CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 45 Minutes 2 Seconds Ago
Breaking Now

വിസ്മയയുടെ മരണം ആത്മഹത്യയോ കൊലപാതകമോ ? പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് ലഭിക്കും ; ഐജി ഇന്ന് കൊല്ലത്തെത്തും

വാട്‌സാപ് ചാറ്റുകളും മര്‍ദനമേറ്റ ചിത്രങ്ങളും സഹിതം പൊലീസിന് കൈമാറിയെന്ന് സഹോദരന്‍ വിജിത് പറഞ്ഞു.

വിസ്മയയുടെ മരണത്തില്‍ കേസന്വേഷത്തിന്റെ മേല്‍നോട്ട ചുമതലയുള്ള ദക്ഷിണ മേഖല ഐ ജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്തെത്തും. വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിയ ശേഷം ശൂരനാട് പൊലീസിന്റെ അന്വേഷണനടപടികള്‍ ഐജി വിലയിരുത്തും. ആത്മഹത്യയാണോ കൊലപാതകമാണോ എന്നതില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണായകമാകും.

കേസില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വിസ്മയയുടെ മാതാപിതാക്കളില്‍നിന്ന് ഇന്നലെ മൊഴിയെടുത്തു. അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നാണ് വിസ്മയയുടെ കുടുംബം പറയുന്നത്. വാട്‌സാപ് ചാറ്റുകളും മര്‍ദനമേറ്റ ചിത്രങ്ങളും സഹിതം പൊലീസിന് കൈമാറിയെന്ന് സഹോദരന്‍ വിജിത് പറഞ്ഞു. കേസില്‍ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ശാസ്താംകോട്ട കോടതി റിമാന്‍ഡ് ചെയ്ത കിരണിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.

വിസ്മയയുടെ മരണം ആത്മഹത്യയല്ലെന്നും കൊലപാതകമെന്നും ആവര്‍ത്തിച്ചു പറഞ്ഞ് കുടുംബം.തൂങ്ങിമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ബന്ധുക്കള്‍ അത് അംഗീകരിക്കുന്നില്ല. വിസ്മയ ഭര്‍ത്താവിന്റെ കണ്ണുവെട്ടിച്ച് വീട്ടിലേക്ക് വരാനുള്ള ശ്രമത്തിലായിരുന്നെന്ന് ഒരു സുഹൃത്തിനോട് പറഞ്ഞിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്നും വിസ്മയ പറഞ്ഞെന്നും ഈ സുഹൃത്ത് ബന്ധുക്കളെ അറിയിച്ചു. വീട്ടിലേക്ക് രക്ഷപ്പെടാന്‍ അവസരം കാത്തിരുന്ന മകള്‍ ആത്മഹത്യ ചെയ്‌തെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാനാകില്ലെന്ന് പിതാവ് ത്രിവിക്രമന്‍ നായര്‍ പറയുന്നു. തൂങ്ങിമരണത്തിന്റെ ലക്ഷണങ്ങള്‍ ശരീരത്തിലില്ല. കഴുത്തിലെ പാട് കണ്ടാല്‍ തൂങ്ങി മരിച്ചതാണെന്ന് തോന്നില്ല.

വിസ്മയയുടെ മൊബൈല്‍ ഫോണ്‍ പൊട്ടിച്ചത് തെളിവ് നശിപ്പിക്കാനാണെന്നും അവര്‍ ആരോപിക്കുന്നു. 

2020 മെയ് 31 നായിരുന്നു വിസ്മയയും കിരണ്‍കുമാറും തമ്മിലുള്ള വിവാഹം. 100 പവന്‍ സ്വര്‍ണവും ഒരു ഏക്കര്‍ 20 സെന്റ് സ്ഥലവും പത്ത് ലക്ഷം രൂപ വിലയുള്ള കാറുമാണ് സ്ത്രീധനമായി നല്‍കിയത്. എന്നാല്‍ കാര്‍ വിറ്റ് പണം നല്‍കാന്‍ വീട്ടുകാരോട് ആവശ്യപ്പെടാന്‍ വിസ്മയയെ ഇയാള്‍ നിരന്തരം പ്രേരിപ്പിച്ചിരുന്നു. ഇതിനു തയാറാകാതെ വന്നതോടെയാണ് മകളെ ഇയാള്‍ നിരന്തരം മര്‍ദ്ദിച്ചതെന്നാണ് വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍ ആരോപിക്കുന്നത്.

 

 

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.