Breaking Now

വാദ്യഘോഷങ്ങളുടെ അനുപമ സംഗീതവുമായി 'Let's Break It Together' ല്‍ നാളെ എത്തുന്നത് മാഞ്ചസ്റ്ററില്‍ നിന്ന് അമൃത വര്‍ഷിണി കുംബ്‌ളയും നവ്യ മുകേഷും

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 യു കെയിലും ലോകമെമ്പാടും സംഹാര താണ്ഡവമാടിയപ്പോള്‍ വിറങ്ങലിച്ചു നിന്ന യു കെ മലയാളി സമൂഹത്തിനും മറ്റുള്ളവര്‍ക്കും സമാശ്വാസമായും, കോവിഡിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിച്ച് കൊണ്ടും ആരംഭിച്ച ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ല്‍   ആഗസ്റ്റ് 8 ശനി 5 PM ന് (ഇന്‍ഡ്യന്‍ സമയം രാത്രി 9.30) ആസ്വാദകര്‍ക്ക് മുന്നിലെത്തുന്നത് സംഗീത ലോകത്ത് പറന്നുയരാന്‍ വെമ്പി നില്‍ക്കുന്ന മാഞ്ചസ്റ്ററില്‍ നിന്നുള്ള രണ്ട് ചിത്രശലഭങ്ങള്‍, അതിപ്രശസ്തരായ പിതാക്കന്‍മാരുടെ പാത പിന്തുടര്‍ന്ന് പ്രശസ്തിയിലേക്ക് കുതിക്കുന്ന അമൃത വര്‍ഷിണി കുംബ്‌ളയും, നവ്യ മുകേഷുമാണ്.

തന്റെ മാന്ത്രിക വിരലുകളാല്‍ പിയാനോയില്‍ സ്വര്‍ഗ്ഗീയ സംഗീതം പൊഴിക്കുന്ന അമൃത വര്‍ഷിണി ലോക പ്രശസ്തമായ മാഞ്ചസ്റ്റര്‍ ചേതംസ് സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ ഇയര്‍ 9 വിദ്യാര്‍ത്ഥിനിയാണ്. പ്രസ്തുത കലാലയത്തിലെ ഒരേയൊരു മലയാളി വിദ്യാര്‍ത്ഥി കൂടിയാണ് അമ്യത വര്‍ഷിണി. നന്നേ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ പിയാനോ പഠനം ആരംഭിച്ച അമൃത വര്‍ഷിണി ലണ്ടന്‍ ട്രിനിറ്റി കോളേജ് ഓഫ് മ്യൂസിക്കില്‍ നിന്നും പിയാനോയില്‍ ഗ്രേഡ് 8 കരസ്ഥമാക്കി കഴിഞ്ഞു. 

പ്രേക്ഷക മനസ്സുകള്‍ കീഴടക്കിയ രാഗവസന്തത്തില്‍ മധുര സംഗീതം പൊഴിക്കാനെത്തുന്ന ഈ 14 വയസുകാരിയുടെ കുടുംബം ബെല്‍ഫാസ്റ്റില്‍ നിന്നും മാഞ്ചസ്റ്ററിലേക്ക് താമസം മാറിയത് തന്നെ ചേതംസ് സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ പഠിക്കാനുള്ള സ്വകര്യത്തിന് വേണ്ടിയാണ്. 

2015 ല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ട് യങ് മ്യുസിഷ്യന്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ഫൈനല്‍ റൌണ്ടിലെത്തിയ അമൃത വര്‍ഷിണി, 2018 ല്‍ ഹീറ്റണ്‍ മേര്‍സി മ്യൂസിക് ഫെസ്റ്റിവല്‍ പിയാനോഫോര്‍ട്ട് ചാംപ്യന്‍ഷിപ്പ് ഫൈനലിസ്റ്റുമായിരുന്നു. കൊണ്‍സേര്‍ട്ടുകളടക്കം  നിരവധി വേദികളില്‍ തന്റെ സംഗീത പാടവം പ്രകടിപ്പിച്ചിട്ടുണ്ട് ഈ അനുഗ്രഹീത കലാകാരി. 

ഒരു ഫുള്‍ടൈം കൊണ്‍സേര്‍ട്ട് പിയാനിസ്റ്റ് ആകണമെന്നുള്ള ആഗ്രഹത്തില്‍ സംഗീത പഠനം തുടരുന്ന അമൃത വര്‍ഷിണി ഗണേഷ് കുംബ്‌ള  മോഹിനി കുംബ്‌ള ദമ്പതികളുടെ മകളാണ്. സംഗീത പ്രേമികളുടെ ഹൃദയ നോവായി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ ബാലഭാസ്‌കര്‍, പ്രശസ്ത സംഗീത സംവിധായകര്‍ രമേഷ് നാരായണ്‍, ജാസ്സി ഗിഫ്റ്റ് തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഗണേഷ് കുംബ്‌ള ദക്ഷിണേന്ത്യന്‍ സംഗീത ലോകത്ത് അറിയപ്പെടുന്ന ഒരു പെര്‍ക്യൂഷണിസ്റ്റും പ്രോഗ്രാമറുമാണ്.

