
















അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ അമേരിക്കയുടെ പക്ഷം ചേരാനുള്ള പാകിസ്ഥാന്റെ തീരുമാനം ചരിത്രപരമായ വലിയ തെറ്റായിരുന്നുവെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. പാകിസ്ഥാനെ സ്വന്തം താല്പര്യങ്ങള്‍ക്കായി ഉപയോഗിച്ച ശേഷം അമേരിക്ക ടോയ്ലറ്റ് പേപ്പറിന്റെ വില പോലും നല്‍കാതെ വലിച്ചെറിഞ്ഞുവെന്നും അദ്ദേഹം പാര്‍ലമെന്റില്‍ ആഞ്ഞടിച്ചു.
1999-ന് ശേഷം, പ്രത്യേകിച്ച് 2001-ലെ സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം അമേരിക്കയുമായി സഖ്യമുണ്ടാക്കിയത് പാകിസ്ഥാന് നികത്താനാകാത്ത നഷ്ടമുണ്ടാക്കി. ഈ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങള്‍ പതിറ്റാണ്ടുകള്‍ക്ക് ശേഷവും രാജ്യം അനുഭവിക്കുകയാണ്. അഫ്ഗാന്‍ യുദ്ധത്തില്‍ പാകിസ്ഥാന്‍ പങ്കെടുത്തത് മതപരമായ കടമ കൊണ്ടല്ല. മറിച്ച്, അമേരിക്കയുടെ ജിയോപൊളിറ്റിക്കല്‍ താല്പര്യങ്ങള്‍ക്ക് വേണ്ടി ജിഹാദ് എന്ന പേരില്‍ പാകിസ്ഥാനികളെ യുദ്ധത്തിന് നിര്‍ബന്ധിച്ച് അയക്കുകയായിരുന്നു.
ഈ യുദ്ധങ്ങളെ ന്യായീകരിക്കുന്നതിനായി പാകിസ്ഥാന്റെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പോലും മാറ്റങ്ങള്‍ വരുത്തി. ആ പ്രത്യയശാസ്ത്രപരമായ മാറ്റങ്ങള്‍ ഇന്നും രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങളുടേതല്ലാത്ത യുദ്ധങ്ങളില്‍ പങ്കുചേര്‍ന്നത് പാകിസ്ഥാനില്‍ അക്രമത്തിനും തീവ്രവാദത്തിനും സാമ്പത്തിക തകര്‍ച്ചയ്ക്കും കാരണമായി. ഇതിലൂടെ ഉണ്ടായ സാമൂഹിക ആഘാതങ്ങള്‍ ഒരിക്കലും പരിഹരിക്കാനാവാത്തതാണെന്നും ഖവാജ ആസിഫ് സമ്മതിച്ചു.