CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 22 Minutes 28 Seconds Ago
Breaking Now

യുക്മ സംഘടിപ്പിച്ച പ്രഥമ ഓണാഘോഷ പരിപാടികള്‍ അവിസ്മരണീയമായി...രാഗ നാട്യ വിസ്മയങ്ങള്‍ പൂത്തുലഞ്ഞ് ഓണവസന്തം 2021

രാഗ നാട്യ വിസ്മയ പുഷ്പങ്ങള്‍ പൂത്തുലഞ്ഞ് , പ്രേക്ഷക മനസ്സുകളില്‍ ഓണാരവങ്ങള്‍ തീര്‍ത്ത യുക്മയുടെ പ്രഥമ ഓണാഘോഷ പരിപാടി ഓണവസന്തം  2021 അവിസ്മരണീയമായി. മെഗാ തിരുവാതിരയും പാട്ടും നൃത്തവും ചെണ്ടമേളവുമായി മൂന്ന് മണിക്കൂര്‍ നീണ്ട് നിന്ന കലാപരിപാടികള്‍ യുക്മ ഫേസ്ബുക്ക് പേജിലൂടെയും മനോരമ യുട്യൂബ് ചാനലിലൂടെയും ആയിരക്കണക്കിന് പ്രേക്ഷകരാണ് ആസ്വദിച്ചത്. 

യുക്മയും മനോരമയും ചേര്‍ന്നൊരുക്കിയ ഓണവസന്തം സെപ്റ്റംബര്‍ 26 ഞായര്‍ 2 PM ന് ബഹുമാനപ്പെട്ട കേരള ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. യു കെ മലയാളികളുടെ കലാ സംസ്‌കാരിക മേഖലകളില്‍ യുക്മ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രത്യേകം അനുമോദിച്ച മന്ത്രി ഓക്‌സ്‌ഫോര്‍ഡില്‍ വെച്ച് നടന്ന കേരള പൂരം വള്ളംകളിയില്‍ പങ്കെടുത്ത കാര്യവും തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പരാമര്‍ശിച്ചു. യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ യുക്മ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് സ്വാഗതം ആശംസിക്കുകയും യുക്മ വൈസ് പ്രസിഡന്റും ഓണവസന്തം 2021 ഇവന്റ് കോര്‍ഡിനേറ്ററുമായ അഡ്വ. എബി സെബാസ്റ്റ്യന്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. 

മലയാള ചലച്ചിത്ര പിന്നണി ഗാന രംഗത്തെ യുവഗായകരായ വിധു പ്രതാപ്, സിത്താര കൃഷ്ണകുമാര്‍ എന്നിവരോടൊപ്പം പുതു തലമുറയിലെ അതുല്യ പ്രതിഭ ശ്രേയക്കുട്ടിയും (ശ്രേയ ജയദീപ്) ചേര്‍ന്നപ്പോള്‍ പ്രേക്ഷക മനസ്സുകളില്‍ പെയ്തിറങ്ങിയത് അതി മനോഹരങ്ങളായ ഒരു പിടി ഗാനങ്ങളാണ്. സംഗീതാസ്വാദകര്‍ എപ്പോഴും മനസ്സില്‍ സൂക്ഷിക്കുന്ന ഒട്ടനവധി ഗാനങ്ങള്‍ മലയാളികളുടെ പ്രിയപ്പെട്ട ഗായകര്‍ ഷോയില്‍ അവതരിപ്പിച്ചു.

മഞ്ജു സുനിലും നേത്ര വിവേകും ചേര്‍ന്നവതരിപ്പിച്ച അതി മനോഹരമായ വെല്‍ക്കം ഡാന്‍സോടെ തുടക്കം കുറിച്ച ഓണവസന്തത്തില്‍ തുടര്‍ന്നെത്തിയത് ഗ്‌ളോസ്റ്റര്‍ഷെയര്‍ മലയാളി അസ്സോസ്സിയേഷനിലെ അറുപതിലേറെ കലാകാരികള്‍ അണിനിരന്ന മെഗാ തിരുവാതിരയായിരുന്നു. ബിന്ദു സോമന്‍ കോറിയോഗ്രാഫിയും കോര്‍ഡിനേഷനും നിര്‍വ്വഹിച്ച മെഗാ തിരുവാതിര ഷോയിലെ ഏറെ ആകര്‍ഷണീയമായ പരിപാടികളില്‍ ഒന്നായിരുന്നു. ഷീജോ വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ റിഥം ഓഫ് വാറിംഗ്ടണ്‍ അവതരിപ്പിച്ച ചെണ്ടമേളം ഓണവസന്തത്തിന് ഉത്സവ ശോഭയേകി. 

'ഉത്രാട പൂവിളിയില്‍ ' എന്ന ഗാനവുമായ് വിധു പ്രതാപ് ഷോയിലേക്കെത്തിയപ്പോള്‍ അതേ ഗാനം തന്നെ ഹൃദ്യമായി ആലപിച്ചെത്തിയ ബെഡ്‌ഫോര്‍ഡില്‍ നിന്നുള്ള ഡെന്ന ആന്‍ ജോമോന്‍ പ്രേക്ഷകരുടെ കയ്യടികള്‍ ഏറ്റ് വാങ്ങി. കേരളീയ സാംസ്‌കാരിക തനിമയുടെ നേര്‍രൂപമായി വേദിയിലെത്തിയ ഫ്യൂഷന്‍ ഫിയസ്റ്റ എന്ന നൃത്ത രൂപം പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഒന്നായിരുന്നു. കലാഭവന്‍ നൈസിന്റെ ശിക്ഷണത്തില്‍ EYCO ഹള്‍ അണിയിച്ചൊരുക്കിയ ഫ്യൂഷന്‍ ഫിയസ്റ്റയെ തുടര്‍ന്ന് 'നീ മുകിലോ' എന്ന സൂപ്പര്‍ ഹിറ്റ് ഗാനം സിത്താര അതീവ ഹൃദ്യമായി ആലപിച്ചു. 

മലയാള സിനിമയ്ക്ക് ഒട്ടേറെ ഹിറ്റ് ഗാനങ്ങള്‍  ഗായകന്‍, സംഗീത സംവിധായകന്‍ എന്നീ നിലകളില്‍ സമ്മാനിച്ച്,  ഇരുപത്തഞ്ച് വര്‍ഷങ്ങളിലേറെയായി പ്രവര്‍ത്തിക്കുന്ന എം. ജയചന്ദ്രന്റെ ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കിയ സ്‌പെഷ്യല്‍ സെഗ്മെന്റ് ഷോയിലെ ഏറെ ആകര്‍ഷണീയമായ ഒന്നായിരുന്നു. 

ബര്‍മിംഗ്ഹാമില്‍ നിന്നുള്ള സൈറ മരിയ ജിജോ 'കാറ്റ്‌റ് വെളിയിട കണ്ണമ്മ' എന്ന സെമി ക്‌ളാസ്സിക്കല്‍ ഗാനം പാടി കേള്‍വിക്കാരുടെ മനസ്സില്‍ സംഗീതത്തിന്റെ അലയൊലികള്‍ തീര്‍ത്തപ്പോള്‍ 'ചാഞ്ചാടി ആടി ഉറങ്ങ് നീ' ശ്രുതി മധുരമായ് പാടി ശ്രേയക്കുട്ടി തന്റെ ആരാധകരെ കയ്യിലെടുത്തു. 'തെക്കിനി കോലായ ചുമരില്‍' എന്ന പ്രശസ്തമായ ഗാനം  ഏറെ മനോഹരമായി പാടിയെത്തിയ, ലണ്ടനില്‍ നിന്നുള്ള ദൃഷ്ടി പ്രവീണിനൊപ്പം പാട്ടിന്റെ ദൃശ്യാവിഷ്‌കാരവുമായി എത്തിയ ശ്രദ്ധ വിവേക് ഉണ്ണിത്താനും പ്രേക്ഷക പ്രശംസകള്‍ ഏറ്റ് വാങ്ങി. 'ഓ മാമ മാമ ചന്ദമാമ' എന്ന അടിപൊളി ഗാനവുമായെത്തി, കേംബ്രിഡ്ജില്‍ നിന്നുള്ള ടെസ്സ ജോണ്‍ പ്രേക്ഷകരെ കയ്യിലെടുത്തപ്പോള്‍ 'നിലാവേ നിലാവേ' എന്ന മെലഡി അതീവ ഹൃദ്യമായി പാടിയ ലൂട്ടനില്‍ നിന്നുള്ള ആനി അലോഷ്യസ് വേറിട്ടൊരനുഭവമായി. മലയാളത്തിലെ എക്കാലത്തേയും മികച്ച ഗാനങ്ങളില്‍ ഒന്നായ 'പാട്ടില്‍ ഈ പാട്ടില്‍'  പാടിയ ലണ്ടനില്‍ നിന്നുള്ള ലക്ഷ്മി രാജേഷ് തന്റെ ശ്രുതി ശുദ്ധമായ ആലാപന മികവ് വീണ്ടും തെളിയിച്ചു. 

 

ടോണി അലോഷ്യസ്, ആനി അലോഷ്യസ് സഹോദരങ്ങളുടെ ബാഹുബലി തീം ബോളിവുഡ് ഡാന്‍സ് അരങ്ങില്‍ ആവേശം നിറച്ച ഒന്നായിരുന്നു. സംഗീതവും നൃത്തവും ഒക്കെയായി. യുകെയിലെ നൂറ് കണക്കിന് വേദികളില്‍ പ്രോഗ്രാം അവതരിപ്പിച്ചിട്ടുള്ള ഈ സഹോദരങ്ങള്‍ ആദ്യമായാണ് ഒരുമിച്ചൊരു നൃത്തം ചെയ്യുന്നത്. 'മാവിന്‍ ചോട്ടിലെ മണമുള്ള മധുരമായ്' പാടിയെത്തി വാല്‍സാളിലെ അലീന സെബാസ്റ്റ്യന്‍ ആസ്വാദക ശ്രദ്ധ ആകര്‍ഷിച്ചു. 'ഓ തിങ്കള്‍ പക്ഷി' എന്ന ഗാനമാലപിച്ച് ലിങ്കണില്‍ നിന്നുള്ള നെല്‍സണ്‍ ബൈജു പ്രേക്ഷകരുടെ ശ്രദ്ധ നേടി. ആസ്വാദകര്‍ നിറഞ്ഞ കയ്യടികളോടെ ഏറ്റ് വാങ്ങിയ ഓണവസന്തം ഷോയുടെ അവസാനത്തെ പരിപാടി കലാശക്കൊട്ടായി അവതരിപ്പിച്ചത് യൂത്ത് മ്യൂസിക് നോട്ടിംഗ്ഹാമിന്റെ ഏറെ മനോഹരമായ ഉപകരണ സംഗീതമായിരുന്നു.

മനോരമയുടെ ജനറല്‍ മാനേജര്‍ (മാര്‍ക്കറ്റിംഗ്) ബി. ബാലഗോപാലിനും ഷോയില്‍ സെലിബ്രിറ്റി ഗായകരായെത്തിയ വിധു പ്രതാപിനും സിത്താരയ്ക്കും ശ്രേയക്കുട്ടിക്കും യുക്മയുടെ സ്‌നേഹോപഹാരം യുക്മ വൈസ് പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ കൈമാറി. കൊച്ചിയിലെ സ്റ്റുഡിയോയില്‍ വെച്ച് നടന്ന പ്രോഗ്രാമില്‍ അഡ്വ. എബി സെബാസ്റ്റ്യനോടൊപ്പം യുക്മ പി ആര്‍ ഒ യും മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായ സജീഷ് ടോം, മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി അബ്രാഹം ലൂക്കോസ്, RCN ലണ്ടന്‍ ബോര്‍ഡ് മെമ്പര്‍ അബ്രാഹം പൊന്നുംപുരയിടം, യുക്മ ന്യൂസ് എഡിറ്റര്‍ ബെന്നി അഗസ്റ്റിന്‍, യുക്മ ജനറല്‍ കൗണ്‍സില്‍ അംഗം സജീവ് തോമസ് എന്നിവര്‍ പങ്കെടുത്തു. 

കൊച്ചി റേഡിയോ മാംഗോയിലെ റേഡിയോ ജോക്കിയായ മഞ്ജു അവതാരികയുടെ റോള്‍ വളരെ ഭംഗിയായി നിര്‍വ്വഹിച്ചു.

യുക്മയുടെ ചരിത്രത്തില്‍ ആദ്യമായി സംഘടിപ്പിച്ച ഓണാഘോഷം ഏറെ വര്‍ണ്ണാഭമായി അണിയിച്ചൊരുക്കുവാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പരിപാടിയില്‍ പങ്കെടുത്ത കലാ പ്രതിഭകളും, യുക്മ കുടുംബാംഗങ്ങളോടൊപ്പം, യുക്മ നേതൃത്വവും.

 

യുക്മ ഓണവസന്തം  2021 പരിപാടി കാണുവാന്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:

 

https://youtu.be/BVaIGIy2nLo

കുര്യന്‍ ജോര്‍ജ്

(ഓണാവസന്തം യു കെ ഇവന്റ് ഓര്‍ഗനൈസര്‍)




കൂടുതല്‍വാര്‍ത്തകള്‍.