CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 54 Minutes 11 Seconds Ago
Breaking Now

യുക്മ ദേശീയ കലാമേള നവംബര്‍ 01 ന് ചെല്‍റ്റന്‍ഹാമില്‍. റീജിയണല്‍ കലാമേളകള്‍ സെപ്തബര്‍ 27 നു വെയില്‍സില്‍ തുടക്കം കുറിക്കും. നാഷണല്‍ കലാമേള ലോഗോ, നഗര്‍ നാമകരണ മത്സരങ്ങളില്‍ നിങ്ങള്‍ക്കും പങ്കാളികളാകാം.

യുകെ മലയാളികള്‍ക്ക് ഇനി കലാമേളകളുടെ  കാലം. വളരെ വിജയകരമായി സംഘടിപ്പിക്കപ്പെട്ട യുക്മ കേരളപൂരം വള്ളംകളിയുടെയും ഓണാഘോഷങ്ങളുടെയും  പൊടിപടലങ്ങള്‍ അടങ്ങും മുന്‍പ് തന്നെ യുക്മ കലാമേളകള്‍ക്ക് ആരംഭമാകുന്നു. ഏവരും ഉറ്റുനോക്കുന്നത് നവംബര്‍ ഒന്നിന് ചെല്‍റ്റന്‍ഹാമില്‍ നടക്കുന്ന പ്രവാസലോകത്തെ ഏറ്റവും വലിയ കലാ മാമാങ്കമായ പതിനാറാമത് യുക്മ ദേശീയ കലാമേളയിലേക്ക്.  യുക്മയുടെ ശക്തമായ ഏഴു റീജിയനുകളില്‍ നടക്കുന്ന കലാമത്സരങ്ങളിലെ വിജയികളാണ്  ദേശീയ കലാമേളയില്‍  പങ്കെടുക്കുന്നത്. ആയിരത്തില്‍ പരം കലാകാരന്മാരും കലാകാരികളും നിരന്തരമായ പരിശീലനത്തിനൊടുവില്‍  തങ്ങളുടെ കഴിവുകള്‍ മാറ്റുരക്കുന്നതിന് യുക്മയുടെ വേദികള്‍ സജ്ജമായികൊണ്ടിരിക്കുന്നു.  

ദേശീയ കലാമേളയുടെ ലോഗോ രൂപ കല്പന ചെയ്യുന്നതിനും മത്സര നഗരിയുടെ നാമകരണത്തിനുമായി നടത്തപ്പെടുന്ന മത്സരങ്ങള്‍ 11/09/2025,  വ്യാഴം മുതല്‍ ആരംഭിക്കുകയും 21/09/2025, ശനിയാഴ്ച്ച അവസാനിക്കുകയും ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയും പേരുമായിരിക്കും ദേശീയ കലാമേളയ്ക്ക് ഉപയോഗിക്കുക. 

കേരളത്തിന്റെ സംസ്‌കാരത്തെയോ  പരമ്പരാഗത കലാരൂപങ്ങളെയോ  പ്രതിഫലിപ്പിക്കുന്ന വിധത്തിലായിരിക്കണം  ലോഗോ രൂപകല്പന  ചെയ്യേണ്ടത്.

ഭാരതത്തിന്റെ കലാ-സാഹിത്യ-സാംസ്‌കാരിക-സിനിമ മേഖലയില്‍ സമഗ്ര സംഭാവനകള്‍ നല്‍കി മണ്മറഞ്ഞ പ്രതിഭാശാലികളുടെ പേരുകളാണ് കലാമേള നഗറിനായി പരിഗണിക്കുന്നത്. 

താല്പര്യമുള്ളവര്‍ യുക്മ നാഷണല്‍ സെക്രട്ടറിയുടെ ഈമെയിലില്‍ (secretary.ukma@gmail.com ) ലോഗോയും  നഗരിയുടെ പേരും പ്രത്യേകം പ്രത്യേകമായി അയച്ചു കൊടുക്കേണ്ടതാണ്. വിജയികള്‍ക്കുള്ള സമ്മാനം നാഷണല്‍ കലാമേള വേദിയില്‍ വെച്ച് നല്കപ്പെടുന്നതായിരിക്കും. 

ഭാരതത്തിന്റെ മഹത്തായ കലാ, സാഹിത്യ, സാംസ്‌കാരിക മേഖലകളില്‍ ശ്രദ്ധേയരായിരുന്ന പ്രതിഭാധനരുടെ പേരുകളിലാണ് മുന്‍ വര്‍ഷങ്ങളിലും ദേശീയ കലാമേള നഗറുകള്‍ അറിയപ്പെട്ടിരുന്നത്. മണ്‍മറഞ്ഞ് പോയ കലാപ്രതിഭകള്‍ക്ക് യുക്മ നല്‍കുന്ന ആദരവ് കൂടിയാണ് ഈ നാമകരണം. യുക്മ ദേശീയ കലാമേളകളുടെ ചരിത്രവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു ഓരോ നാമകരണങ്ങളും. ഏതൊരു യുകെ മലയാളിക്കും ലോഗോ - നഗര്‍ നാമകരണ മത്സരങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. ലോഗോ മത്സരത്തിന് ഒരാള്‍ക്ക് പരമാവധി രണ്ട് ലോഗോകള്‍ രൂപകല്ലന ചെയ്ത് അയക്കാവുന്നതാണ്. എന്നാല്‍ കലാമേള നഗറിന് ഒരാള്‍ക്ക് ഒരു പേര് മാത്രമേ നിര്‍ദ്ദേശിക്കാന്‍ അവസരം ഉള്ളൂ. രണ്ട് മത്സരങ്ങളിലും പങ്കെടുക്കുന്നവര്‍ തങ്ങളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും എന്‍ട്രിയോടൊപ്പം അയക്കേണ്ടതാണ്.

