
















യുവതിയുടെ പരാതിയില്‍ എടുത്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സൃഹൃത്തിനെയും പ്രതി ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിലിന് പുറമെ സൃഹൃത്ത് ജോബി ജോസഫിനെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവില്‍ നിന്ന് യുവതിക്ക് ഗുളിക എത്തിച്ചുനല്‍കിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പത്തനംതിട്ട അടൂര്‍ സ്വദേശിയായ ജോബി ഡോക്ടറുടെ കുറിപ്പടിയില്ലാതെയായിരുന്നു മരുന്ന് എത്തിച്ചുനല്‍കിയതെന്നും യുവതിയുടെ മൊഴിയിലുണ്ട്. ബിനിനസ്സുകാരനാണ് ജോബി.
ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിച്ചുവെന്നായിരുന്നു യുവതി പൊലീസിന് മൊഴി നല്‍കിയത്. ബെംഗളൂരുവില്‍ നിന്ന് രാഹുലിന്റെ സുഹൃത്ത് മരുന്ന് എത്തിച്ചു നല്‍കിയെന്നും മരുന്ന് കഴിച്ചെന്ന് വീഡിയോ കോള്‍ വിളിച്ച് രാഹുല്‍ ഉറപ്പ് വരുത്തിയെന്നും യുവതി പൊലീസിനോട് പറഞ്ഞിരുന്നു. രാഹുല്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതായി യുവതി പൊലീസിനോട് പറഞ്ഞു. മരുന്നു കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഈ സമ്മര്‍ദ്ദത്തിലാണ് മരുന്ന് കഴിച്ചതെന്നും യുവതി പറയുന്നു.
യുവതി പരാതി നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവിലാണ്. രാഹുലിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പത്തനംതിട്ട, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് രാഹുലിനായി അന്വേഷണം നടത്തുകയാണ്. കേസില്‍ മുന്‍കൂര്‍ജാമ്യത്തിനുള്ള നീക്കം രാഹുല്‍ നടത്തിവരികയാണ്. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുല്‍ സംസാരിച്ചതായാണ് വിവരം.
ഇന്നലെയാണ് മുഖ്യമന്ത്രിയെ കണ്ട് പെണ്‍കുട്ടി തന്റെ പരാതി കൈമാറിയത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കുകയായിരുന്നു. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതിയുടെ പരാതി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിരുന്നു.