
















കമലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച് ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ ഭര്‍ത്താവിന്റെ ക്രൂരമായ മാനസിക പീഡനമെന്ന് റിപ്പോര്‍ട്ടുകള്‍. ഐശ്വര്യമില്ലെന്ന് ആക്ഷേപിച്ച് ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണന്‍ ഉപേക്ഷിച്ചതിലുള്ള മനോവിഷമമാണ് സജിതയെയും മകള്‍ ഗ്രീമയെയും ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചത്. അയര്‍ലണ്ടില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ ഉണ്ണിക്കൃഷ്ണന്‍ വിവാഹം കഴിഞ്ഞ് വെറും 25 ദിവസത്തിന് ശേഷമാണ് ഗ്രീമയെ ഉപേക്ഷിച്ചത്.
വര്‍ഷങ്ങളായി പരിശ്രമിച്ചിട്ടും തനിക്ക് പിഎച്ച്ഡി പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഐശ്വര്യക്കേട് കൊണ്ടാണെന്ന് ഉണ്ണിക്കൃഷ്ണന്‍ വിശ്വസിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. അടുത്തിടെ നാട്ടിലെ ഒരു മരണാനന്തര ചടങ്ങിനെത്തിയപ്പോള്‍ ബന്ധുക്കളുടെ മുന്നില്‍ വെച്ച് ഇയാള്‍ ഗ്രീമയെയും അമ്മയെയും പരസ്യമായി അധിക്ഷേപിച്ചു. യാത്ര പറയാനെത്തിയ ഗ്രീമയോട് 'നീ ആരാണെന്നും നിന്നെ ഇനി ആവശ്യമില്ലെന്നും' ക്രൂരമായി പ്രതികരിച്ചു. ഈ അപമാനം താങ്ങാനാവാതെ അമ്മ സജിതയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടാവുകയും, ഇതാണ് പെട്ടെന്ന് ജീവനൊടുക്കാന്‍ പ്രേരണയായതെന്നും ബന്ധുക്കള്‍ മൊഴി നല്‍കി.
200 പവന്‍ സ്വര്‍ണ്ണവും വീടും വസ്തുവകകളും നല്‍കിയാണ് ഗ്രീമയെ വിവാഹം കഴിച്ചയച്ചത്. എന്നിട്ടും മകളെ ഉപേക്ഷിച്ചതിലുള്ള അപമാനഭാരം സഹിക്കാനാവുന്നില്ലെന്ന് സജിത ബന്ധുക്കള്‍ക്ക് വാട്‌സാപ്പ് സന്ദേശമയച്ചിരുന്നു. ഉണ്ണിക്കൃഷ്ണന്റെ പീഡനമാണ് മരണകാരണമെന്ന് വ്യക്തമാക്കുന്ന സജിതയുടെ കുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്.
കൃഷി വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന ഗ്രീമയുടെ പിതാവ് രാജീവ് സൂക്ഷിച്ചിരുന്ന സയനൈഡ് ഉപയോഗിച്ചാണ് ഇരുവരും ജീവനൊടുക്കിയത്. ഒരു മാസം മുന്‍പാണ് രാജീവ് അന്തരിച്ചത്.
സംഭവത്തിന് ശേഷം വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ഉണ്ണിക്കൃഷ്ണനെ മുംബൈ വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടികൂടി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സജിതയുടെയും ഗ്രീമയുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചു