അനധികൃത കുടിയേറ്റക്കാരന് അനുകൂലമായി ഹൈക്കോടതി വിധി വന്നതോടെ മറ്റുള്ളവര്‍ ഈ വഴിതേടുമെന്ന ആശങ്കയില്‍ ലേബര്‍ ഗവണ്‍മെന്റ്. ഫ്രാന്‍സിലേക്ക് നാടുകടത്താനുള്ള പദ്ധതി കൈയ്യാലപ്പുറത്ത് ഇരുത്തിയാണ് ചെറുബോട്ടില്‍ ബ്രിട്ടീഷ് മണ്ണിലെത്തിയ കുടിയേറ്റക്കാരനെ മടക്കുന്നതിനെ ഹൈക്കോടതി തടഞ്ഞത്.
ഇതോടെ ലേബറിന്റെ പദ്ധതി പ്രതിസന്ധിയിലായി. ആദ്യമായാണ് കോടതിയില്‍ നിന്നും ഇത്തരമൊരു വിധി വരുന്നത്. അതുകൊണ്ട് തന്നെ മറ്റ് അനധികൃത കുടിയേറ്റക്കാരും നാടുകടത്തല്‍ തടയാന്‍ സമാനമായ നീക്കം നടത്താന്‍ സാധ്യതയുണ്ട്. ഇത് സംഭവിച്ചാല്‍ നാടുകടത്തല്‍ കരാര്‍ പേപ്പറില്‍ അവശേഷിക്കും.
നാടുകടത്തല്‍ സ്‌കീം അനുസരിച്ച് കുടിയേറ്റക്കാരെ വഹിച്ചുള്ള രണ്ട് വിമാനങ്ങള്‍ ഹീത്രൂവില്‍ നിന്നും പുറപ്പെടാന്‍ ഇരിക്കവെയാണ് അവസാന നിമിഷം നിയമപരമായ വെല്ലുവിളിയോടെ തടഞ്ഞത്. നിയമപരമായി തടയപ്പെട്ടതോടെ പദ്ധതി 'മരിച്ചുവെന്ന്' ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് പ്രതികരിച്ചു.
ചാനല്‍ കുടിയേറ്റ ഗിമിക്ക് സമ്പൂര്‍ണ്ണ പരാജയം നേരിടുകയാണ്. രണ്ട് വിമാനങ്ങള്‍ കോടതിയില്‍ തോറ്റതോടെ പറക്കാന്‍ പരാജയപ്പെട്ടു, നാടുകടത്തല്‍ പൂജ്യമായി. ഒരൊറ്റ കുടിയേറ്റക്കാരനെ പോലും പുറത്താക്കാന്‍ കഴിഞ്ഞില്ല. ആയിരങ്ങള്‍ ഇതിനിടെ പുതുതായി പ്രവേശിക്കുന്നു. പദ്ധതി മരിച്ചിരിക്കുന്നു. മനുഷ്യവകാശങ്ങളും, ആധുനിക അടിമത്ത വാദങ്ങളും തുടങ്ങുന്നതിന് മുന്‍പെ പദ്ധതിയെ അവസാനിപ്പിച്ചു, ക്രിസ് ഫിലിപ്പ് പറഞ്ഞു.
കണ്‍സര്‍വേറ്റീവിന്റെ റുവാന്‍ഡ പ്ലാന്‍ അട്ടിമറിച്ച സ്റ്റാര്‍മര്‍ ഫ്രാന്‍സുമായുള്ള നാടുകടത്തല്‍ കരാര്‍ പ്രശ്‌നം തീര്‍ക്കുമെന്ന് നേരത്തെ അവകാശപ്പെട്ടിരുന്നു. മുന്നറിയിപ്പുകള്‍ അവഗണിച്ച് മുന്നോട്ട് പോയ ലേബറിന് കോടതി വിധി കനത്ത ആഘാതമാണ്.