
















കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയതിന് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളെന്ന് സൂചന. മകളുടെ വിവാഹബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്ന സന്ദേശം മരിക്കും മുമ്പ് ഇവര്‍ ബന്ധുക്കള്‍ക്ക് അയച്ചിരുന്നു.കമലേശ്വരം സ്വദേശികളായ എസ് എല്‍ സജിത(54), മകള്‍ ഗ്രീമ എസ് രാജ് (30)എന്നിവരെ ഇന്നലെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സയനൈഡ് കഴിച്ചാണ് ഇവര്‍ ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക വിവരം. മൃതദേഹത്തിന് സമീപത്തുനിന്നും സയനൈഡ് കഴിക്കാനുപയോഗിച്ചതെന്ന് കരുതുന്ന ഗ്ലാസും ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.
ഗ്രീമയെ ഭര്‍ത്താവ് ഉപേക്ഷിച്ചതിന്റെ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമാക്കുന്നതാണ് കുറിപ്പ്. തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ കാരണം മകളുടെ ഭര്‍ത്താവാണെന്നും കേവലം 25 ദിവസം കൂടെ താമസിച്ച് അവളെ അവന്‍ ഉപേക്ഷിച്ചെന്നും അപമാനഭാരം താങ്ങാനാവുന്നില്ലെന്നും സജിത ബന്ധുക്കള്‍ക്ക് അയച്ച സന്ദേശത്തിലും പറയുന്നുണ്ട്.
സയനൈഡ് കഴിച്ച് തങ്ങള്‍ ജീവനൊടുക്കുന്നുവെന്ന സന്ദേശം കുടുംബഗ്രൂപ്പില്‍ ഇവര്‍ പങ്കുവെച്ചതിന് പിന്നാലെ ബന്ധുക്കള്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വീട്ടിനകത്തെ സോഫയില്‍ കൈകള്‍ കോര്‍ത്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍. സജിതയുടെ ഭര്‍ത്താവ് ആര്യന്‍കുഴിക്ക് സമീപം ശാന്തിഗാര്‍ഡനില്‍ താമസിക്കുന്ന റിട്ട അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ രാജീവ് അടുത്തിടെയാണ് മരിച്ചത്.
ആറ് വര്‍ഷം മുന്‍പ് കല്യാണം കഴിച്ച ഗ്രീമയുടെ വിവാഹജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും ഇത് കുടുംബത്തെ വല്ലാതെ പ്രയാസത്തിലാക്കിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. അമ്പലത്തറ പഴഞ്ചിറയ്ക്ക് സമീപം താമസിക്കുന്ന ബി എം ഉണ്ണികൃഷ്ണനാണ് ഗ്രീമയുടെ ഭര്‍ത്താവ്. ഇയാള്‍ അയര്‍ലന്‍ഡില്‍ കോളേജ് അധ്യാപകനാണ്. ഉണ്ണികൃഷ്ണന്‍ അടുത്തിടെ നാട്ടിലെത്തിയപ്പോള്‍ കുടുംബത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ബന്ധം തുടരാന്‍ താല്പര്യമില്ലെന്ന് ഇയാള്‍ ഗ്രീമയെ അറിയിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. വിവാഹത്തിന് ശേഷം കേവലം ഒരുമാസം മാത്രമാണ് ഗ്രീമയും ഭര്‍ത്താവും ഒരുമിച്ച് താമസിച്ചത്. 200ലധികം പവന്‍ സ്വര്‍ണവും വീടും സ്ഥലവും അടക്കമുള്ള സ്വത്തുക്കളും നല്‍കിയായിരുന്നു വിവാഹമെന്നും ബന്ധുക്കള്‍ പറഞ്ഞു.