ദേശീയ കലാമേളക്ക് മുന്നോടിയായി നടത്തപ്പെടുന്ന റീജിയണല്‍ കലാമത്സരങ്ങള്‍  സെപ്തംബര്‍ 27 ശനിയാഴ്ച വെയില്‍സ് റീജിയനില്‍ ആരംഭിക്കും. തുടര്‍ന്ന് ഒക്ടോബര്‍ 04 ശനിയാഴ്ച യോര്‍ക്ഷയര്‍ ആന്‍ഡ് ഹംബര്‍, സൗത്ത് ഈസ്റ്റ് റീജിയനുകളിലും ഒക്ടോബര്‍ 11 ശനിയാഴ്ച നോര്‍ത്ത് വെസ്റ്റ്, മിഡ്‌ലാന്‍ഡ്‌സ് റീജിയനുകളിലും ഒക്ടോബര്‍ 18 ശനിയാഴ്ച ഈസ്റ്റ് ആംഗ്ലിയ, സൗത്ത് വെസ്റ്റ് റീജിയനുകളിലും നടത്തപ്പെടും.  റീജിയണല്‍ കലാമേളകളിലെ വിജയികളാവും യുക്മ കലാമേള മാനുവലിലെ നിബന്ധനകള്‍ക്ക് അനുസൃതമായി ദേശീയ കലാമേളയില്‍ പങ്കെടുക്കുവാന്‍ അര്‍ഹരാവുക. 

വെയില്‍സ് റീജിയണല്‍ മത്സരങ്ങള്‍ക്ക് പ്രസിഡന്റ് ജോഷി തോമസ്, ദേശീയ സമിതയംഗം ബെന്നി അഗസ്റ്റിന്‍, യോര്‍ക്ക്ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണല്‍ മത്സരങ്ങള്‍ക്ക് പ്രസിഡന്റ്  അമ്പിളി സെബാസ്ത്യന്‍, ദേശീയ സമിതിയംഗം ജോസ് വര്‍ഗ്ഗീസ്, സെക്രട്ടറി അജു തോമസ്, സൗത്ത് ഈസ്റ്റ് റീജിയന്‍ മത്സരങ്ങള്‍ക്ക് പ്രസിഡന്റ്  ജിപ്‌സണ്‍ തോമസ്, ദേശീയ സമിതിയംഗം സുരേന്ദ്രന്‍ ആരക്കോട്ട്, സെക്രട്ടറി സാംസണ്‍ പോള്‍, നോര്‍ത്ത് വെസ്റ്റ് റീജിയന്‍ മത്സരങ്ങള്‍ക്ക് പ്രസിഡന്റ് ഷാജി തോമസ് വരാക്കുടി, ദേശീയ സമിതിയംഗം ബിജു പീറ്റര്‍, സെക്രട്ടറി സനോജ് വര്‍ഗീസ്, മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ മത്സരങ്ങള്‍ക്ക് പ്രസിഡന്റ്  അഡ്വ. ജോബി പുതുക്കുളങ്ങര, ദേശീയ സമിതിയംഗം ജോര്‍ജ്ജ് തോമസ്, സെക്രട്ടറി ലൂയിസ് മേനാച്ചേരി, ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ മത്സരങ്ങള്‍ക്ക് പ്രസിഡന്റ്  ജോബിന്‍ ജോര്‍ജ്ജ്, ദേശീയ സമിതിയംഗം ജയ്‌സണ്‍ ചാക്കോച്ചന്‍, സെക്രട്ടറി ഭുവനേഷ് പീതാംബരന്‍, സൗത്ത് വെസ്റ്റ് റീജിയന്‍ മത്സരങ്ങള്‍ക്ക് പ്രസിഡന്റ് സുനില്‍ ജോര്‍ജ്ജ്, ദേശീയ സമിതിയംഗം രാജേഷ് രാജ്, സെക്രട്ടറി ജോബി തോമസ് എന്നിവര്‍ നയിക്കുന്ന റീജിയണല്‍ കമ്മിറ്റികള്‍ നേതൃത്വം നല്‍കും. 

റീജണല്‍, നാഷണല്‍ കലാമേളകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനാവശ്യമായ  പ്രാരംഭ പ്രവര്‍ത്തനങ്ങള്‍  ആരംഭിച്ചതായി യുക്മ നാഷണല്‍ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.

കലാമേളകളില്‍  മത്സരാര്‍ത്ഥികള്‍ക്ക്   രജിസ്റ്റര്‍ ചെയ്യുവാനായി  മുന്‍ വര്‍ഷങ്ങളിലെ പോലെ ഓണ്‍ ലൈന്‍ സംവിധാനം ഒരുക്കിയിട്ടുള്ളതായി  നാഷണല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ പറഞ്ഞു. യുക്മ സഹകാരിയായ ജോസ് പി.എം ന്റെ ഉടമസ്ഥതയിലുള്ള ജെ എം പി  സോഫ്റ്റ്വെയര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കലാമേള രജിസ്‌ട്രേഷന്‍ സിസ്റ്റം പ്രവര്‍ത്തനക്ഷമമായതായി കലാമേള കണ്‍വീനര്‍ വര്‍ഗീസ് ഡാനിയേല്‍ അറിയിച്ചു.

 

 

 

കുര്യന്‍ ജോര്‍ജ്ജ്

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 




കൂടുതല്‍വാര്‍ത്തകള്‍.