CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 58 Minutes 48 Seconds Ago
Breaking Now

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആദരവ് അര്‍പ്പിച്ച് തുടങ്ങിയ യുക്മ സാംസ്‌കാരിക വേദിയുടെ 'Let's Break It Together' വാദ്യ സംഗീത വിരുന്നിന് മഴവില്‍ വര്‍ണ്ണങ്ങളുടെ നിറച്ചാര്‍ത്തണിഞ്ഞ സ്വപ്ന സമാന സമാപനം;നൂറോളം കൌമാര പ്രതിഭകള്‍ നിറഞ്ഞാടിയ ലൈവ് ഷോയുടെ പിന്നിലെ വിജയ ശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍

യുക്മ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും ആദരവും അര്‍പ്പിക്കുവാന്‍ വേണ്ടി മേയ് 28 വ്യാഴാഴ്ച ആരംഭിച്ച ലൈവ് ടാലന്റ് ഷോ 'LET'S BREAK IT TOGETHER' ആഗസ്റ്റ് 31 തിങ്കളാഴ്ച തിരുവോണ ദിനത്തില്‍ സമാപിച്ചത് യുക്മയെന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയുടെ ചരിത്ര താളുകളിലേയ്ക്ക് ഒരു പൊന്‍കിരീടം കൂടി ചാര്‍ത്തിക്കൊണ്ടാണ്.

ലോകമെങ്ങുമുള്ള ജനങ്ങളെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കോവിഡ് 19, യു കെ ഉള്‍പ്പെടുന്ന രോഗത്തിന്റെ പിടിയിലമര്‍ന്ന രാജ്യങ്ങളിലെല്ലാം ലോക്‌ഡൌണ്‍ പ്രഖ്യാപിച്ചതോടെ ജനങ്ങള്‍ കൂടുതല്‍ ഭീതിയിലാവുകയും സാധാരണ ജീവിതം അസാദ്ധ്യമായി വീടുകളിലേക്ക് ഒതുങ്ങുകയും ചെയ്തു. തികച്ചും അസാധാരണമായ ഈ സാഹചര്യത്തില്‍  ഭീതിയിലാണ്ട മലയാളി സമൂഹത്തിന് ആവശ്യമായ പിന്തുണ ഉറപ്പ് വരുത്തേണ്ടത് തങ്ങളുടെ പ്രാഥമിക ധര്‍മ്മമാണെന്ന് തീരുമാനിച്ച യുക്മ ദേശീയ നേതൃത്വം പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ കൂടി സഹകരണത്തോടെ യുക്മ റീജിയണല്‍ കമ്മിറ്റികളുടേയും നൂറ്റി ഇരുപതോളം  പ്രാദേശിക യുക്മ അംഗ 

അസ്സോസിയഷനുകളുടേയും പിന്‍ബലത്തോടെ വോളണ്ടിയര്‍ ഗ്രൂപ്പുകളും ഹെല്‍പ്പ് ലൈന്‍ ഡെസ്‌ക്കുകളും രൂപീകരിച്ച് രംഗത്ത് വന്നു. തുടര്‍ന്ന് യുക്മ സൌത്ത് വെസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ഡോ.ബിജു പെരിങ്ങാത്തറയുടെ നേതൃത്വത്തില്‍  മുപ്പതിലേറെ വിദഗ്ദ ഡോക്ടര്‍മാരടങ്ങിയ ഡോക്ടേഴ്‌സ് ടീം രൂപീകരിക്കുകയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈന്‍ സംവിധാനം സജ്ജമാക്കുകയും ചെയ്തു. 

