അനധികൃത കുടിയേറ്റക്കാരെ നിയന്ത്രിക്കാനുള്ള പദ്ധതിയുടെ ഭാഗമായി രാജ്യത്തെ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ ഐഡി കാര്‍ഡുകള്‍ പ്രഖ്യാപിക്കാന്‍ കീര്‍ സ്റ്റാര്‍മര്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പദ്ധതിയുടെ പ്രഖ്യാപനം നടക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഡിജിറ്റല്‍ ഐഡി സ്‌കീം നടപ്പിലാക്കാനുള്ള നീക്കവുമായി പ്രധാനമന്ത്രി മുന്നോട്ട് തന്നെ പോകുകയാണെന്നാണ് അധികൃതരെ ഉദ്ധരിച്ച് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്റ്റംബര്‍ 28ന് ലേബര്‍ പാര്‍ട്ടി കോണ്‍ഫറന്‍സ് ആരംഭിക്കുന്നുണ്ട്. ഇതിന് അനുബന്ധമായി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് പറയുന്നു.
സ്‌കീമിന്റെ കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. അതുകൊണ്ട് തന്നെ അന്തിമപ്രഖ്യാപനത്തില്‍ മാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഡിജിറ്റല്‍ ഐഡി കാര്‍ഡ് വരുന്നതോടെ യുകെ അനധികൃത കുടിയേറ്റക്കാര്‍ക്ക് അനഭിമതമാക്കി മാറ്റുകയാണ് പ്രധാനമന്ത്രിയുടെ ഉദ്ദേശം.
കഴിഞ്ഞ ഏതാനും ആഴ്ചകളായി പൊതുജനങ്ങള്‍ക്കിടയില്‍ ഐഡി കാര്‍ഡിന് പിന്തുണ ഏറുന്നുണ്ട്. ഐഡി കാര്‍ഡിന് അനുകൂലമാണ് തന്റെ വ്യക്തിപരവും, രാഷ്ട്രീയവുമായ കാഴ്ചപ്പാടെന്ന് പുതിയ ഹോം സെക്രട്ടറി ഷബാന മഹ്മൂദും പ്രഖ്യാപിച്ചിട്ടുണ്ട്. കാര്‍ഡ് നിലവില്‍ വന്നാല്‍ അനധികൃതമായി ജോലി ചെയ്യുന്നത് തടയാനും, കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍ ഒഴിവാക്കാനും കഴിയുമെന്നാണ് ഇവര്‍ വിശദീകരിക്കുന്നത്.
ചെറുബോട്ടുകളില്‍ ഇംഗ്ലീഷ് ചാനല്‍ കടന്നെത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ വന്‍തോതില്‍ ഡെലിവെറൂ, ജസ്റ്റ് ഈറ്റ് ഡെലിവെറി ഡ്രൈവര്‍മാരായി ജോലി ചെയ്ത് പതിവായി നിയമലംഘനം നടത്തുന്നുവെന്നാണ് കണ്ടെത്തല്‍.