ഒപ്പം ജോലി ചെയ്യുന്ന സഹജീവനക്കാരെ ലൈംഗിക തൃപ്തിക്കുള്ള ആയുധമാക്കി ഉപയോഗിച്ച ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ക്ക് ആറ് വര്‍ഷം ജയില്‍ശിക്ഷ വിധിച്ച് കോടതി. ഒരു വനിതാ സഹജവീനക്കാരെയാണ് എന്‍എച്ച്എസ് ഹാര്‍ട്ട് സര്‍ജനായിരുന്ന ഡോ. അമല്‍ ബോസ് ലൈംഗികമായി ഉപദ്രവിച്ചിരുന്നത്. പട്ടാപ്പകല്‍ കണ്‍മുന്നില്‍ ഒളിച്ച ലൈംഗിക വേട്ടക്കാരനെന്നാണ് ഇയാളെ വിശേഷിപ്പിച്ചത്.
ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ സര്‍ജറിയ്ക്കായി ഒരുങ്ങുന്നതിനിടെ സഹായിച്ച് കൊണ്ടിരുന്ന നഴ്‌സിനെ വരെ കയറിപ്പിടിച്ച വ്യക്തിത്വമാണ് 55-കാരനായ അമല്‍ ബോസിന്റേത്. ഫ്രഷ് മാംസം എന്ന് വിശേഷിപ്പിച്ച് മറ്റൊരു ജീവനക്കാരിയുടെ സ്തനങ്ങളിലും ഇയാള്‍ കയറിപ്പിടിച്ചു. ഒടുവില്‍ അനിവാര്യമായ പതനം സംഭവിക്കുകയും ചെയ്തു. നഴ്‌സുമാര്‍ ഉള്‍പ്പെടെ സഹജീവനക്കാര്‍ സംഭവം റിപ്പോര്‍ട്ട് ചെയ്ത് തുടങ്ങിയതോടെയാണ് സീനിയര്‍ ഡോക്ടറുടെ മുഖം മൂടി വലിച്ചുകീറപ്പെട്ടത്.
ജോലിയില്‍ നിന്നും സസ്‌പെന്‍ഷന്‍ നേരിടുകയും, ഒടുവില്‍ പുറത്താക്കപ്പെടുകയും ചെയ്ത അമല്‍ ബോസ് ജയിലില്‍ പോകുന്നതിന് മുന്‍പ് ഉപജീവനത്തിനായി പാഴ്‌സല്‍ ഡെലിവെറി ചെയ്ത് വരികയായിരുന്നു. അഞ്ച് മക്കളുടെ പിതാവായ ബോസ് മറ്റൊരു ജീവനക്കാരിയുടെ ടോപ്പ് വലിച്ചുതാഴ്ത്തി ശരീരം പ്രദര്‍ശിപ്പിക്കുകയും ചെയ്‌തെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.
മിഠായി കഴിച്ച് കൊണ്ടിരുന്ന സഹജീവനക്കാരിയോട് പോലും ഇതേക്കുറിച്ച് അശ്ലീലം പറയാന്‍ ബോസിന് മടിയുണ്ടായിരുന്നില്ല. അതേസമയം ലങ്കാഷയര്‍ ഹോസ്പിറ്റലില്‍ നിന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഗുരുതര ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് ജയിലില്‍ പോകുന്ന ആറാമത്തെ ഹെല്‍ത്ത് പ്രൊഫഷണലാണ് ബോസ്.
ബ്ലാക്ക്പൂള്‍ വിക്ടോറിയ ഹോസ്പിറ്റലില്‍ കാര്‍ഡിയോതൊറാസിക് സര്‍ജറി മേധാവിയായിരുന്നു ബോസ്. ബഹുമാന്യമായ പദവിയില്‍ ഇരുന്ന് കൊണ്ടാണ് ഇയാള്‍ തെമ്മാടിത്തരങ്ങള്‍ കാണിച്ചിരുന്നത്. ഈ പദവി തന്നെ സംരക്ഷിക്കുമെന്ന തോന്നലിലാണ് ബോസ് ഈ സഹജീവനക്കാരെ വേട്ടയാടിയതെന്ന് പ്രസ്റ്റണ്‍ ക്രൗണ്‍ കോടതി ജഡ്ജ് ചൂണ്ടിക്കാണിച്ചു. മുന്നില്‍ കാണുന്ന ആരോടും, എപ്പോള്‍ വേണമെങ്കിലും ലൈംഗിക തൃപ്തിക്കായി ചെയ്യാന്‍ തോന്നുന്നത് ചെയ്യാമെന്ന തോന്നല്‍ നിങ്ങളൊരു ലൈംഗിക വേട്ടക്കാരനായത് കൊണ്ടാണെന്നും ജഡ്ജ് വ്യക്തമാക്കി.