
















ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ നടന്‍ ജയറാമിന് ക്ലീന്‍ചിറ്റ് നല്‍കി പ്രത്യേക അന്വേഷണസംഘം. നടന് സ്വര്‍ണക്കൊള്ളയുമായി ബന്ധമില്ലെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും ഇനി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമാണ് എസ്ഐടി നിലപാട്. സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ച് ചടങ്ങുകളില്‍ പങ്കെടുപ്പിച്ചുവെന്നാണ് എസ്ഐടി കണ്ടെത്തല്‍. ജയറാമിന്റെ മൊഴിയില്‍ തീയതികള്‍ മാറിയതില്‍ ദുരൂഹതയില്ലെന്നും എസ്ഐടി നിഗമനം. ജയറാം കുറ്റപത്രത്തില്‍ പ്രധാന സാക്ഷികളില്‍ ഒരാളാകും.
കഴിഞ്ഞദിവസം കേസില്‍ എസ്ഐടി ജയറാമിനെ ചോദ്യം ചെയ്തിരുന്നു. ചെന്നൈയിലെ വീട്ടില്‍ വെച്ച് നടന്ന ചോദ്യം ചെയ്യലില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി അടക്കമുള്ളവരുമായുള്ള ബന്ധത്തേക്കുറിച്ച് നടന്‍ വിശദീകരിച്ചു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടുത്ത ബന്ധമുള്ള എല്ലാവരെയും ചോദ്യം ചെയ്തുകൊണ്ടുള്ള നീക്കത്തിലേക്കാണ് എസ്ഐടി കടന്നത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു പോറ്റിയുടെ ആവശ്യപ്രകാരം ദ്വാരപാലക പാളികളും കട്ടിളപ്പാളികളും വെച്ച് പൂജ നടത്തിയപ്പോള്‍ നിര്‍ണായക സാന്നിധ്യമായിരുന്ന നടന്‍ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തത്. ശബരിമലയില്‍ വെച്ചാണ് പോറ്റിയുമായുള്ള ബന്ധം തുടങ്ങുന്നതെന്നും പോറ്റി നിരവധി തവണ പൂജകള്‍ക്കായി തന്റെ വീട്ടില്‍ എത്തിയിട്ടുണ്ടെന്നുമായിരുന്നു ജയറാമിന്റെ മൊഴി.
ഒരു മകരവിളക്ക് കാലത്താണ് പോറ്റിയെ സന്നിധാനത്ത് വെച്ച് പരിചയപ്പെടുന്നത്. പോറ്റി തന്നെ ഒരു ഭക്തന്‍ എന്ന നിലയില്‍ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധനെ പരിചയപ്പെടുത്തി. 2019 ജൂണില്‍ കട്ടിളപാളി സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ വെച്ച് പൂജിച്ചപ്പോഴും പോറ്റി വിളിച്ചപ്പോള്‍ പങ്കെടുത്തിരുന്നു. ഇവിടെവെച്ചാണ് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെ പരിചയപ്പെടുന്നത്. പിന്നീട് 2019 സെപ്റ്റംബറില്‍ ദ്വാരപാലക പാളികള്‍ പോറ്റിയുടെ ആവശ്യപ്രകാരം തന്റെ വീട്ടില്‍ കൊണ്ടുവന്ന് പൂജ നടത്തി. തുടര്‍ന്ന് ഈ പാളികള്‍ കോട്ടയം ഇളമ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര നടത്തിയപ്പോഴും പങ്കെടുത്തു. പോറ്റിയെ വിശ്വാസമായിരുന്നു. സാമ്പത്തിക ഇടപാടുകളോ മറ്റ് ബന്ധങ്ങളോ പോറ്റിയുമായില്ല. പലതവണ തന്റെ വീട്ടില്‍ പോറ്റി വന്നപ്പോഴും പൂജകളെക്കുറിച്ചും ക്ഷേത്രങ്ങളെക്കുറിച്ചും മാത്രമാണ് സംസാരിച്ചതെന്നും വീട്ടില്‍ വെച്ച് തന്നെ നടന്ന ചോദ്യം ചെയ്യലില്‍ ജയറാം മൊഴി നല്‍കി. ഈ മൊഴി എസ്ഐടി വിശദമായി പരിശോധിച്ചശേഷമാണ് ക്ലീന്‍ചിറ്റ് നല്‍കിയത്.