രോഗത്തെപ്പറ്റി കാര്യമായ അറിവോ ഫലപ്രദമായ മരുന്നുകളോ കൃത്യമായ പ്രതിരോധ സംവിധാനങ്ങളോ ഒന്നുമില്ലാതെ ആയിരക്കണക്കിന് രോഗികള്‍ ദിവസേന മരിച്ചു കൊണ്ടിരുന്നപ്പോഴും ഭയലേശമെന്യേ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ള മുന്‍നിര പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങിയത് സാധാരണ ജനങ്ങള്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്തി. കോവിഡ് 19 രോഗം ബാധിച്ച് നൂറ് കണക്കിന് ആരോഗ്യ പ്രവര്‍ത്തകര്‍ മരിച്ച് വീണിട്ടും ( ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ജൂലൈ 15 വരെയുള്ള  കണക്കനുസരിച്ച് 540 ആരോഗ്യ പ്രവര്‍ത്തകര്‍ യുകെയിലും 3000 ലധികം പേര്‍ ലോകമാസകലവും മരിച്ചു) കോവിഡ് 19 ന് എതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് മുന്‍നിര പ്രവര്‍ത്തകര്‍ക്കും പിന്തുണ നല്‍കുന്നതിനും ആദരവ് അര്‍പ്പിക്കുന്നതിനുമായി വിത്യസ്തമായ പരിപാടി നടത്താന്‍ യുക്മ ദേശീയ സമിതി തീരുമാനമെടുത്തു. പ്രസ്തുത തീരുമാനപ്രകാരം യുകെയില്‍ ഇന്നേ വരെ നടത്താത്തതും മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റില്‍ പ്രാഗത്ഭ്യം തെളിയിച്ച കുട്ടികളുടെ ഒരു ഇന്‍സ്ട്രമെന്റല്‍ മ്യൂസിക് ലൈവ് ഷോയെന്ന  യുക്മ നേതൃത്വത്തിന്റെ ആശയം യുക്മ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ആരംഭിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.  ഇതിന്റെ ഭാഗമായി സംഘാടക സമിതി വിവിധ പേരുകള്‍ നിര്‍ദ്ദേശിക്കുകയും അവസാനം 'LET'S BREAK IT TOGETHER' എന്ന പേര് കണ്ടെത്തി പരിപാടി സംഘടിപ്പിക്കുകയും, യുക്മയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ലൈവ് ഷോയായി നടത്തുവാന്‍ തീരുമാനിക്കുകയും ചെയ്തു. ലൈവ് ഷോയുടെ സുഗമമായ നടത്തിപ്പിനായി യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, യുക്മ സാംസ്‌കാരിക വേദി രക്ഷാധികാരി C.A. ജോസഫ്, സാംസ്‌കാരിക വേദി നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്ജ് എന്നിവരടങ്ങിയ സംഘാടക സമിതി രൂപീകരിക്കുകയും C.A. ജോസഫിനെ മുഖ്യ സംഘാടകനായി ചുമതലയേല്‍പ്പിക്കുകയും ചെയ്തു. 

സംഘാടക സമിതിയില്‍ വന്ന നിര്‍ദ്ദേശങ്ങളെ തുടര്‍ന്ന് ലൈവ് ഷോയുടെ  സുഗമമായ നടത്തിപ്പിനാവശ്യമായ

ക്രമീകരണങ്ങള്‍ സ്വീകരിച്ച് മേയ് 28 മുതല്‍ സംഗീതോപകരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടുള്ള 'Let's Break It Together' ലൈവ് ഷോ യുക്മ ഫേസ്ബുക്ക് പേജിലൂടെ ആരംഭിച്ചു. ആദ്യ ലൈവ് മുതല്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി സംഗീതാസ്വാദകരുടെ പ്രശംസയും പിന്തുണയും നേടിയെടുത്ത ഷോ സമാപന ദിവസമായ ആഗസ്റ്റ് 31 തിരുവോണദിന സ്‌പെഷ്യല്‍ ലൈവ്

 വരെ ആ പിന്തുണ നിലനിര്‍ത്താനായത് പ്രോഗ്രാം അവതരിപ്പിച്ച കലാകാരന്‍മാരുടെ മികച്ച പ്രകടനങ്ങള്‍ കൊണ്ട് തന്നെയാണ്. ലോക്‌ഡൌണ്‍ സമയത്ത് ലൈവ് ഷോകളുടെ ഒരു വേലിയേറ്റം തന്നെ ഉണ്ടായെങ്കിലും വാദ്യോപകരണങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന ഷോയെന്ന നിലയില്‍ 'Let's Break It Together' പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റി വേറിട്ട് നിന്നു. 