അമൃത വര്‍ഷിണിയോടൊപ്പം ഷോയില്‍ പങ്കെടുക്കുന്ന നവ്യ മുകേഷ്  ഓള്‍ട്രിങ്ങ്ഹാം ഗ്രാമര്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സിലെ ഇയര്‍ 8 വിദ്യാര്‍ത്ഥിനിയാണ്. വയലിന്‍, പിയാനോ, ബാസ്സ് ഗിറ്റാര്‍, യൂക്കലേലെ, മെലോഡിക്ക എന്നീ സംഗീതോപകരണങ്ങളില്‍  കഴിവ് തെളിയിച്ചിട്ടുള്ള ഒരു അനുഗ്രഹീത കലാകാരിയാണ് നവ്യ. സ്‌കൂള്‍ കൊണ്‍സേര്‍ട്ടുകള്‍ ഉള്‍പ്പടെ അനവധി വേദികളില്‍ പ്രോഗ്രാം ചെയ്തിട്ടുള്ള ഈ 13 വയസുകാരി ഇതിനോടകം തന്നെ സംഗീത ലോകത്ത് തന്റെ സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. ഏറെ പ്രശസ്തനായ കീബോര്‍ഡിസ്റ്റ് മുകേഷ് കണ്ണന്റേയും സുധ മുകേഷിന്റേയും മകളാണ് നവ്യ.

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ക്ക് മുമ്പില്‍ സ്‌നേഹസംഗീതത്തിന്റെ ഉറവുകള്‍ തുറക്കാനെത്തുന്ന അമൃത വര്‍ഷിണിയ്ക്കും നവ്യയ്ക്കും പിന്തുണയേകാന്‍  യുക്മ സാംസ്‌കാരിക വേദിയുടെ  'Let's Break It Together' ല്‍ 08/08/2020 ശനി 

5 P M ന് (ഇന്ത്യന്‍ സമയം രാത്രി 9.30) ആരംഭിക്കുന്ന ലൈവ് ഷോയിലേക്ക് സസ്‌നേഹം സ്വാഗതം ചെയ്യുന്നു.

'LET'S BREAK IT TOGETHER' ലൈവ് ഷോയ്ക്ക്  ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകര്‍ നല്‍കി വരുന്ന പിന്തുണയ്ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു.

 

 കോവിഡ്  19 രോഗബാധിതര്‍ക്കു വേണ്ടി സ്വന്തം ജീവന്‍പോലും തൃണവല്‍ഗണിച്ച് കരുതലിന്റെ സ്‌നേഹസ്പര്‍ശമായി, വിശ്രമരഹിതരായി യു കെ യിലെ  എന്‍ എച്ച് എസ്    ഹോസ്പിറ്റലുകളിലും കെയര്‍ഹോമുകളിലും ജോലി ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ലോകത്തിലെ മുഴുവന്‍ ആരോഗ്യ മേഖലകളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഈ ലൈവ് ഷോ യുക്മയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജ് ആയ UUKMA യിലൂടെയാണ്  സംപ്രേക്ഷണം ചെയ്യുന്നത്. 

എട്ടു വയസ്സു മുതല്‍ 21 വയസ്സ് വരെ പ്രായമുള്ള യു കെ യിലെ  വൈവിധ്യമാര്‍ന്ന കലാവാസനയുള്ള പ്രതിഭകളെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശസ്തരായ കുട്ടികളെയും പങ്കെടുപ്പിച്ച് നടത്തുന്ന ഈ കലാവിരുന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൃതജ്ഞതയും അഭിവാദ്യവും അര്‍പ്പിക്കുന്നതിനായാണ് സംഘടിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തമായ സംഗീതോപകരണങ്ങളില്‍ കലാവിരുത് പ്രകടിപ്പിക്കുവാന്‍ കഴിവുള്ള പ്രതിഭകളുടെ കലാപ്രകടനങ്ങളാണ് ഈ ലൈവ് ഷോയുടെ പ്രധാന ആകര്‍ഷണം. 

യുകെയിലെ അറിയപ്പെടുന്ന ഗായകനായ റെക്‌സ് ബാന്‍ഡ്  യു കെ യുടെ റെക്‌സ് ജോസും, ജെ ജെ ഓഡിയോസിന്റെ  ജോജോ തോമസും ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ നല്‍കുന്നതാണ്.

ലോകമെമ്പാടുമുള്ള ആതുരസേവകര്‍ക്ക് ആദരവ് നല്‍കുന്നതിനായി യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രതിഭാ സമ്പന്നരായ കുട്ടികള്‍ അവതരിപ്പിക്കുന്ന 'ലെറ്റ്‌സ് ബ്രേക്ക് ഇറ്റ് ടുഗദര്‍ ' എന്ന ലൈവ് കലാവിരുന്നിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി വിജയിപ്പിക്കണമെന്ന് യുക്മ പ്രസിഡണ്ട് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. 

യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി സി എ ജോസഫ് ദേശീയ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്, വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരാണ് പരിപാടിയുടെ മേല്‍നോട്ടം വഹിക്കുന്നത്.

പ്രോഗ്രാം സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരിയും, പരിപാടിയുടെ പ്രധാന ചുമതല വഹിക്കുന്നയാളുമായ സി എ ജോസഫ് (07846747602) , യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് (07877348602) എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

 

Sajish Tom

കുര്യന്‍ ജോര്‍ജ്ജ് 

(യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍)

 
കൂടുതല്‍വാര്‍ത്തകള്‍.