ബിജെപി ജയിക്കുന്നത് ഗോമൂത്രം കുടിക്കുന്നവരുള്ള സംസ്ഥാനങ്ങളില്‍ മാത്രമെന്ന ഡിഎംകെ നേതാവും എംപിയുമായ സെന്തില്‍കുമാറിന്റെ പരാമര്‍ശം വിവാദമാകുന്നു. ഹിന്ദി ഹൃദയഭൂമിയിലെ സംസ്ഥാനങ്ങളെ പരാമര്‍ശിച്ചാണ് സെന്തില്‍ കുമാര്‍ ഇക്കാര്യം പറഞ്ഞത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി വന്‍ വിജയം നേടിയതിന് പിന്നാലെയാണ് ഈ പരാമര്‍ശം.
'ഈ ബിജെപിയുടെ ശക്തി പ്രധാനമായും ഞങ്ങള്‍ പൊതുവെ ഗോമൂത്ര സംസ്ഥാനങ്ങളെന്ന് വിളിക്കുന്ന ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയിക്കുക മാത്രമാണ്,' ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയിലാണ് സെന്തില്‍ കുമാര്‍ ഇക്കാര്യം പറഞ്ഞത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലെ ബിജെപിയുടെ പരാജയങ്ങള്‍ സെന്തില്‍ കുമാര്‍ ഉയര്‍ത്തിക്കാട്ടി. 'ഈ സംസ്ഥാനങ്ങളെയെല്ലാം കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റാനുള്ള ഒരു ഓപ്ഷന്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ ഞങ്ങള്‍ അതിശയിക്കേണ്ടതില്ല, അങ്ങനെ നിങ്ങള്‍ക്ക് ഈ സംസ്ഥാനങ്ങളില്‍ പരോക്ഷമായി അധികാരത്തില്‍ വരാന്‍ കഴിയും, കാരണം നിങ്ങള്‍ക്ക് ഒരിക്കലും അവിടെ കാലുകുത്താനും ദക്ഷിണേന്ത്യയുടെ നിയന്ത്രണം ഏറ്റെടുക്കാനും കഴിയില്ല'.
ഇതേത്തുടര്‍ന്ന് ഡിഎംകെ നേതാവിനെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി അംഗങ്ങള്‍ രംഗത്തെത്തി. ഇത്തരം പരാമര്‍ശങ്ങളെ അംഗീകരിക്കുന്നുണ്ടോയെന്ന് ബിജെപി അംഗം കര്‍ണാടകത്തിലെ സി ടി രവി രാഹുല്‍ ഗാന്ധിയോട് ചോദിച്ചു. 'ഹൃദയപ്രദേശങ്ങളിലെ ഭാരതീയരെ അപമാനിച്ച ഈ ഡിഎംകെക്കാരനോട് ഐഎന്‍ഡിഐ മുന്നണി നേതാവ് നേതാവ് രാഹുല്‍ ഗാന്ധി യോജിക്കുമോ?' കോണ്‍ഗ്രസും സഖ്യകക്ഷികളും എത്രനാള്‍ ഭാരതീയരെ അപമാനിക്കും?,' അദ്ദേഹം എക്‌സില്‍ പറഞ്ഞു.