
















കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തില്‍ സംശയം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍. വ്യക്തിപരമായ സംശയമാണ് എന്ന് വ്യക്തമാക്കി ഫേസ്ബുക്കിലൂടെയാണ് രാജു പി നായര്‍ പ്രതികരിച്ചിരിക്കുന്നത്.
'ദുരൂഹമാണ്! എന്റെ സംശയമാണ്..
ഒരു റെയ്ഡ് നടക്കുമ്പോള്‍ ആദ്യം തന്നെ ഫോണ്‍ മുതല്‍ എല്ലാം പിടിച്ചെടുക്കും. റെയ്ഡിന് ഇടയില്‍ അദ്ദേഹത്തിന്റെ കയ്യില്‍ പിസ്റ്റള്‍ എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മാത്രമല്ല ഒരു റെയ്ഡ് അതിജീവിക്കാന്‍ കഴിയാത്ത ദുര്‍ബലന്‍ ആയിരുന്നു അദ്ദേഹം എന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടുണ്ട്.' എന്നാണ് രാജു പി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
ആദായനികുതി വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്യുടെ സഹോദരന്‍ സി ജെ ബാബു ഇന്ന് രാവിലെ രംഗത്തെത്തി. അന്വേഷണ ഏജന്‍സിയില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നുവെന്നും അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദില്‍ നിന്നും സമ്മര്‍ദമുണ്ടായിരുന്നെന്നും സി ജെ ബാബു പറഞ്ഞു. ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കുടുംബത്തിന് അറിയാമായിരുന്നെന്നും മറ്റെവിടെ നിന്നും റോയ്ക്ക് ഭീഷണിയുണ്ടായിരുന്നില്ലെന്നും സി ജെ ബാബു പറഞ്ഞു. ഇന്ന് രാവിലെ കാണണമെന്ന് തന്നോട് റോയ് പറഞ്ഞിരുന്നെന്നും മൂന്നുദിവസമായി ആദായനികുതി ഉദ്യോഗസ്ഥര്‍ ഓഫീസിലുണ്ടായിരുന്നെന്നും അദ്ദേഹം അറിയിച്ചു. കടമോ ബാധ്യതയോ ഭീഷണിയോ ഒന്നും റോയിക്കുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.