CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 50 Minutes 11 Seconds Ago
Breaking Now

ഓണാഘോഷം പ്രൗഡഗംഭീരമാക്കി ഐ ഒ സി (യു കെ) സ്‌കോട്ട്‌ലാന്‍ഡ് യൂണിറ്റ്; ദൃശ്യവിസ്മയം ഒരുക്കി മാവേലി എഴുന്നുള്ളത്തും കലാവിരുന്നുകളും

സ്‌കോട്ട്‌ലാന്‍ഡ്: ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ സ്‌കോട്ട്‌ലാന്‍ഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കിയ ഓണഘോഷം സംഘാടന മികവ് കൊണ്ടും വൈവിദ്ധ്യം കൊണ്ടും പ്രൗഡഗംഭീരമായി. ഐ ഒ സി (യു കെ) സ്‌കോട്ട്‌ലാന്‍ഡ് യൂണിറ്റ് രൂപീകരിച്ചതിന് ശേഷം നടക്കുന്ന പ്രഥമ ആഘോഷ പരിപാടിയായിരുന്നു അരങ്ങേറിയത്.

സംഘടനയുടെ കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ്, കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി റോമി കുര്യാക്കോസ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷോബിന്‍ സാം, യൂണിറ്റ് പ്രസിഡന്റ് മിഥുന്‍ എന്നിവര്‍ പരിപാടികള്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കി.

ചെണ്ടമേളവും ആര്‍പ്പുവിളികളുടേയും അകമ്പടിയില്‍ ഒരുക്കിയ മാവേലി എഴുന്നുള്ളത്തും കേരളീയത നിറഞ്ഞു തുളുമ്പുന്ന ശൈലിയില്‍ അണിഞൊരുങ്ങിയ സദസ്സും പകര്‍ന്ന ദൃശ്യ വിസ്മയാനുഭവം ഗൃഹാതുരത്വം നിറഞ്ഞതായി. സമൃദ്ധമായി ഒരുക്കിയ വേദിയിലേക്ക് സര്‍വ്വവിഭൂഷനായി മാവേലി തമ്പുരാന്‍ ആനയിക്കപ്പെട്ടതോടെ പ്രൗഡഗംഭീരമായ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. 

സംഘടനാ കൂട്ടായ്മകളില്‍ ഓണം പോലുള്ള ആഘോഷ പരിപാടികള്‍ പ്രധാനം ചെയ്യുന്ന പരസ്പര സ്‌നേഹം, ഐക്യം എന്നിവയുടെ പ്രസക്തി വിളിച്ചോതുന്ന രീതിയിലായിരുന്നു ആഘോഷങ്ങള്‍. വളരെ ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു ഇത്തരത്തില്‍ വിപുലമായ ക്രമീകരണങ്ങളോടെ  ഓണാഘോഷം ഏറ്റെടുത്തു നടത്താന്‍ തയ്യാറായ സ്‌കോട്ട്‌ലാന്‍ഡ് യൂണിറ്റിന് കേരള ചാപ്റ്റര്‍ കമ്മിറ്റിയുടെ അനുമോദനവും നന്ദിയും വേദിയില്‍ അറിയിച്ചു. 

ഐ ഒ സി (യു കെ)  സ്‌കോട്ട്‌ലാന്‍ഡ് യൂണിറ്റ് പ്രവര്‍ത്തകര്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ഒരുമിച്ചിരുന്നു അസ്വദിച്ചത് പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് പുത്തന്‍ അനുഭവം പകര്‍ന്നു. യൂണിറ്റ് അംഗങ്ങളും കുട്ടികളും ചേര്‍ന്നു അവതരിപ്പിച്ച കലാവിരുന്നുകള്‍ ഓണാഘോഷത്തിന്റെ മാറ്റ് വര്‍ധിപ്പിച്ചു. 

മാവേലിയുടെ വേഷഭൂഷകളോടെ വേദിയിലെത്തിയ ഇഷാന്‍ സാബിര്‍ ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ഗാന രചനയിലെ മികവിന് എഡിന്‍ബ്രോ കൗണ്‍സിലിന്റെ അവാര്‍ഡ് കരസ്തമാക്കിയ കൊച്ചുമിടുക്കി അനലിന്‍ ഗീവര്‍ഗീസിനെ ഐ ഒ സി (യു കെ) - കേരള ചാപ്റ്റര്‍ പ്രസിഡന്റ് ഷൈനു ക്ലെയര്‍ മാത്യൂസ് വേദിയില്‍ ആദരിച്ചു. 

ബിജു വര്‍ഗീസ്, ഡോ. ഡാനി, ഡയാന, അമ്പിളി, ഗീവര്‍ഗീസ്, അഞ്ചു, ലിജിന്‍, ജയിംസ്, ഷിജി, ചെല്‍സ്, സുധീന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചു. 

പരിപാടിയുടെ വലിയ വിജയത്തില്‍ ചെറുതല്ലാത്ത പങ്കുവഹിച്ച സ്‌പോണ്‍സര്‍ ആഷിര്‍ അന്‍സാറിനും (ക്ലമെന്റിയ കെയര്‍ ഏജന്‍സി),  പരിപാടിയില്‍ പങ്കാളികളായവര്‍ക്കുമുള്ള നന്ദി യൂണിറ്റ് ഭാരവാഹികള്‍ രേഖപ്പെടുത്തി.

റോമി കുര്യാക്കോസ് 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.