
















ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാമിന്റെ മൊഴിയെടുക്കാന്‍ ആലോചന. കേസില്‍ ജയറാമിനെ സാക്ഷിയാകുമെന്ന് എസ്‌ഐടി അറിയിച്ചു. ശബരിമലയിലെ ദ്വാരപാലക പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ജയറാമിന്റെ വീട്ടില്‍ കൊണ്ട് പോയിരുന്നു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പത്മകുമാറിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ നാളെ അന്വേഷണസംഘം അപേക്ഷ സമര്‍പ്പിക്കും. കൊല്ലം വിജിലന്‍സ് കോടതിയിലാണ് അപേക്ഷ സമര്‍പ്പിക്കുന്നത്. ഇതിനിടെ എ പത്മകുമാറിന്റെ പാസ്പോര്‍ട്ട് എസ്.ഐ.ടി. പിടിച്ചെടുത്തു. വീട്ടില്‍ നടന്ന റെയ്ഡിലാണ് പാസ്പോര്‍ട്ട് പിടിച്ചെടുത്തത്. എ പത്മകുമാറിന്റെയും ഭാര്യയുടെയും ആസ്തികള്‍ സംബന്ധിച്ച് പരിശോധന നടത്തുകയാണ്.
ശബരിമല പാളികള്‍ ഇളക്കിയെടുത്ത് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള തീരുമാനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന എ.പത്മകുമാറിന്റേതു മാത്രമായിരുന്നുവെന്ന് അന്നത്തെ ബോര്‍ഡ് അംഗങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിനു (എസ്‌ഐടി) മൊഴി നല്‍കിയെന്നു സൂചന.
ദ്വാരപാലക ശില്‍പങ്ങളില്‍നിന്ന് ഇളക്കിയെടുത്ത പാളികള്‍ 39 ദിവസത്തിനു ശേഷം മാത്രം ചെന്നൈയില്‍ എത്തിച്ചതിലും പിന്നീട് തിരിച്ചു കൊണ്ടുവന്നപ്പോള്‍ ഭാരം തിട്ടപ്പെടുത്താതെ സ്ഥാപിച്ചതിലുമടക്കം ബോര്‍ഡിന്റെ ഭാഗത്തുനിന്നു ദുരൂഹമായ അലംഭാവം ഉണ്ടായതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ ബോര്‍ഡിന് കൂട്ടുത്തരവാദിത്തമാണെങ്കിലും അതില്‍ ബോര്‍ഡ് അംഗങ്ങള്‍ എന്തു വിശദീകരണം നല്‍കിയെന്നു വ്യക്തമല്ല.