CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 48 Minutes 57 Seconds Ago
Breaking Now

മാതാപിതാക്കള്‍ക്കായി ക്ഷേത്രം നിര്‍മ്മിച്ച് മക്കള്‍ !

കലബുറഗി ജില്ലയിലെ അലാന്ദ് താലൂക്കിലെ നിറഗുഡി ഗ്രാമത്തിലാണ് സംഭവം. ക്ഷേത്രത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടന്നു.

മൂന്ന് ആണ്‍ മക്കള്‍ മരിച്ചുപോയ തങ്ങളുടെ രക്ഷിതാക്കളെ ദൈവമായി കണ്ട് ആരാധിക്കുകയാണ്. അന്തരിച്ച അച്ഛനും അമ്മയ്ക്കുമായി മൂന്ന് മക്കളും ചേര്‍ന്ന് ക്ഷേത്രം നിര്‍മിച്ചിരിക്കുകയാണ്. അച്ഛന്റെയും അമ്മയുടെയും വിഗ്രഹത്തില്‍  മുടങ്ങാതെ പൂജയും നടത്തുന്നു. കലബുറഗി ജില്ലയിലെ അലാന്ദ് താലൂക്കിലെ നിറഗുഡി ഗ്രാമത്തിലാണ് സംഭവം. ക്ഷേത്രത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടന്നു.

കര്‍ഷകനായിരുന്ന വിശ്വനാഥ് പാത്രെ മൂന്ന് വര്‍ഷം മുന്‍പും ഭാര്യ ലക്ഷ്മിബായി പത്രെ ആറു മാസം മുന്‍പുമാണ് മരിച്ചത്. ഇതോടെ ജീവിതത്തില്‍ വലിയ ശൂന്യത അനുഭവപ്പെട്ട മക്കള്‍ ചേര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുത്തത്. മക്കളായ ഗ്രാമപഞ്ചായത്ത് അംഗം ജഗന്നാഥ് (45), പഞ്ചായത്ത് ഡെവലപ്‌മെന്റ് ഓഫീസര്‍ ദശരഥ് (42), ഫസ്റ്റ് ഡിവിഷന്‍ അസിസ്റ്റന്റ് ധനഞ്ജയ് (38) എന്നിവര്‍ ചേര്‍ന്നാണ് ക്ഷേത്രം നിര്‍മിച്ചതും മാതാപിതാക്കളുടെ വിഗ്രഹം സ്ഥാപിച്ചതും.

''അവര്‍ പോയതിന് ശേഷം വലിയ നഷ്ടമാണ് അനുഭവപ്പെട്ടത്. പാവപ്പെട്ട കുടുംബത്തില്‍പ്പെട്ട അച്ഛനും അമ്മയും ഞങ്ങളുടെ ജീവിതം കെട്ടിപ്പടുക്കുന്നതിനായി വളരെയേറെ കഷ്ടപ്പെട്ടു. ഞങ്ങള്‍ക്ക് വേണ്ടി അവര്‍ എല്ലാ സുഖങ്ങളും ത്യജിച്ചു. അവരോടുള്ള ആദര സൂചകമായാണ് ഞങ്ങളെല്ലാവരും ചേര്‍ന്ന് ഇത്തരമൊരു തീരുമാനമെടുത്തത്'' ദശരഥ് പറഞ്ഞു.

ക്ഷേത്രം നിര്‍മിക്കുന്നതിനായി മൂന്ന് മക്കളും ചേര്‍ന്ന് രണ്ട് ലക്ഷം രൂപയാണ് ചെലവിട്ടത്. ഉദ്ഘാടനത്തിന് ഗ്രാമവാസികള്‍ ഒന്നടങ്കം എത്തുകയും മക്കളുടെ നടപടിയെ പ്രകീര്‍ത്തിക്കുകയും ചെയ്തു.

മക്കളില്‍ മൂത്തവനായ ജഗന്നാഥ് മാതാപിതാക്കളെ പരിചരിക്കുന്നതിനായി ഗ്രാമത്തില്‍ തന്നെയായിരുന്നു. പത്താം ക്ലാസ് വരെ മാത്രമേ ജഗന്നാഥ് പഠിച്ചിട്ടുള്ളൂ. ഇളയ സഹോദരന്മാരെ നന്നായി പഠിപ്പിക്കുകയും ഇരുവരും സര്‍ക്കാര്‍ ജോലി സ്വന്തമാക്കുകയും ചെയ്തു. മൂന്നുപേരും വിവാഹിതരാണ്. മക്കളുമുണ്ട്.

 

 




കൂടുതല്‍വാര്‍ത്തകള്‍.