
















ഓസ്ട്രേലിയയിലെ അഡലെയ്ഡില്‍ ഭാര്യ സുപ്രിയ താക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് വിക്രാന്ത് താക്കൂര്‍ കുറ്റസമ്മതം നടത്തി. എന്നാല്‍ താന്‍ ചെയ്തത് കൊലപാതകമല്ല, മറിച്ച് മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ ആണെന്നാണ് ഇയാള്‍ അഡലെയ്ഡ് മജിസ്ട്രേറ്റ് കോടതിയില്‍ വാദിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു പ്രവാസി സമൂഹത്തെ നടുക്കിയ ഈ സംഭവം നടന്നത്. ജനുവരി 14-ന് രണ്ടാം തവണ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് വിക്രാന്ത് തന്റെ നിലപാട് വ്യക്തമാക്കിയത്.
അഭിഭാഷകന്റെ നിര്‍ദ്ദേശപ്രകാരം ഞാന്‍ നരഹത്യയില്‍ കുറ്റസമ്മതം നടത്തുന്നു, പക്ഷെ ഞാന്‍ കൊലപാതകത്തിന് കുറ്റക്കാരനല്ല എന്ന് വിക്രാന്ത് കോടതിയില്‍ പറഞ്ഞു. മനപ്പൂര്‍വ്വം ജീവനെടുക്കുന്നതിനെയാണ് കൊലപാതകമായി കണക്കാക്കുന്നത്. എന്നാല്‍ ഒരാളുടെ മരണം സംഭവിക്കാന്‍ കാരണമായെങ്കിലും അത് മനപ്പൂര്‍വ്വമല്ലെങ്കില്‍ അതിനെ നരഹത്യയായി പരിഗണിക്കും. ശിക്ഷാ കാലാവധിയില്‍ ഇതിന് വലിയ വ്യത്യാസമുണ്ടെന്നുമായിരുന്നു വിക്രാന്തിന്റെ വാദം.
ഡിസംബര്‍ 21-നാണ് അഡലെയ്ഡിന്റെ വടക്കന്‍ പ്രാന്തപ്രദേശത്തുള്ള വീട്ടില്‍ ഗാര്‍ഹിക പീഡനം നടക്കുവന്നുവെന്ന വിവരത്തെ തുടര്‍ന്ന് പൊലീസെത്തി. വീട്ടിലെത്തിയപ്പോള്‍ സുപ്രിയയെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് വിക്രാന്തിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിഎന്‍എ പരിശോധനാ ഫലങ്ങള്‍ക്കും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനുമായി കേസ് ഏപ്രിലിലേക്ക് കോടതി മാറ്റിയിരിക്കുകയാണ്.