മെയ്ഡ്‌സ്റ്റോണ്‍: കാത്തിരിപ്പിന്റെ നീണ്ട പതിനെട്ടു മാസങ്ങള്‍ക്കുശേഷം ഒത്തുചേരലിന്റെ അവിസ്മരണീയ മുഹൂര്‍ത്തമൊരുക്കി മെയ്ഡ്‌സ്റ്റോണ്‍ മലയാളി അസോസിയേഷന്‍. കോവിഡ് അകറ്റി നിര്‍ത്തിയ ആഘോഷങ്ങള്‍ തിരികെയെത്തിയപ്പോള്‍ ആഹ്ലാദാരവങ്ങള്‍ കൊടുമുടിയേറിയ അസുലഭ ദിനമായി എംഎംഎയുടെ 'പൊന്നോണം 21'. കാണികള്‍ക്ക് ദൃശ്യ ശ്രാവ്യ വിസ്മയമൊരുക്കി ആറുമണിക്കൂര്‍ ഇടതടവില്ലാതെ അരങ്ങേറിയ അന്‍പതിലധികം വരുന്ന കലാപരിപാടികളില്‍ പങ്കെടുത്തത് എംഎംഎയുടെ 110 കലാകാരന്മാരും കലാകാരികളും.
2021 ആഗസ്റ്റ് 28 ശനിയാഴ്ച രാവിലെ പതിനൊന്നു മണിയ്ക്ക് എയ്ല്‍സ്‌ഫോര്‍ഡ് ഡിറ്റന്‍ കമ്മ്യൂണിറ്റി ഹാളില്‍ ആരംഭിച്ച 'ഫാമിലി ഫോട്ടോഷൂട്ട്', അത്തപ്പൂക്കളം എന്നിവയ്ക്ക് ശേഷം വാഴയിലയില്‍ വിളമ്പിയ വിഭവസമൃദ്ധമായ തിരുവോണ സദ്യയില്‍ മുതിര്‍ന്നവരും കുട്ടികളും അതീവതാല്പര്യത്തോടെ പങ്കു ചേര്‍ന്നു. തുടര്‍ന്ന് താലപ്പൊലിയേന്തിയ ബാലികമാരുടെയും ആര്‍പ്പുവിളിയുമായെത്തിയ യുവാക്കളുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടെ മഹാബലിയെത്തിയപ്പോള്‍ സദസ്സ് കരഘോഷം മുഴക്കി. മഹാബലിയുടെ ഓണസന്ദേശത്തിനു ശേഷം സ്റ്റേജില്‍ 'മലയാളി മങ്ക', 'കേരളം പുരുഷന്‍ മത്സരങ്ങള്‍ അരങ്ങേറി. തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ മുഖ്യാതിഥിയായി എത്തിയ ലണ്ടന്‍ ന്യൂഹാം കൗണ്‍സിലര്‍ സുഗതന്‍ തെക്കേപ്പുര ഓണാഘോഷ പരിപാടികളുടെ ഔദ്യോകിയ ഉദ്ഘാടനം നിലവിളക്കു തെളിച്ചു നിര്‍വഹിച്ചു. ചടങ്ങില്‍ എംഎംഎ യുടെ പ്രസിഡന്റ് രാജി കുര്യന്‍ അധ്യക്ഷത വഹിച്ചു. അബിനെര്‍ നോബിള്‍ ഓണസന്ദേശം നല്‍കി.
വൈകിട്ട് മൂന്നു മണിക്ക് ആരംഭിച്ച കലാപരിപാടികള്‍ ഇടതടവില്ലാതെ ആറു മണിക്കൂര്‍ നീണ്ടു നിന്നു. കുട്ടികളും മുതിര്‍ന്നവരുമടക്കം എംഎയുടെ 110 കലാകാരന്മാരും കലാകാരികളുമാണ് അന്‍പതിലധികം വന്ന സ്റ്റേജ് ഇനങ്ങളില്‍ പങ്കെടുത്തത്. തിരുവാതിര, മോഹിനിയാട്ടം, ക്‌ളാസിക്കല്‍ ഡാന്‍സ്, ഫോക് ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, ഗ്രൂപ്പ് സോങ്, സോളോ, വയലിന്‍, കീബോര്‍ഡ് പെര്‍ഫോമന്‍സ്, ഡബ്‌സ്മാഷ്, സ്‌കിറ്റ് തുടങ്ങിയ പരിപാടികളാണ് ഓണാഘോഷത്തോടനുബന്ധിച്ച് സ്റ്റേജില്‍ അവതരിപ്പിച്ചത്. കലാപരിപാടികളുടെ അവസാനം എംഎംഎ മെന്‍സ് ക്ലബും എംഎംഎ മൈത്രിയും അണിയിച്ചൊരുക്കിയ കപ്പിള്‍ ഡാന്‍സ് ആരവത്തോടെയാണ് സദസ് ഏറ്റെടുത്തത്.
