CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 17 Minutes 24 Seconds Ago
Breaking Now

ബെയ്‌റൂട്ടിലെ സ്‌ഫോടനത്തില്‍ മരിച്ചത് 100-ലേറെ പേര്‍; 4000 പേര്‍ക്ക് പരുക്ക്; വെയര്‍ഹൗസില്‍ തീപിടുത്തത്തിന് ഇടയാക്കിയത് വെല്‍ഡര്‍; പിടിച്ചെടുത്ത് സൂക്ഷിച്ച 2700 സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചപ്പോള്‍ ഉണ്ടായത് ഒരു 'മിനി' ഹിരോഷിമ!

രണ്ടാം ലോക മഹായുദ്ധത്തില്‍ ഹിരോഷിമയില്‍ വര്‍ഷിച്ച ലിറ്റില്‍ ബോയ് ആണവ ബോംബിന്റെ 20% വരുമെന്നാണ് കണക്ക്.

കഴിഞ്ഞ രാത്രിയില്‍ ലെബനണ്‍ തലസ്ഥാനമായ ബെയ്‌റൂട്ടിലെ പോര്‍ട്ടിലുണ്ടായ കനത്ത സ്‌ഫോടനത്തില്‍ ചുരുങ്ങിയത് 100 പേര്‍ കൊല്ലപ്പെടുകയും, ആയിരക്കണക്കിന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ലെബനീസ് തലസ്ഥാനത്തിന്റെ ഒരു ഭാഗം ശവപ്പറമ്പ് ആക്കിമാറ്റിക്കൊണ്ടാണ് ഒരു ചെറിയ ആണവ ബോംബ് പൊട്ടിത്തെറിച്ച അവസ്ഥ രൂപപ്പെട്ടത്. പോര്‍ട്ടില്‍ സൂക്ഷിച്ചിരുന്ന 2750 ടണ്‍ വരുന്ന സ്‌ഫോടക ശേഷിയുള്ള അമോണിയം നൈട്രേറ്റാണ് കനത്ത സ്‌ഫോടനത്തിന് വഴിവെച്ചത്. ആറ് വര്‍ഷത്തോളമായി പോര്‍ട്ടിലെ വെയര്‍ഹൗസില്‍ സൂക്ഷിച്ചിരുന്ന ഫെര്‍ട്ടിലൈസര്‍ ബോംബുകളിലെ പ്രധാന പദാര്‍ത്ഥമാണ് തീപിടുത്തത്തിന് ഒടുവില്‍ സ്‌ഫോടനത്തിലേക്ക് നയിച്ചത്. 

ഹിരോഷിമയില്‍ ആണവ ബോംബ് പതിച്ചതിന് സമാനമായ ദൃശ്യങ്ങളാണ് ബെയ്‌റൂട്ടില്‍ നിന്നും പുറത്തുവരുന്നത്. ആദ്യം തീപിടുത്തത്തിന്റെ ചെറിയ പുക ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുകയും, അപ്രതീക്ഷിതമായി പൊട്ടിത്തെറി ഉണ്ടാകുകയും, സമീപത്തുള്ള കെട്ടിടങ്ങള്‍ തകര്‍ത്ത് അത് മുന്നേറുന്നതുമായ ദൃശ്യങ്ങള്‍ ആരെയും ഭയപ്പെടുത്തുന്നതാണ്. ഇതിന് ശേഷം ആകാശത്ത് കൂണ്‍ രൂപത്തില്‍ പുക ഉയര്‍ന്നു. സ്‌ഫോടനത്തില്‍ 4000-ല്‍ ഏറെ പേര്‍ക്ക് പരുക്കേറ്റതായാണ് കരുതുന്നത്. 125 മൈല്‍ അകലെയുള്ള സൈപ്രസില്‍ വരെ സ്‌ഫോടനശബ്ദം കേട്ടിരുന്നു. 

സംഭവത്തെത്തുടര്‍ന്ന് രാജ്യത്ത് രണ്ടാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഉത്തരവാദികള്‍ ആയവര്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്ന് പ്രധാനമന്ത്രി ഹസന്‍ ദിയാബ് പറഞ്ഞു. യുഎസ്, യുകെ, ഫ്രാന്‍സ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവര്‍ക്ക് പുറമെ ഏറ്റവും വലിയ എതിരാളികളായ ഇസ്രയേല്‍ പോലും രാജ്യത്തിനുള്ള സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. 3 കിലോടണ്‍ ടിഎന്‍ടിക്ക് സമാനമായ സ്‌ഫോടനമാണ് അപകടകരമായ കെമിക്കലുകള്‍ മൂലം സംഭവിച്ചതെന്ന് ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ ഹിരോഷിമയില്‍ വര്‍ഷിച്ച ലിറ്റില്‍ ബോയ് ആണവ ബോംബിന്റെ 20% വരുമെന്നാണ് കണക്ക്. 

ഒരു കപ്പലില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിടിച്ചെടുത്തവയാണ് ഈ കെമിക്കലുകള്‍. ഇവ പോര്‍ട്ടില്‍ സൂക്ഷിച്ച് വരികയായിരുന്നുവെന്ന് ജനറല്‍ സെക്യൂരിറ്റി ചീഫ് അബ്ബാസ് ഇബ്രാഹിം വ്യക്തമാക്കി. സ്‌ഫോടനത്തില്‍ കനത്ത ആള്‍നാശവും, ഇന്‍ഫ്രാസ്ട്രക്ചര്‍ നാശവുമാണ് സംഭവിച്ചിരിക്കുന്നത്. പോര്‍ട്ടിന് പുറമെ, എയര്‍പോര്‍ട്ട്, ഹോസ്പിറ്റലുകള്‍ എന്നിവയും പൊട്ടിത്തെറിയുടെ ആഘാതം ഏറ്റുവാങ്ങി. കെട്ടിടങ്ങളില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി ലെബനണ്‍ റെഡ് ക്രോസ് വ്യക്തമാക്കി. പോര്‍ട്ടില്‍ നിന്ന് ആറ് മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ടിനും കേടുപാട് സംഭവിച്ചു. ഇതുപോലൊരു സ്‌ഫോടനം ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് ബെയ്‌റൂട്ട് ഗവര്‍ണര്‍ പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.