മേയ് 28 മുതല്‍ ആഴ്ചയില്‍ 2 ലൈവുകള്‍ എന്ന്  തീരുമാനിച്ചിരുന്നെങ്കിലും സെപ്റ്റംബറില്‍ സ്‌കൂളുകള്‍ തുറക്കുന്നതിന് മുന്‍പ് ലൈവ് ഷോ അവസാനിപ്പിക്കുവാന്‍ സംഘാടകര്‍ നിര്‍ബ്ബന്ധിതരായതിനെ തുടര്‍ന്ന് അവസാന ആഴ്ചകളിലെ എക്‌സ്ട്രാ ഷോകള്‍ ഉള്‍പ്പടെ 14 ആഴ്ചകളിലായി 31 വേദികളില്‍ 31 ലൈവ് ഷോകള്‍ ഏറ്റവും വിജയകരമായി നടത്തുവാന്‍ കഴിഞ്ഞു. ഒരു കുട്ടി മുതല്‍ 6 കുട്ടികള്‍ വരെ പങ്കെടുത്ത വ്യത്യസ്ത ലൈവുകളിലായി നൂറോളം കലാ മുകുളങ്ങള്‍ സ്‌നേഹ സംഗീതം പൊഴിച്ച കലാദേവതയുടെ അനുഗ്രഹീത  വേദികളില്‍ പതിനഞ്ചോളം വ്യത്യസ്ത വാദ്യോപകരണങ്ങള്‍ സ്വാന്തന സംഗീതം വര്‍ഷിച്ചു. കീബോര്‍ഡ്, പിയാനോ, വയലിന്‍, ഗിറ്റാര്‍, കീറ്റാര്‍, ഫ്‌ളൂട്ട്, ചെല്ലോ, ഡ്രംസ്, മെലോഡിക്ക, റിഥം പാഡ്, മൌത്ത് ഓര്‍ഗന്‍, വീണ, ചെണ്ട, മൃദംഗം, സാക്‌സോഫോണ്‍ എന്നീ വാദ്യോപകരണങ്ങളില്‍ വിവിധ ലൈവ്കളിലായി കുട്ടികള്‍ പ്രേക്ഷക ഹൃദയങ്ങളില്‍ മാരിവില്ലിന്റെ ചാരുത തീര്‍ത്തു. 

സ്‌നേഹം ഉള്ളിലൊളിപ്പിച്ച കര്‍ക്കശക്കാരനായ ഒരു ഹെഡ്മാസ്റ്ററെ പോലെ സംഘാടക സമിതി അംഗങ്ങളോടും പ്രോഗ്രാം ചെയ്യാനൊരുങ്ങുന്ന കുട്ടികളോടും അവരുടെ മാതാപിതാക്കളോടും നിരന്തരം ബന്ധപ്പെടുകയും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്ത് മുഖ്യ സംഘാടകന്റെ റോള്‍ കൃത്യമായും ഭംഗിയായും നിര്‍വ്വഹിച്ച C A ജോസഫ്, യുക്മ ദേശീയ സമിതി  തന്നിലര്‍പ്പിച്ച വിശ്വാസം കാത്ത് സൂക്ഷിച്ചു കൊണ്ട്  'Let's Break It Together' ഷോയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചു. 

'Let's Break It Together' പരിപാടിയുടെ തുടക്കം മുതല്‍ അവസാനം വരെ  നടത്തിയ എല്ലാ പരിപാടികള്‍ക്കും മൂന്ന് ദിവസങ്ങളിലായി വിത്യസ്തമായ രീതിയില്‍ തലക്കെട്ടുകള്‍ ഉള്‍പ്പടെ വാര്‍ത്തകള്‍ തയ്യാറാക്കിയിരുന്നത് യുക്മ സാംസ്‌കാരിക വേദി നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ് ആയിരുന്നു. ഏറ്റവുമധികം സമയം ചിലവഴിച്ച് വിത്യസ്തമായ രീതിയിലും ഭാവത്തിലും പരിപാടി അവതരിപ്പിച്ച  ഓരോരുത്തരെക്കുറിച്ചുള്ള വിവരണം വായനക്കാര്‍ക്ക് മുന്നില്‍ എത്തിച്ചു തന്നിരുന്നത് കുര്യന്‍ ജോര്‍ജ് ആയിരുന്നു.  വളരെ മികച്ച രീതിയില്‍ കുര്യന്‍ ജോര്‍ജ് തന്നെ ഏല്പിച്ച ജോലി അഭിനന്ദനം അര്‍ഹിക്കുന്ന രീതിയില്‍ പൂര്‍ത്തിയാക്കുകയുണ്ടായി.

