
















ഷാഹിദ് കപൂറിനെ നായകനാക്കി വിശാല്‍ ഭരദ്വാജ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നര്‍ ചിത്രമാണ് 'ഓ റോമിയോ'. സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനിടെ നടന്‍ നാനാ പടേക്കര്‍ ഇറങ്ങിപ്പോയി. പരിപാടി കൃത്യസമയത്ത് ആരംഭിക്കാത്തതിനെ തുടര്‍ന്നും താരങ്ങളായ ഷാഹിദ് കപൂറിനും തൃപ്തി ദിമ്രിക്കും വേണ്ടി ഒരു മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നതോടെയും ക്ഷുഭിതനായാണ് നടന്‍ പരിപാടിയില്‍ നിന്ന് ഇറങ്ങി പോയത്. നടന്‍ പരിപാടിയില്‍ നിന്ന് ഇറങ്ങി പോകുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
സംവിധായകന്‍ വിശാല്‍ ഭരദ്വാജ് ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടുണ്ട്. 'നാന ചടങ്ങില്‍ നിന്ന് പോയി, എങ്കിലും എനിക്ക് അദ്ദേഹത്തെക്കുറിച്ച് സംസാരിക്കാനുണ്ട്. ക്ലാസിലെ ഏറ്റവും വികൃതിയായ കുട്ടിയെപ്പോലെയാണ് നാന. മറ്റുള്ളവരെ വിരട്ടുകയും എന്നാല്‍ ഏറ്റവും കൂടുതല്‍ രസിപ്പിക്കുകയും ചെയ്യുന്ന ഒരു കുട്ടി.
എനിക്ക് നാനയെ 27 വര്‍ഷമായി അറിയാം, പക്ഷേ ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഇതാദ്യമായാണ്. അദ്ദേഹം ഇവിടെ ഉണ്ടായിരുന്നെങ്കില്‍ അത് ഗംഭീരമായേനെ. പക്ഷേ, ഞങ്ങള്‍ ഒരു മണിക്കൂര്‍ കാത്തുനിര്‍ത്തിയതു കൊണ്ട് അദ്ദേഹം സാധാരണപോലെ എഴുന്നേറ്റ് ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോയി. അതില്‍ ഞങ്ങള്‍ക്ക് വിഷമം തോന്നിയില്ല, കാരണം ഇതാണ് നാനയെ നാനാ പടേക്കര്‍ ആക്കുന്നതെന്ന് ഞങ്ങള്‍ക്കറിയാം,' വിശാല്‍ ഭരദ്വാജ് പറഞ്ഞു.