Breaking Now

കൊറോണയില്‍ യൂറോപ്പിന് വീണ്ടും പൂട്ടുവീഴുന്നു; രണ്ടാം ദേശീയ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഫ്രാന്‍സ്; ഒന്നും ചെയ്തില്ലെങ്കില്‍ 4 ലക്ഷം പേര്‍ കൊല്ലപ്പെടുമെന്ന് മാക്രോണ്‍; പാത പിന്തുടര്‍ന്ന് ജര്‍മ്മനി; സ്‌പെയിനിലും, ഇറ്റലിയിലും ലോക്ക്ഡൗണ്‍ വിരുദ്ധ പ്രതിഷേധം ശക്തം

സ്‌പെയിനിലും, ഇറ്റലിയിലും ലോക്ക്ഡൗണ്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു

ശൈത്യകാലം എത്തുന്നതിനിടെ കൊറോണാവൈറസ് വീണ്ടും യൂറോപ്പില്‍ പിടിമുറുക്കുന്നു. ആദ്യ ലോക്ക്ഡൗണിന് ശേഷം പൊടുന്നനെ അനുവദിച്ച സ്വാതന്ത്ര്യം ജനങ്ങള്‍ മുതലാക്കുകയും, തണുപ്പ് പതിയെ ശക്തിയാര്‍ജ്ജിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്. ഇതില്‍ ആദ്യ നടപടി ഫ്രാന്‍സാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

രണ്ടാം ദേശീയ ലോക്ക്ഡൗണ്‍ തന്നെ നടപ്പാക്കുന്നതായാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിയിരിക്കുന്നത്. രണ്ടാംഘട്ട വ്യാപനം നിയന്ത്രിക്കാന്‍ ഒന്നും ചെയ്യാതെ നോക്കിയിരുന്നാല്‍ 4 ലക്ഷം പേരെങ്കിലും കൊവിഡ് ബാധിച്ച് മരിക്കുമെന്നാണ് പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കുന്നത്. ആദ്യ ഘട്ടത്തേക്കാള്‍ ശക്തമാണ് രണ്ടാം ഘട്ടമെന്നും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. 

വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരുന്ന ലോക്ക്ഡൗണ്‍ ഡിസംബര്‍ 1 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ആദ്യ ലോക്ക്ഡൗണിലും ഫ്‌ളെക്‌സിബിളാണ് വിലക്കുകളെന്നാണ് കരുതുന്നത്. പബ്ലിക് സര്‍വ്വീസുകളും, സ്‌കൂളുകളും, അവശ്യ തൊഴിലിടങ്ങളും തുറന്ന് പ്രവര്‍ത്തിക്കും. എന്നാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ അതിനുള്ള കാരണം വ്യക്തമാക്കുന്ന രേഖകള്‍ കൈവശം സൂക്ഷിക്കണം. ഇത് പോലീസ് പരിശോധനയ്ക്ക് വിധേയമാക്കും. ബാറും  റെസ്‌റ്റൊറന്റും അടച്ചിടും. അവശ്യ വസ്തുക്കള്‍ വാങ്ങാനും, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും, ദിവസേന ഒരു മണിക്കൂര്‍ വ്യായാമത്തിനും പുറത്തിറങ്ങാന്‍ അനുമതിയുണ്ട്. പുതിയ വിലക്കുകള്‍ ഹൃദയഭേദകമാണെങ്കിലും പൗരന്‍മാര്‍ മരിച്ച് വീഴുന്നത് കണ്ടുനില്‍ക്കാന്‍ കഴിയില്ലെന്ന് മാക്രോണ്‍ ഓര്‍മ്മിപ്പിച്ചു. 

ജര്‍മ്മനിയില്‍ ആഞ്ചല മെര്‍ക്കലും രാജ്യത്ത് 'ലോക്ക്ഡൗണ്‍ ലൈറ്റ്' തിരിച്ചെത്തിച്ചു. ബാറും, റെസ്‌റ്റൊറന്റും ഉള്‍പ്പെടെയുള്ളവ തിങ്കളാഴ്ച മുതല്‍ അടച്ചിടും. വിനോദ സൗകര്യങ്ങള്‍ നടപ്പാക്കുന്ന എല്ലാ സേവനങ്ങളും നവംബര്‍ മുഴുവന്‍ അടച്ചിടും. അതേസമയം സ്‌കൂളും, ഷോപ്പും പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ടേക്ക്എവെ സര്‍വ്വീസും തടസ്സമില്ലാതെ തുടരും. റീജ്യണല്‍ ഗവര്‍ണര്‍മാരുമായുള്ള ചര്‍ച്ചയില്‍ അന്തിമതീരുമാനം കൈക്കൊണ്ട ശേഷമാണ് ദേശീയ ആരോഗ്യ അടിയന്തരാവസ്ഥ ഒഴിവാക്കാന്‍ നടപടി പ്രഖ്യാപിച്ച് മെര്‍ക്കല്‍ രംഗത്ത് വന്നത്. 

അതേസമയം ലോക്ക്ഡൗണ്‍ തിരികെ എത്തുന്നതിനൊപ്പം പ്രതിഷേധങ്ങളും മറുഭാഗത്ത് കടുക്കുന്നുണ്ട്. സ്‌പെയിനിലും, ഇറ്റലിയിലും ലോക്ക്ഡൗണ്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. യൂറോപ്യന്‍ വിപണികളും തിരിച്ചടി ഏറ്റുവാങ്ങിയിട്ടുണ്ട്. ക്രിസ്മസിന് മുന്‍പ് കാര്യങ്ങള്‍ പിടിച്ചുനിര്‍ത്താനാണ് അധികൃതരുടെ ശ്രമം. 
കൂടുതല്‍വാര്‍ത്തകള്‍.