
















നിവിന്‍ പോളി, ഷറഫുദ്ദീന്‍ എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി ഉണ്ണികൃഷ്ണന്‍ ബി. രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 'പ്രതിഛായ'. സിനിമയുടെ ടൈറ്റിലും ട്രെയ്ലറും മോഹന്‍ലാല്‍ കഴിഞ്ഞ പുറത്തിറക്കിയിരുന്നു. നിരവധി താരങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും താരങ്ങളെ കുറിച്ചും സംവിധായകന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. വലിയ മുതല്‍ മുടക്കില്‍ എടുത്ത സിനിമയാണ് ഇതെന്നും 50 ശതമാനം തന്റെ ബാധ്യതയാണെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇതൊരു പ്രൊപ്പഗാണ്ട സിനിമയല്ലെന്നും ഇത്രയധികം കോടികള്‍ പലരോടും കടംവാങ്ങി പ്രൊപ്പഗാണ്ട നടത്താന്‍ മാത്രം ഒരു രാഷ്ട്രീയകക്ഷികളുമായും ബഹുമാനമില്ലെന്ന് പറയാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്നും ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
'14 സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു ചിത്രം 100 ദിവസത്തില്‍ കൂടുതല്‍ ഷൂട്ട് ചെയ്യുന്നത്. അത് പ്രതിഛായ എന്ന ഈ സിനിമയാണ്. ഏഴായിരം പേര്‍വരെ ഉള്‍പ്പെടുന്ന സീക്വന്‍സുകളും നിരവധി ലൊക്കേഷനുകളും ചിത്രത്തിലുണ്ട്. അതില്‍ പല ലൊക്കേഷനുകളും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. ലൈംലൈറ്റില്‍ വരാത്ത ഒരുപാടുപേര്‍ ഒരു സിനിമയ്ക്ക് പിന്നിലുണ്ടാകും. അത്തരത്തിലുള്ള ആയിരക്കണക്കിനുപേര്‍ ചേര്‍ന്നാണ് മലയാള സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്.
2019-ല്‍ ഷാരിസ് മുഹമ്മദ് പറഞ്ഞ കഥയിലെ അത്രമേല്‍ വേട്ടയാടുന്ന ഒരു മുഹൂര്‍ത്തം. അതിനെ ആസ്പദമാക്കി ഞാന്‍ ഒന്ന് എഴുതിക്കോട്ടെ എന്ന് ഷാരിസിനോട് ചോദിച്ചു. അദ്ദേഹമത് സമ്മതിച്ചു. തിരക്കഥ വായിച്ചുകേട്ടപ്പോള്‍ നിങ്ങള്‍തന്നെ എഴുതിയാല്‍ മതി എന്നാണ് ഷാരിസ് പറഞ്ഞത്. 2019-നുശേഷം ഞാന്‍ പല വഴികളിലൂടെ പോയി. ആ വഴികളിലൊന്ന് നിവിന്‍ പോളിയുടെ വീട്ടിലേക്കുള്ളതായിരുന്നു. ആദ്യ ചര്‍ച്ചകള്‍ക്കുശേഷം ഞാന്‍ എന്റെ മറ്റു സിനിമകളുമായി മുന്നോട്ടുപോയി. പിന്നീട് നിവിനോട് വീണ്ടും ഇതേക്കുറിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹം ചെയ്യാമെന്ന് സമ്മതിച്ചു.
ഷാരിസ് മുഹമ്മദ്, മുഹമ്മദ് ഷാഫി, ദേവദത്ത് ഷാജി, സ്റ്റെഫി സേവ്യര്‍ എന്നിവരാണ് തിരക്കഥയിലെ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍മാര്‍. പക്ഷേ ഈ തിരക്കഥാ രചനയുടെ പരിപൂര്‍ണ ഉത്തരവാദിത്തം എനിക്കാണ്. നിവിനുമൊത്ത് ആദ്യമായാണ് പ്രവര്‍ത്തിക്കുന്നത്. പല രംഗങ്ങളും അലസമായാണ് ചെയ്തതെന്ന് തോന്നും. പക്ഷേ ടേക്കെടുക്കുമ്പോള്‍ അയാള്‍ക്കുള്ളൊരു മാജിക് ഉണ്ട്. ഇത്തരം മാജിക് കാണിക്കുന്ന ഗിരിശൃംഗം എന്നത് മോഹന്‍ലാലാണ്. നിവിനും അങ്ങനെയൊരു കഴിവുണ്ട്. തന്റെ കഥാപാത്രം നിവിന്‍ ഗംഭീരമാക്കിയിട്ടുണ്ട്. ഷറഫുദ്ദീന്‍ ചോദിച്ചുവാങ്ങിയ വേഷമാണ്. സായികുമാര്‍, ഹരിശ്രീ അശോകന്‍, സബിത, നീതു തുടങ്ങി എല്ലാവരും നന്നായി. ഒരു വേഷം ചെയ്യാമെന്ന് ആന്‍ അഗസ്റ്റിന്‍ സമ്മതിച്ചത് വലിയ കാര്യമാണ്.
വലിയ മുതല്‍മുടക്കുള്ള സിനിമയാണ്. ഇതിന്റെ 50 ശതമാനം എന്റെ ബാധ്യതയാണ്. ഞാന്‍ നിലനില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന സിനിമയാണിത്. ഇതൊരു പ്രൊപ്പഗാണ്ട സിനിമയല്ല. ഇത്രയധികം കോടികള്‍ പലരോടും കടംവാങ്ങി പ്രൊപ്പഗാണ്ട നടത്താന്‍മാത്രം ഒരു രാഷ്ട്രീയകക്ഷികളുമായും ബഹുമാനമില്ലെന്ന് പറയാന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. പക്ഷേ കേരള രാഷ്ട്രീയത്തില്‍ എനിക്ക് പറയാന്‍ ആഗ്രