CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 30 Minutes 25 Seconds Ago
Breaking Now

യുഎസ് കാനഡ അതിര്‍ത്തിയില്‍ നാലുപേരടങ്ങുന്ന ഇന്ത്യന്‍ കുടുംബം തണുത്ത് മരിച്ചു

അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് വിവരം.

യുഎസ് കാനഡ അതിര്‍ത്തിയില്‍ നാലുപേരടങ്ങുന്ന ഇന്ത്യന്‍ കുടുംബം തണുത്ത് മരിച്ചു. എമേഴ്‌സണിലെ മാനിറ്റോബയ്ക്ക് സമീപം ഒരു വയലിലാണ് പിഞ്ച് കുഞ്ഞും സ്ത്രീയും ഉള്‍പ്പെടുന്ന കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് വിവരം. മരിച്ച നാല് പേരെയും അതിര്‍ത്തിയുടെ 912 മീറ്ററിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടുത്തെ താപനില. ഇതോടൊപ്പം അതികഠിനമായ ശൈത്യക്കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.

അനധികൃതമായി അതിര്‍ത്തി കടന്നതിന് എമേഴ്‌സണ് സമീപം ഒരു സംഘത്തെ ബോര്‍ഡര്‍ സെക്യൂരിറ്റി അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാള്‍ പിഞ്ച് കുഞ്ഞിനാവശ്യമായ ഭക്ഷണവും മറ്റും കയ്യില്‍ സൂക്ഷിച്ചിരുന്നുവെങ്കിലും സംഘത്തില്‍ കുഞ്ഞിനെ കാണാഞ്ഞതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂരിരുട്ടില്‍ സംഘത്തില്‍ നിന്ന് കുടുംബം വേര്‍പ്പെടുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടുള്ളതാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഒരു യുഎസ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത മറ്റ് ഏഴ് ഇന്ത്യക്കാരില്‍ ഒരാളെ അതിശൈത്യത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുഎസിലും കാനഡയിലുമുള്ള ഇന്ത്യന്‍ പ്രതിനിധികള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഖേദം പ്രകടിപ്പിച്ചു.

 




കൂടുതല്‍വാര്‍ത്തകള്‍.