ഓണാഘോഷപരിപാടികള്‍ക്ക് ശോഭയേകുവാന്‍ എത്തിയ മറ്റു കലാകാരന്മാരും കലാകാരികളും 'പൊന്നോണം 21' ന് മാറ്റു കൂട്ടി. അവതാരകയായെത്തിയത് കലാകാരിയും ചാനല്‍ അവതാരകയുമായ ലണ്ടനില്‍ നിന്നുള്ള സീന അജീഷ് ആണ്. ചെണ്ടയില്‍ വിസ്മയം തീര്‍ക്കുന്ന യുകെയില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റ് മധുസൂദന മാരാര്‍, സോഷ്യല്‍ മീഡിയയിലെ നവ തരംഗം ഗായകന്‍ സോണി സേവ്യര്‍, യുകെയിലെ വാനമ്പാടി ടെസ്സ ജോണ്‍ എന്നിവര്‍ ആസ്വാദകര്‍ക്ക് വേറിട്ട അനുഭവമാണ് സമ്മാനിച്ചത്. കളര്‍ മീഡിയ ലണ്ടന്‍, മേഘ വോയ്‌സ് സൗത്താംപ്ടണ്‍ എന്നിവരാണ് ആസ്വാദകര്‍ക്ക് നവ്യാനുഭവമായ വീഡിയോ വാള്‍, ലൈറ്റ് ആന്‍ഡ് സൗണ്ട് എന്നിവ നിയന്ത്രിച്ചത്.
ഓണാഘോഷങ്ങളുടെ ഭാഗമായി എംഎംഎ ഏര്‍പ്പെടുത്തിയ 'എന്‍എച്എസ് സര്‍വീസ് അവാര്‍ഡ്' ന് അര്‍ഹരായ ജോസ് കുര്യന്‍, ബിന്ദു ജോണ്‍സണ്‍, ലിന്‍സി കുര്യന്‍, സെല്‍ബി തോമസ്, ജൂബി കുര്യന്‍, ജിന്‍സി ബിനു എന്നിവര്‍ക്ക് എംഎംഎയ്ക്കു വേണ്ടി ഡോക്ടര്‍ അജീഷ് സുന്ദരേശന്‍ അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. എന്‍എച്എസില്‍ 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ മെയ്ഡ്‌സ്റ്റോണില്‍ നിന്നുള്ള പ്രൊഫഷണല്‍സിനാണ് അവാര്‍ഡുകള്‍ നല്‍കിയത്.
കൂടാതെ ജിസിഎസ്‌സിയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഫിയ ജേക്കബിനും അവാര്‍ഡ് നല്‍കുകയുണ്ടായി. കൂടാതെ ഓണത്തോടനുബന്ധിച്ചു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി നടത്തിയ വിവിധ സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ വിജയികളായവര്‍ക്കും, റാഫിള്‍ ഡ്രോയില്‍ വിജയിച്ചവര്‍ക്കും സമ്മാനങ്ങള്‍ നല്‍കി.
പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ബൈജു ഡാനിയേല്‍, മൈത്രി കോഓര്‍ഡിനേറ്റര്‍ ലിന്‍സി കുര്യന്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍ സ്‌നേഹ ബേബി, കമ്മറ്റി അംഗങ്ങളായ ആന്റണി സേവ്യര്‍, ഷാജി ജെയിംസ് എന്നിവര്‍ ഓണാഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. 'എംഎംഎ പൊന്നോണം 21' വലിയ വിജയമാക്കി തീര്‍ക്കുവാന്‍ സഹകരിച്ച ഓരോ അംഗങ്ങളോടും കലാപരിപാടികള്‍ അവതരിപ്പിച്ചവരോടും ഉള്ള നിസീമമായ നന്ദി കമ്മറ്റിക്കുവേണ്ടി അറിയിക്കുന്നതായി പ്രസിഡന്റ് രാജി കുര്യന്‍ പറഞ്ഞു.
വാര്‍ത്ത നല്‍കിയത്
ആന്റണി സേവ്യര്‍,
പിആര്‍ഒ എംഎംഎ