CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
27 Minutes 56 Seconds Ago
Breaking Now

യുകെയില്‍ മലയാളം ഇനി അതിമധുരം! സമീക്ഷ യുകെ ഗ്ലോസ്റ്റര്‍ ബ്രാഞ്ച് മലയാളം സ്‌കൂളിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് ഷൈലജ ടീച്ചര്‍; പ്രവേശനോത്സവത്തില്‍ നൂറോളം കുട്ടികള്‍ മലയാള ഭാഷാ പഠനത്തിന്റെ ആവേശത്തിലേക്ക്; അമ്മ മലയാളത്തെ വരവേറ്റ് ഗ്ലോസ്റ്ററിലെ മലയാളി കുട്ടികള്‍

ഗ്ലോസ്റ്ററിലെ നൂറോളം കുട്ടികളാണ് ക്ലാസില്‍ ആവേശപൂര്‍വ്വം പങ്കെടുത്തത്

യുകെയിലും 'അമ്മ മലയാളത്തെ' നെഞ്ചോട് ചേര്‍ത്തുപിടിച്ച് മലയാളി സമൂഹം. സമീക്ഷ യുകെ ഗ്ലോസ്റ്റര്‍ ബ്രാഞ്ച്, മലയാളം മിഷനുമായി സഹകരിച്ച് 'മധുരം മലയാളം' പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മലയാളം സ്‌കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്ലോസ്റ്റര്‍ഷയര്‍ ബാപ്ടിസ്റ്റ് ചര്‍ച്ച് ഹാളില്‍ മുന്‍ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. സ്‌കൂളിന് നേതൃത്വം നല്‍കുന്ന അഞ്ച് അധ്യാപകര്‍ ചേര്‍ന്ന് ചടങ്ങില്‍ നിലവിളക്ക് തെളിയിച്ചു. മലയാളം സ്‌കൂളിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ ലോറന്‍സ് പെല്ലിശ്ശേരി അധ്യക്ഷനായി. 

ശ്രീമതി ടീച്ചര്‍ ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഓണ്‍ലൈനിലൂടെ ആശംസകള്‍ അര്‍പ്പിച്ചു. ഗ്ലോസ്റ്റര്‍ എസ്എംസിസിയുടെ വികാരി ഫാ. ജിബിന്‍ പോള്‍ വാമറ്റത്തില്‍, യുക്മ സൗത്ത് വെസ്റ്റ് റീജ്യന്‍ ജനറല്‍ സെക്രട്ടറി സുനില്‍ ജോര്‍ജ്ജ്, സമീക്ഷാ യുകെ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി തുടങ്ങിയവരും മലയാള ഭാഷയ്ക്ക് പിന്തുണ നല്‍കുന്ന ഉദ്യമത്തിന് ആശംസകള്‍ അര്‍പ്പിച്ചു. 

മലയാളി കുട്ടികള്‍ക്ക് മലയാളം പഠിച്ച് അമ്മ മലയാളത്തെ മനസ്സിലാക്കാനും, അടുത്തറിയാനും സാധിക്കട്ടെയെന്ന് ഫാ. ജിബിന്‍ പോള്‍ ആശംസിച്ചു. 2008 ല്‍ ഗ്ലോസ്റ്റര്‍ ജിഎംഎ ഇത്തരമൊരു സംരംഭത്തിന് തുടക്കമിട്ടെങ്കിലും അത് മുന്നോട്ട് പോയില്ലെന്ന് അന്നത്തെ പ്രസിഡന്റായിരുന്ന സുനില്‍ ഓര്‍മ്മിച്ചു. അതിനാല്‍ മലയാളം സ്‌കൂളിന്റെ പ്രവര്‍ത്തനം തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. 

രമ്യ മനോജ്, റെനി തോമസ്, ഉഷസ് സുകുമാരന്‍, നീനു ജെഡ്സണ്‍, ലോറന്‍സ് പെല്ലിശ്ശേരി എന്നിവരാണ് അധ്യാപകര്‍

കേരള സര്‍ക്കാരിന്റെ 'എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം' എന്ന പരിപാടിയെ കുറിച്ചും, അതിന് നേതൃത്വം നല്‍കുന്ന മലയാളം മിഷനെ കുറിച്ചും വിശദമാക്കിയ ദിനേശ് വെള്ളാപ്പള്ളി സമീക്ഷ യുകെയുടെ നേതൃത്വത്തില്‍ കൂടുതല്‍ മലയാളം സ്‌കൂളുകള്‍ യുകെയില്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്ന് വ്യക്തമാക്കി. 

സമീക്ഷ യുകെ ബ്രാഞ്ച് സെക്രട്ടറി സാം നന്ദി രേഖപ്പെടുത്തി. സമീക്ഷ യുകെയുടെ മലയാളം സ്‌കൂളിന്റെ ചീഫ് കോര്‍ഡിനേറ്റര്‍ ലോറന്‍സ് പെല്ലിശ്ശേരി ഏവര്‍ക്കും നന്ദി ആശംസിച്ചു. എലിസബത്ത് അവതാരകയായിരുന്നു. 

ഔദ്യോഗിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ ആദ്യ മലയാളം ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു. ഗ്ലോസ്റ്ററിലെ നൂറോളം കുട്ടികളാണ് ക്ലാസില്‍ ആവേശപൂര്‍വ്വം പങ്കെടുത്തത്. ഓണ്‍ലൈനിലും, നേരിട്ടുമായി നടക്കുന്ന ക്ലാസുകളെ പറ്റി ചീഫ് കോര്‍ഡിനേറ്റര്‍ ലോറന്‍സ് പെല്ലിശ്ശേരി സംസാരിച്ചു.

നിരവധി കുട്ടികളും, രക്ഷിതാക്കളുമാണ് ചടങ്ങിനെത്തിയത്. മലയാളവുമായി അടുത്തിടപഴകി വളരുന്ന തലമുറയെ വാര്‍ത്തെടുക്കാനുള്ള സമീക്ഷാ യുകെയുടെ ഈ ഉദ്യമത്തിന് എല്ലാവിധ ആശംസകളും നേരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.