
















എല്‍ഡിഎഫ് 3.0 എന്ന പ്രചാരണം യുഡിഎഫിന് ഗുണമാകുമെന്ന് ഷാഫി പറമ്പില്‍ എംപി. അങ്ങനൊരു പ്രചാരണം വരുമ്പോള്‍ മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്നും ജനം മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വ്യക്തമായതാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
'എല്‍ഡിഎഫ് 3.0 എന്നൊരു പ്രചാരണം കൊണ്ടുവരുമ്പോള്‍ ജനങ്ങള്‍ അതിനുപിന്നാലെ പോകുമെന്ന വിശ്വാസം ഞങ്ങള്‍ക്കില്ല. അതില്‍ നിന്നൊരു മാറ്റം വരണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് കൂടുതലും. ആ കൂടുതലുളള ആളുകളുടെ പ്രതികരണമാണ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ടത്. സംഘടനാ സംവിധാനം വെച്ച് നോക്കുമ്പോള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരിക്കലും യുഡിഎഫിന് അനുകൂലമല്ല. അങ്ങനെയായിരുന്നിട്ടും എല്‍ഡിഎഫിന് അവര്‍ പ്രതീക്ഷിക്കാത്ത തരത്തിലുളള തിരിച്ചടിയാണുണ്ടായത്. കേരളം ഒന്നടങ്കം ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണത്': ഷാഫി പറമ്പില്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില് വിജയിക്കുക എന്നതിന് അപ്പുറത്തേക്ക് ഈ തലമുറയുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ഉയരുക എന്നതാണ് തങ്ങളുടെ മുന്നിലുളള വെല്ലുവിളിയെന്നും അതിന് ഉന്നത വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ കാതലായ മാറ്റങ്ങളുണ്ടാകേണ്ടതുണ്ടെന്നും ഷാഫി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മത്സരിക്കുമെന്നും മത്സരിക്കില്ല എന്നും താന്‍ പറയുന്നില്ല എന്നായിരുന്നു ഷാഫിയുടെ മറുപടി. പാര്‍ട്ടി നല്‍കുന്ന ഏത് ഉത്തരവാദിത്തവും നിര്‍വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു