര്‍ അനുസ്മരിച്ചു. കുട്ടിയായിരിക്കുമ്പോള്‍ തന്റെ കയ്യിലുള്ള വലിയ പെന്‍സില്‍ ഒടിച്ച് സുഹൃത്തുമായി ഷെയര്‍ ചെയ്യുന്ന ആ മനോഹര സംസ്‌കാരമാണ് ഇന്നും മലയാളിക്ക് ഒന്നിച്ചു നില്‍ക്കാന്‍ പ്രചോദനം നല്കുന്നതെന്ന് സുജ ടീച്ചര്‍ അനുസ്മരിച്ചു. ഭാഷയും സംസ്‌കാരവുമായുള്ള ബന്ധവും ടീച്ചര്‍ എടുത്തു പറഞ്ഞു. ലോക മലയാളിയെ ബന്ധിപ്പിക്കുന്ന പ്രധാന ഘടകമായ മലയാള ഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് മലയാളം മിഷന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സുജ ടീച്ചര്‍ വിശദീകരിച്ചു. മലയാളം മിഷന്റെ ആപ്പില്‍ എന്തെല്ലാം ഉണ്ട് എന്നും അതുകൊണ്ടുതന്നെ അത് അധ്യാപകരും രക്ഷിതാക്കളും ഡൗണ്‍ ലോഡ് ചെയ്യണമെന്നും ടീച്ചര്‍ അഭ്യര്‍ത്ഥിച്ചു. മലയാളം മിഷന്റെ ഭൂമി മലയാളം വാര്‍ത്താ പത്രികയെ പറ്റിയും പൂക്കാലം വെബ് മാഗസിനെ പറ്റിയും റേഡിയോ മലയാളത്തെ പറ്റിയും സുജ ടീച്ചര്‍ വിശദീകരിച്ചു. ഇവയില്‍ കുട്ടികളുടെയും അധ്യാപകരുടെയും സര്‍ഗാത്മക ഇടപെടലുകള്‍ ഉണ്ടാവണമെന്ന് ടീച്ചര്‍ ആഹ്വാനം ചെയ്തു. തുടര്‍ന്ന് സമീക്ഷ ദേശീയ സെക്രട്ടറി ശ്രീ ദിനേശ് വെള്ളാപള്ളി ആശംസ പ്രസംഗം നടത്തി. കേരളത്തിലെ ഗവണ്‍മെന്റിനും കേരളത്തിലെ സഹോദരന്‍മാര്‍ക്കും കൈത്താങ്ങായി സമീക്ഷ നടത്തിയ സാമൂഹ്യ ഇടപെടലിന്റെ ഉദാഹരണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദ്ദേശം 14 ലക്ഷം പിരിച്ചതും. ഡി വൈ എഫ് ഐ യുടെ ടിവി ചലഞ്ചിന്റെ ഭാഗമായി 72 ഓളം ടിവികള്‍ വിതരണം ചെയ്തതും കൂടാതെ, യു കെയിലെ മലയാളികളുടെ വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ സമീക്ഷ എങ്ങനെ ഇടപെട്ടു എന്ന് അദ്ദേഹം വിശദീകരിച്ചു. യു കെ യിലെ സാംസ്‌കാരിക കലാ രംഗങ്ങളില്‍ സമീക്ഷ സര്‍ഗവേദി നടത്തുന്ന ഇടപെടലുകള്‍ അദ്ദേഹം ഊന്നി പറഞ്ഞു. മലയാളം മിഷന്റെ യു കെയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സമീക്ഷ മുന്നിട്ടിറങ്ങുന്നതിന്റെ ഭാഗമായി വിവിധ സമീക്ഷ ബ്രാഞ്ചുകളുടെ നേതൃത്വത്തില്‍ പഠന വേദികള്‍ സംഘടിപ്പിക്കാന്‍ സമീക്ഷ പ്രതിജ്ഞാ ബദ്ധമാണ് എന്ന് ദിനേശ് വെള്ളാപ്പള്ളി പ്രഖ്യാപിച്ചു. എക്‌സിറ്ററിലെ ഓണ്‍ലൈന്‍ പഠന വേദിക്ക് നേതൃത്വം നല്‍കുന്ന സമീക്ഷ എക്‌സിറ്റര്‍ ബ്രാഞ്ചിന്റെ പ്രസിഡന്റ് രാജിഷാജിയെ ദിനേശ് വെള്ളാപ്പള്ളി അനുമോദിച്ചു. തുടര്‍ന്ന് മലയാളം മിഷന്‍ യു കെ ചാപ്റ്റര്‍ സെക്രട്ടറി ശ്രീ ഏബ്രഹാം കുര്യന്‍ കുട്ടികള്‍ക്ക് കുരങ്ങനെയും പൂച്ചയേയും രണ്ടു ചെറിയ കുഞ്ഞുണ്ണി കവിതകളിലൂടെ പരിചയപ്പെടുത്തി.

