ശിവഗംഗ കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പൊലീസുകാരെ കൊലക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ അറസ്റ്റ് ചെയ്തു. മദ്രാസ് ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുത്തത്. മരിച്ച അജിത് കുമാറിന്റെ ശരീരത്തില്‍ 30 ഇടത്ത് ചതവുകളുണ്ടെന്നും മര്‍ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവം മരണകാരണമായെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.
ശിവഗംഗ മഡപ്പുറം കാളിയമ്മന്‍ ക്ഷേത്രത്തിലെ കരാര്‍ ജീവനക്കാരനായ ബി.അജിത് കുമാറിനാണ് തിരുപ്പുവനം പൊലീസ് സ്റ്റേഷനില്‍ വച്ച് ജീവന്‍ നഷ്ടമായത് . മധുര സ്വദേശിയായ നികിത എന്ന സ്ത്രീ നല്‍കിയ പരാതിയില്‍ വെള്ളിയാഴ്ച അജിത് അടക്കം 5 ക്ഷേത്രജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. അമ്മയ്‌ക്കൊപ്പം ക്ഷേത്രദര്‍ശനത്തിന് എത്തിയപ്പോള്‍ കാറിന്ര്‍റെ താക്കോല്‍ അജിത്തിനെ ഏല്‍പ്പിച്ചെന്നും , മടങ്ങിവന്നപ്പോള്‍ ബാഗിലുണ്ടായിരുന്ന ഒന്‍പതര പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായതായി കണ്ടു എന്നുമായിരുന്നു നികിതയുടെ പരാതി.
മോഷണവുമായി തനിക്ക് ബന്ധമില്ലെന്ന് അജിത് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ ഉച്ചയോടെ അജിത്തിനെ വീണ്ടും പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. പൊലീസ് വാനില്‍ വച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്നും സ്റ്റേഷനിലെത്തും മുന്‍പ് മരണം സംഭവിച്ചെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അജിത്തിന് മോഷണവുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ തക്ക തെളിവുകളൊന്നും ഇതുവരെ ലഭ്യമായിട്ടില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു
കേസ് മദ്രാസ് ഹൈക്കോടതി മധുര ബഞ്ചാണ് ഇന്ന് പരിഗണിക്കുന്നത്. സര്‍ക്കാരിനോട് വിശദീകരണം നല്‍കാന്‍ ഇന്നലെ കോടതി ആവശ്യപ്പെട്ടിരുന്നു. തീവ്രവാദിയെ പോലെ യുവാവിനെ കൈകാര്യം ചെയ്യേണ്ട സാഹചര്യം എന്തായിരുന്നുവെന്ന ചോദ്യം ഇന്നലെ കോടതി ഉയര്‍ത്തിയിരുന്നു.