വിവാഹം കഴിഞ്ഞ് 45-ാം ദിവസം സ്വന്തം അമ്മാവനുമായി ചേര്‍ന്ന് യുവതി ഭര്‍ത്താവിനെ കൊലപ്പെടുത്തി.ബിഹാറിലെ ഔറംഗാബാദ് ജില്ലയിലാണ് സംഭവം. 25 കാരിയായ ഗുഞ്ച ദേവി 55 വയസ്സുള്ള അമ്മാവന്‍ ജീവന്‍ സിങ്ങുമായി 15 വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. ദേവിയുടെ ഭര്‍ത്താവ് പ്രിയാന്‍ഷുവിനെ കൊല്ലാന്‍ ഇരുവരും ഗൂഢാലോചന നടത്തി. ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കി കൊല നടത്തുകയായിരുന്നു.
പൊലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, യുവതിയും അമ്മാവനും പരസ്പരം വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ കുടുംബം ഇതിനെ ശക്തമായി എതിര്‍ത്തു. ദേവിയെ നിര്‍ബന്ധിച്ച് പ്രിയാന്‍ഷുവിനെ കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു. ജൂണ്‍ 25നാണ് പ്രിയാന്‍ഷു കൊല്ലപ്പെട്ടത്. സഹോദരിയെ കണ്ട് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
'ജൂണ്‍ 25 ന് പ്രിയാന്‍ഷു തന്റെ സഹോദരിയെ സന്ദര്‍ശിച്ച ശേഷം ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുകയും നവി നഗര്‍ സ്റ്റേഷനില്‍ ഇറങ്ങുകയും ചെയ്തു,' പോലീസ് സൂപ്രണ്ട് അമ്രീഷ് രാഹുല്‍ പറഞ്ഞു. വീട്ടിലേക്കുള്ള യാത്രാമധ്യേ, വെടിയേറ്റു മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് അന്വേഷണം നടത്തുന്നതിനിടെ, ദേവി ഗ്രാമത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത് കൂടുതല്‍ സംശയം ജനിപ്പിച്ചു. അവള്‍ തന്റെ അമ്മാവനുമായി പതിവായി ബന്ധപ്പെട്ടിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സിങ്ങിന്റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ വാടക കൊലയാളികളെ പതിവായി വിളിക്കാറുണ്ടായിരുന്നുവെന്ന് വ്യക്തമായി. പിന്നാലെ ദേവിയെയും അമ്മാവനെയും അടക്കം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.