യുക്മ ദേശീയ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, യുക്മ സാംസ്‌കാരിക വേദി  രക്ഷാധികാരി C.A. ജോസഫ്, നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ കുര്യന്‍ ജോര്‍ജ്ജ് എന്നീ സംഘാടക സമിതി അംഗങ്ങളോടൊപ്പം യുക്മ ദേശീയ ഭാരവാഹികളായ അനീഷ് ജോണ്‍, ലിറ്റി സജീവ്, സാജന്‍ സത്യന്‍, സലീന സജീവ്, ടിറ്റോ തോമസ് എന്നിവരും യുക്മ സാംസ്‌കാരിക വേദി വൈസ് ചെയര്‍മാന്‍ ജോയി ആഗസ്തി, ജനറല്‍ കണ്‍വീനര്‍മാരായ ജയ്‌സണ്‍ ജോര്‍ജ്ജ്, തോമസ് മാറാട്ടുകളം എന്നിവരും യുക്മയുടെ റീജിയണല്‍ ഭാവാഹികള്‍, പോഷക സംഘടനാ ഭാരവാഹികള്‍, അസോസിയേഷന്‍ ഭാരവാഹികള്‍, യുക്മയുടെ പുറത്ത് നിന്നുമുള്ള യുക്മയുടെ അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ തോളോട് തോള്‍ ചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് 'Let's Break It Together' ഷോയുടെ വിജയ രഹസ്യം. ലൈവ് ഷോയുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കിയത് റെക്‌സ് ബാന്‍ഡിലെ റെക്‌സ് ജോസും ജെ.ജെ.ഓഡിയോസിലെ ജോജോ തോമസുമാണ്.

'Let's Break It Together' ഷോയുടെ വിജയ മന്ത്രം അതില്‍ പങ്കെടുത്ത കുട്ടികളുടെ സര്‍ഗ്ഗശേഷി തന്നെയാണ്. സാധാരണ ഗതിയില്‍ വേദിയുടെ മൂലയില്‍ ഒതുക്കപ്പെടുന്ന വാദ്യോപകരണ വിഭാഗത്തെ പ്രധാന ആകര്‍ഷണ കേന്ദ്രമാക്കി മാറ്റിയ ഷോയുടെ വിജയത്തിനായി കഠിനമായി പരിശീലനമെടുത്ത്  പെര്‍ഫോം ചെയ്ത കുട്ടികളും അവരുടെ മാതാപിതാക്കളും അവരെ അതിനായി ഒരുക്കിയ ഗുരുക്കന്‍മാരും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. 

'Let's Break It Together' ഷോയുടെ വിജയത്തിന് കാരണക്കാരായ കൌമാര പ്രതിഭകളേയും അവരെ അതിനായി ഒരുക്കിയ മാതാപിതാക്കളേയും  ഗുരുക്കന്‍മാരേയും സംഘാടക സമിതി പ്രത്യേകം അഭിനന്ദിച്ചു. ഷോയുടെ ആരംഭം മുതല്‍ സമാപന ദിവസം വരെ ലൈവ് കണ്ടും ഷെയര്‍ ചെയ്തും പ്രോത്സാഹനകരമായ കമന്റുകള്‍ അയച്ചും പരിപാടിയോടൊപ്പം ചേര്‍ന്ന് നിന്ന ലോകമെമ്പാടും നിന്നുള്ള സംഗീതാസ്വാദകര്‍ക്ക് യുക്മ, യുക്മ സാംസ്‌കാരിക വേദി നേതൃത്വവും സ്‌നേഹ പൂര്‍വ്വം നന്ദി അറിയിക്കുന്നു.

 

Sajish Tom

 




കൂടുതല്‍വാര്‍ത്തകള്‍.