CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 34 Minutes 34 Seconds Ago
Breaking Now

സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത അനുഭവം; രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാട്ടുകാരെ പ്രശംസിച്ച് മുഖ്യമന്ത്രി ; രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി

വിമാനം അപകടത്തില്‍പെട്ടപ്പോള്‍ ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ ആയത് വലിയൊരു അളവ് വരെ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്.

കരിപ്പൂരിലുണ്ടായ വിമാനാപകടത്തില്‍പെട്ടവരെ രക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ നാട്ടുകാരെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിക്കേറ്റവരെ രക്ഷിക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അധികൃതരോടൊപ്പം കോവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ അനുഭവമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം;

'കരിപ്പൂര്‍ വിമാന താവളത്തില്‍ വിമാനം അപകടത്തില്‍പെട്ടപ്പോള്‍ ദ്രുതഗതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ ആയത് വലിയൊരു അളവ് വരെ ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കുവാന്‍ ഇടയാക്കിയിട്ടുണ്ട്.

പരിക്കേറ്റവരെ രക്ഷിക്കാന്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ അധികൃതരോടൊപ്പം കോവിഡ് ഭീതിയും അപകട സാധ്യതയും അവഗണിച്ചു നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത് സഹജീവി സ്‌നേഹത്തിന്റെ ഉദാത്തമായ അനുഭവമാണ്. രാത്രി ഏറെ വൈകിയും ആശുപത്രികളില്‍ രക്തദാനത്തിനായി എത്തിച്ചേര്‍ന്ന യുവാക്കളുടെ നീണ്ട നിരയും ദുരന്തത്തിനിടയിലും കേരളത്തിന് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നു. രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട ഓരോരുത്തരെയും അഭിവാദ്യം ചെയ്യുന്നു'

കണ്ടയിന്‍മെന്റ് സോണിലുളള പ്രദേശമായിരുന്നു അപകടം നടന്ന വിമാനത്താവളവും കൊണ്ടോട്ടിയെന്ന പ്രദേശവും. എന്നാല്‍ മലപ്പുറത്തെ നാട്ടുകാര്‍ തുടക്കത്തില്‍ തന്നെ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിന് എത്തി. രാത്രിയും മഴയും ഒന്നും വകവയ്ക്കാതെയാണ് വലിയൊരു ശബ്ദം കേട്ടപ്പോള്‍ തന്നെ അപകടം നടന്ന സ്ഥലത്തേക്ക് നാട്ടുകാര്‍ ഓടിയെത്തിയത്. അപകടം നടന്നയുടന്‍ ഓടിയെത്തിയ ഇൌ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കത്തില്‍ നേതൃത്വം നല്‍കിയതും, മുഖ്യമന്ത്രി കുറിപ്പില്‍ പറഞ്ഞു.

അതിനിടെ കരിപ്പൂരില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ഒരു അപകടമുണ്ടാകുമ്പോള്‍ കഴിയുന്നത്ര ജീവന്‍ രക്ഷിക്കുകയാണ് പ്രധാന ലക്ഷ്യം. ഇന്നലെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ ചിലരൊക്കെ പിപിഇ ധരിച്ചായിരുന്നു എത്തിയത്. എന്നാല്‍ എല്ലാവര്‍ക്കും അതൊന്നും സാധിക്കില്ല. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധുപ്പെടണമെന്നും മന്ത്രി പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.