സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന തിരിച്ചുവരവാണ് ചിയാന്‍ വിക്രമിന്റേത്. നടന്റേതായി അവസാനമിറങ്ങിയ സിനിമകള്‍ എല്ലാം ബോക്‌സ് ഓഫീസില്‍ പരാജയമായിരുന്നു. മികച്ച സിനിമകളിലൂടെ നടന്‍ തിരിച്ചുവരണമെന്നാണ് ആരാധകരുടെ ആവശ്യം. അടുത്തിടെ മെയ്യഴകന്‍ ഒരുക്കിയ പ്രേംകുമാറിനൊപ്പവും മാവീരന്‍ സംവിധായകന്‍ മഡോണ്‍ അശ്വിനൊപ്പവും ചിയാന്‍ വിക്രം സിനിമകള്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ സിനിമകള്‍ ഉപേക്ഷിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.
നിലവില്‍ ഈ രണ്ട് സിനിമകളും ഉപേക്ഷിച്ചെന്നും അതിന് പകരമായി അതേ നിര്‍മാണ കമ്പനികള്‍ മറ്റു രണ്ട് സംവിധായകരെ വെച്ച് വിക്രമുമായി മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ സംവിധായകനായ വിഷ്ണു എടവന്‍ വിക്രമിനോട് കഥ പറഞ്ഞെന്നും ഈ സിനിമയുമായി മുന്നോട്ട് പോകാന്‍ നടന്‍ തീരുമാനിച്ചെന്നുമാണ് സൂചന. നേരത്തെ വിക്രമിന്റെ 63 -ാം സിനിമയായി മഡോണ്‍ അശ്വിന്‍ ചിത്രം പ്രഖ്യാപിച്ചിരുന്നെങ്കിലും തിരക്കഥ പൂര്‍ത്തിയാകാത്തത് മൂലം സിനിമ മാറ്റിവെക്കുകയായിരുന്നു.