CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 29 Seconds Ago
Breaking Now

'ഓ ബൈ ഓസി'യില്‍ നിന്ന് തട്ടിയത് 66 ലക്ഷം, തുക പ്രതികള്‍ ആഡംബര ജീവിതത്തിനായി ചെലവഴിച്ചു; ക്രൈംബ്രാഞ്ച് കുറ്റപത്രം

തട്ടിയെടുത്ത പണം പ്രതികള്‍ ആഡംബര ജീവിതത്തിനായി ചെലവഴിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രമായി. സ്ഥാപനത്തില്‍ നിന്നും 66 ലക്ഷം രൂപയാണ് നഷ്ടമായതെന്നാണ് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിലുള്ളത്. സ്ഥാപനത്തിലെ മൂന്ന് മുന്‍ ജീവനക്കാരികളും ഒരാളുടെ ഭര്‍ത്താവും കേസില്‍ പ്രതിയാണ്. ദിവ്യ, രാധാകുമാരി, വിനീത, വിനീതയുടെ ഭര്‍ത്താവ് ആദര്‍ശ് എന്നിവരാണ് പ്രതികള്‍. ദിയ കൃഷ്ണ നടത്തുന്ന ആഭരണക്കടയായ 'ഒ ബൈ ഓസി'യിലെ ക്യു ആര്‍ കോഡില്‍ കൃത്രിമം കാണിച്ച് മൂന്ന് ജീവനക്കാരികള്‍ പണം തട്ടിയെടുത്തു എന്നായിരുന്നു കേസ്.

തട്ടിയെടുത്ത പണം പ്രതികള്‍ ആഡംബര ജീവിതത്തിനായി ചെലവഴിച്ചെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. വിശ്വാസ വഞ്ചന, മോഷണം എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ ചുമത്തി. ദിയ സ്ഥാപനത്തില്‍ സ്ഥാപിച്ച ക്യൂ ആര്‍ കോഡിന് പകരം മറ്റൊന്ന് സ്ഥാപിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്.

അതേസമയം ജീവനക്കാരികളുടെ എതിര്‍പരാതിയില്‍ കഴമ്പില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. തട്ടിക്കൊണ്ടുപോയെന്നാരോപിച്ചായിരുന്നു ഇവര്‍ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിയും പരാതി നല്‍കിയത്. തുടര്‍ന്ന് കൃഷ്ണകുമാര്‍, ദിയ, സുഹൃത്ത് സന്തോഷ് എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

കവടിയാറിലെ ദിയയുടെ 'ഓ ബൈ ഓസി' എന്ന ആഭരണങ്ങളും സാരിയും വില്‍ക്കുന്ന ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പ്ലാറ്റ്‌ഫോമിലെ സ്ഥാപനത്തിലാണ് ക്യൂആര്‍ കോഡില്‍ തിരിമറി നടത്തി ജീവനക്കാര്‍ പണം തട്ടിയത്. തുടര്‍ന്ന് പൊലീസ് പരാതി നല്‍കുകയും ജീവനക്കാര്‍ക്കെതിരെ കേസെടുക്കുകയുമായിരുന്നു. ഇതിനു പിന്നാലെയാണ് കൃഷ്ണകുമാറിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ ജീവനക്കാരികള്‍ പരാതി നല്‍കിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.