'കൊരങ്ങനും കൊരങ്ങനും കടി കൂടി

അതിലൊരു കൊരങ്ങന്റെ തല പോയി

എടുകെടാ കൊരങ്ങാ പുളിവാറ്

കൊടുക്കെടാ കുരങ്ങാ പതിനാറ് '

എന്ന കവിതയും പിന്നെ കുഞ്ഞുണ്ണി മാഷിന്റെ ഒരു പൂച്ച കവിതയും ഏബ്രഹാമും കുട്ടികളും ചേര്‍ന്ന് പാടി പ്രവേശനോത്സവം ജീവസ്സുള്ളതാക്കി. തുടര്‍ന്ന് ഏബ്രഹാം കുര്യന്‍ വിവിധ ഭാഷകള്‍ പഠിക്കുന്നതു കൊണ്ടുള്ള പ്രയാജനത്തെ പറ്റിയും ഭാഷയും സംസ്‌കാരവുമായുള്ള ബന്ധത്തെ പറ്റിയും കുട്ടികളുടെ മലയാള പഠനത്തെ എങ്ങനെ മാതാ പിതാക്കള്‍ക്ക് സഹായിക്കാം എന്നും മാതാപിതാക്കളുമായി സംവദിച്ചു. തുടര്‍ന്ന് കുട്ടി കളും അവരുടെ ടീച്ചറായ ശ്രീമതി ദിവ്യ പ്രിയനുമായി പരിചയപ്പെട്ടു. നിറഞ്ഞ ചിരിയുമായി കുട്ടികള്‍ക്ക് ടീച്ചര്‍ തന്നേ തന്നെ പരിചയപ്പെടുത്തുകയും കുട്ടികളെ പരിചയപ്പെടുകയും ചെയ്തു. നമുക്ക് ഇനി മുതല്‍ ആടിയും പാടിയും പഠിക്കാം എന്ന ദിവ്യ ടീച്ചറിന്റെ വാക്കുകള്‍ക്ക് ഒരേ ശബ്ദത്തില്‍ സന്തോഷത്തോടെ ആം എന്ന മൂളലിലൂടെ കുട്ടികള്‍ മറുപടി പറഞ്ഞു. ജൂനിയര്‍ വിഭാഗത്തില്‍ പതിനാറും സീനിയര്‍ വിഭാഗത്തില്‍ 14 ഉം ആയി 30 കുട്ടികള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുത്തു. കുട്ടികളെ എത്രയും പെട്ടന്ന് മലയാളം മിഷനില്‍ റെജിസ്റ്റര്‍ ചെയ്യണമെന്ന സെക്രട്ടറി ഏബ്രഹാം കുര്യന്‍ അഭ്യര്‍ത്ഥിച്ചു. നന്ദി പ്രകാശനത്തോടെ യോഗവും പ്രവേശനോത്സവവും അവസാനിച്ചു.

വാര്‍ത്ത. രാജി ഷാജി.

 

 

 

 
കൂടുതല്‍വാര്‍ത്തകള്‍.