
















ചെങ്കോട്ട സ്‌ഫോടനക്കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അല്‍-ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. ഷഹീന്‍ സയീദിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഷഹീന്‍ സയീദിന്റെത് വിചിത്രമായ പെരുമാറ്റമായിരുന്നെന്നു സഹപ്രവര്‍ത്തകര്‍ വെളിപ്പെടുത്തി. ശരിക്കും ജോലി വൈകിട്ട് 4 മണിക്ക് ശേഷം ആണെന്ന് ഷഹീന്‍ ഇടയ്ക്കിടെ പറയുമായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. റിസര്‍ച്ച് സെന്ററിലെ 'പകല്‍ ജോലി' കഴിഞ്ഞ് എല്ലാ ദിവസവും വൈകുന്നേരം 4 മണിക്ക് ശേഷം മാത്രമേ തന്റെ 'ജോലി' ആരംഭിക്കൂ എന്നുള്ള ഷഹീന്റെ സംസാരത്തില്‍ ദുരൂഹത തോന്നിയിരുന്നു എന്നാണ് സഹപ്രവര്‍ത്തകര്‍ ദേശീയ മാധ്യമമായ എന്‍ഡിടിവിയോട് വെളിപ്പെടുത്തിയത്.
ഷഹീന്‍ സയീദിന്റെത് വിചിത്രമായ പെരുമാറ്റമായിരുന്നെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു. കോളജിലെ അച്ചടക്കം പാലിക്കാന്‍ ഷഹീന്‍ തയാറായിരുന്നില്ല. പലപ്പോഴും ആരെയും അറിയിക്കാതെ കോളജില്‍ നിന്നു പുറത്ത് പോകാറുണ്ടെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവരാന്‍ പ്രതികള്‍ ഉപയോഗിച്ച രണ്ട് കാറുകളെങ്കിലും സയീദിന്റെതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറും ഒരു മാരുതി ബ്രസ കാറുമാണ് എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ നിന്നും പൊലീസ് ഒരു റൈഫിളും വെടിയുണ്ടകളും കണ്ടെടുത്തിരുന്നു. ബ്രെസ്സ കാര്‍ ഷഹീന്‍ തന്നെയാണ് സ്ഥിരമായി ഓടിച്ചിരുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം ഡോ. ഷഹീന്‍ ഷാഹിദ് ദുബായിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. പാസ്പോര്‍ട്ടിനായി അപേക്ഷിച്ച ഷഹീന്‍, കൂട്ടാളികള്‍ പദ്ധതിക്ക് അന്തിമരൂപം നല്‍കുമ്പോള്‍ ദുബായിലേക്ക് കടക്കാന്‍ ഒരുങ്ങുകയായിരുന്നു . എന്നാല്‍, ജമ്മു കശ്മീര്‍, സഹാറന്‍പൂര്‍, ഫരീദാബാദ് എന്നിവിടങ്ങളിലുണ്ടായ അറസ്റ്റുകളോടെ ഭീകര ബന്ധം പുറത്തുവരികയും ഷഹീന്‍ രക്ഷപ്പെടുന്നതിന് മുമ്പ് തന്നെ പൊലീസ് ഇവരെ പിടികൂടുകയും ആയിരുന്നു.