നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വര്‍ണ്ണം കടത്തിയ സംഭവത്തില്‍ സിനിമാ നിര്‍മ്മാതാവ് അറസ്റ്റില്‍. ഇറച്ചി അരിയല്‍ യന്ത്രത്തിലൂടെ സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചതിലെ മുഖ്യ സൂത്രധാരനായ സിനിമാ നിര്‍മാതാവ് കെ പി സിറാജുദ്ദീനാണ് കസ്റ്റംസിന്റെ പിടിയില്‍ ആയത്. ദുബായയിലായിരുന്ന സിറാജുദ്ദീന്‍ മൂന്നാം സമന്‍സിലാണ് കൊച്ചിയിലെത്തിയത്. കേരളത്തിലേക്ക് കടത്താനുള്ള സ്വര്‍ണം ദുബായിയില്‍ സ്വന്തമായുള്ള ലെയ്ത്ത് വര്‍ക്ഷോപ്പില്‍ വിവിധ യന്ത്രങ്ങളിലും ഉപകരണങ്ങളിലും ഒളിപ്പിക്കുന്നതില്‍ വിദഗ്ധനാണ് സിറാജുദ്ദീന്‍. നിരവധി കള്ളക്കടത്ത് സംഘങ്ങളെ സിറാജുദ്ദീന്‍ ഈ രീതിയില്‍ സ്വര്‍ണം ഒളിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്. കേസില്‍ അറസ്റ്റിലാകുന്ന മൂന്നാമത്തെയാളാണ് സിറാജുദ്ദീന്‍. കൊച്ചി ഇല്ലിക്കല്‍ വീട്ടില്‍ സിറാജുദ്ദീന്‍ എന്ന കെ പി സിറാജുദ്ദീന്‍ നിര്‍മാതാവായും അഭിനേതാവായും സിനിമാ രംഗത്തുള്ള വ്യക്തിയാണ്.
തൃക്കാക്കര നഗരസഭ വൈസ് ചെയര്‍മാന്റെ മകന്‍ എ ഇ ഷാബിന്‍ ഇബ്രാഹിം, ഡ്രൈവര്‍ നകുല്‍ എന്നിവരെ രണ്ടുമാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ അവസാനത്തോടെയാണ് കൊച്ചി വിമാനത്താവളത്തില്‍ കാര്‍ഗോ ആയി വന്ന ഇറച്ചി അരിയല്‍ യന്ത്രത്തില്‍ 2.23 കിലോ തൂക്കമുള്ള നാല് സ്വര്‍ണക്കട്ടികള്‍ കണ്ടെത്തിയത്. വിമാനത്താവളത്തിലെ പരിശോധനയ്ക്ക് ശേഷം കാറില്‍ യന്ത്രം കടത്തുകയായിരുന്നു. പ്രിവന്റീവ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ ഈ കാര്‍ തടഞ്ഞുനിര്‍ത്തിയാണ് പരിശോധിച്ചത്. സിനിമാ നിര്‍മാതാവായ കെ പി സിറാജുദ്ദീനാണ് യന്ത്രം അയച്ചതെന്നും ഷാബിനു വേണ്ടിയാണെന്നും കാര്‍ ഓടിച്ചിരുന്ന നകുല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞു.