
















ഭര്‍തൃ വീട്ടില്‍ 20 കാരി തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. ഭര്‍ത്താവ് ഷാരോണ്‍ അര്‍ച്ചനയെ കൊന്നതാണെന്ന് പിതാവ് പറഞ്ഞു. സംശയ രോഗിയായിരുന്നു ഷാരോണ്‍. അര്‍ച്ചനയെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. ആറുമാസമായി ഫോണ്‍ ചെയ്യാന്‍ പോലും അനുവദിച്ചിരുന്നില്ല. മകളുടെ മരണത്തില്‍ ഭര്‍ത്താവിന്റെ കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്ന് പിതാവ് ആരോപിച്ചു.
'മെമ്പര്‍ പറയുമ്പോഴാണ് മരണവിവരം അറിയുന്നത്. കല്യാണം കഴിഞ്ഞിട്ട് ഏഴുമാസമേ ആയിട്ടുള്ളൂ. പ്രണയവിവാഹമായിരുന്നു. ഷാരോണ്‍ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്നെല്ലാം കേട്ടിട്ടുണ്ട്. അവളെ ഒറ്റയ്ക്ക് എവിടെയും വിടുമായിരുന്നില്ല. വിളിക്കാറും വരാറുമൊന്നുമുണ്ടായിരുന്നില്ല', പിതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് അര്‍ച്ചനയുടെ മൃതദേഹം ഭര്‍തൃവീടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍വെച്ച് തീകൊളുത്തിയ അര്‍ച്ചന, ദേഹമാസകലം തീപടര്‍ന്നതോടെ വീട്ടില്‍ നിന്ന് ഇറങ്ങിയോടി പിറകുവശത്തെ കാനയില്‍ ചാടിയതാണെന്നാണ് നിഗമനം. സംഭവസമയത്ത് അര്‍ച്ചന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മകളുടെ കുട്ടിയെ അങ്കണവാടിയില്‍ നിന്നും വിളിച്ചുകൊണ്ടുവരാന്‍ പോയ ഷാരോണിന്റെ മാതാവ് തിരികെ വന്നപ്പോഴാണ് മൃതദേഹം കാണുന്നത്. ഷാരോണിനെ ഇന്നലെത്തന്നെ കസ്റ്റഡിയിലെടുത്തിരുന്നു.