CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 15 Minutes 43 Seconds Ago
Breaking Now

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി വാക്‌സിന്‍ കുത്തിവെച്ച പ്രായമായവര്‍ക്കും കൊവിഡ്-19 സുരക്ഷ; ആദ്യ ഡോസ് ക്രിസ്മസിന് മുന്‍പ് തന്നെ തയ്യാറാകുമെന്ന് മാറ്റ് ഹാന്‍കോക്

വേനല്‍ക്കാലത്ത് നടത്തിയ രണ്ടാം ട്രയല്‍സിലെ ഡാറ്റയാണ് പ്രായമായവരിലെ ഇമ്മ്യൂണ്‍ റെസ്‌പോണ്‍സ് സംബന്ധിച്ച് വിശദമാക്കുന്നത്

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയുടെ കൊറോണാവൈറസ് വാക്‌സിന്‍ പ്രായമായവരില്‍ കൃത്യതയുള്ള പ്രതിരോധ പ്രതികരണം സൃഷ്ടിക്കുന്നതായി സ്ഥിരീകരിച്ച് പഠനം. കൊവിഡ്-19 മൂലം ഏറ്റവും ഗുരുതര രോഗവും, മരണത്തിനും സാധ്യതയുള്ള വിഭാഗത്തിന് പരീക്ഷണ കുത്തിവെയ്പ്പ് നല്‍കി സുരക്ഷിതരാക്കാമെന്നാണ് പഠനം വ്യക്തമാക്കുന്നത്. ആസ്ട്രാസെനെക നിര്‍മ്മിക്കുന്ന വാക്‌സിന്‍ ആന്റിബോഡികളും, ടി സെല്ലുകളും പുറത്തുവിടുന്നതിനാല്‍ 55 വയസ്സിന് മുകളിലുള്ളവരുടെ വൈറസ് പോരാട്ടത്തിന് സഹായകരമാകുമെന്നാണ് വ്യക്തമാകുന്നത്. 

വാക്‌സിന്‍ കൊവിഡ്-19 ഇന്‍ഫെക്ഷനെ തടയുമെന്ന് പഠനം വ്യക്തമാക്കുന്നില്ലെങ്കിലും ഇതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായാണ് ഉറപ്പാക്കുന്നത്. ചെറുപ്പക്കാരില്‍ പ്രതിരോധ ശേഷി ഉയര്‍ത്താന്‍ വാക്‌സിന്‍ കൊണ്ട് സാധിക്കുമെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ ഇപ്പോള്‍ ഫേസ് 3 ട്രയല്‍സിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ഈ ട്രയല്‍സ് നടത്തിവരുന്നത്. 

ഈ വര്‍ഷം അവസാനം തന്നെ വാക്‌സിന്‍ രംഗത്തിറക്കാന്‍ കഴിയുമെന്ന് ഗവേഷകരും കരുതുന്നു. 2021 സ്പ്രിംഗ് സീസണില്‍ വാക്‌സിന്‍ വന്‍തോതില്‍ രംഗത്തിറക്കാമെന്നാണ് പ്രതീക്ഷ. അതേസമയം നാട്ടിലെ ഏറ്റവും കൂടുതല്‍ അപകടം നേരിടുന്ന വിഭാഗങ്ങള്‍ക്ക് ക്രിസ്മസിന് മുന്‍പ് വാക്‌സിന്‍ ലഭ്യമാക്കുന്ന വിഷയം തള്ളിക്കളയാന്‍ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് തയ്യാറായില്ല. എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ആഴ്ചകള്‍ക്കുള്ളില്‍ ഡോസുകള്‍ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

വേനല്‍ക്കാലത്ത് നടത്തിയ രണ്ടാം ട്രയല്‍സിലെ ഡാറ്റയാണ് പ്രായമായവരിലെ ഇമ്മ്യൂണ്‍ റെസ്‌പോണ്‍സ് സംബന്ധിച്ച് വിശദമാക്കുന്നത്. 2021 ആദ്യ പാദത്തില്‍ വാക്‌സിന്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് ഹാന്‍കോക് നേരത്തെ പങ്കുവെച്ചത്. വാക്‌സിന് മേല്‍ ജനങ്ങള്‍ അമിതപ്രതീക്ഷ സൃഷ്ടിക്കുന്നത് ഒഴിവാക്കാനാണ് സ്ഥിരീകരണം ഒഴിവാക്കുന്നതിന് പിന്നിലെന്നാണ് കരുതുന്നത്. 




കൂടുതല്‍വാര്‍ത്തകള്‍.