CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Minutes 52 Seconds Ago
Breaking Now

ബ്രിട്ടനിലേക്ക് തിരിച്ചെത്തി ഭീകരവാദക്കുറ്റത്തിനുള്ള നടപടികള്‍ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് ഷമീമ ബീഗം

ഇതുവരെ ഒരു ഭീകരവാദ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടില്ലെന്നും നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ഷമീമ പറഞ്ഞു.

ബ്രിട്ടനിലേക്ക് തിരിച്ചെത്തി ഭീകരവാദക്കുറ്റത്തിനുള്ള നടപടികള്‍ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് ഐ.എസില്‍ ചേരാനായി സിറിയയിലേക്ക് പോയതിനെ തുടര്‍ന്ന് പൗരത്വം നഷ്ടമായ ഷമീമ ബീഗം. താന്‍ നേരിട്ട് ഇതുവരെ ഒരു ഭീകരവാദ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടില്ലെന്നും നിരപരാധിത്വം കോടതിയില്‍ തെളിയിക്കുമെന്നും ഷമീമ പറഞ്ഞു.

'ഞാന്‍ കോടതിയില്‍ പോയി ഈ വാദങ്ങള്‍ ഉന്നയിച്ച ആളുകളെ അഭിമുഖീകരിക്കാനും അവരുടെ അവകാശവാദങ്ങള്‍ തള്ളിക്കളയാനും തയ്യാറാണ്. കാരണം ഞാന്‍ ഐ.എസിനായി ഒന്നും ചെയ്തിട്ടില്ല, ഒരു മാതാവും ഭാര്യയും മാത്രമാണ് ഞാന്‍,' ഷമീമ പറഞ്ഞു.

ഐ.എസില്‍ ചേര്‍ന്നു എന്ന മൂഢത്തരം മാത്രമാണ് താന്‍ ചെയ്തതെന്നും തീവ്രവാദികളാല്‍ പ്രിയപ്പെട്ടവരെ നഷ്ടമായവരോട് താന്‍ ക്ഷമ ചോദിക്കുന്നുവെന്നും ഷമീമ പറഞ്ഞു.

2019ല്‍ ഷമീമയുടെ ബ്രിട്ടീഷ് പൗരത്വം എടുത്തുകളഞ്ഞിരുന്നു. ഇതിന് പിന്നാലെ ഈ വര്‍ഷം രാജ്യത്തേക്കുള്ള പ്രവേശനവും നിഷേധിച്ചു.

പൗരത്വം നിഷേധിച്ചതിനെതിരെ ഷമീമ നല്‍കിയ ഹരജിയില്‍ ബ്രിട്ടണിലേക്ക് തിരികെ വന്ന് കേസില്‍ വാദം നടത്താമെന്ന് യു.കെ കോര്‍ട്ട് ഓഫ് അപ്പീല്‍ കഴിഞ്ഞ വര്‍ഷം വിധിച്ചിരുന്നു. എന്നാല്‍ ഈ വിധിയില്‍ നാല് തെറ്റുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതി ഈ വിധി റദ്ദാക്കുകയായിരുന്നു.

സുപ്രീം കോടതി പ്രസിഡന്റായ ലോര്‍ഡ് റോബര്‍ട്ട് റീഡാണ് വിധി പ്രഖ്യാപിച്ചത്. ശരിയായ രീതിയില്‍ വാദം നടത്തുന്നതിനുള്ള ഷമീമ ബീഗത്തിന്റെ അവകാശം മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുന്നതാകരുതെന്നാണ് പ്രവേശനം വിലക്കിക്കൊണ്ട് ലോര്‍ഡ് റീഡ് പ്രഖ്യാപിച്ചത്. ജനങ്ങളുടെ സുരക്ഷയേക്കാള്‍ വലുതല്ല വാദം നടത്തുന്നതിനുള്ള ഷമീമയുടെ അവകാശമെന്നായിരുന്നു ലോര്‍ഡ് റീഡ് പറഞ്ഞത്.

കോര്‍ട്ട് ഓഫ് അപ്പീല്‍ ആഭ്യന്തരമന്ത്രിയുടെ വിലയിരുത്തലുകള്‍ പരിഗണിക്കാതെയാണ് ഷമീമക്ക് പ്രവേശനാനുമതി നല്‍കിയതെന്നും സുപ്രീം കോടതി പറഞ്ഞു. ഷമീമ ബീഗം ജനങ്ങളുടെ സുരക്ഷക്ക് വെല്ലുവിളിയല്ലെന്ന് ഉറപ്പ് വരുന്നതോടെ ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

2015ല്‍ തന്റെ പതിനഞ്ചാം വയസ്സിലാണ് ഷമീമ രണ്ട് സഹപാഠികളോടൊപ്പം ഐ.എസില്‍ ചേരാനായി സിറിയയിലേക്ക് പോകുന്നത്. 2019ല്‍ ഷമീമയെ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കണ്ടെത്തിയിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.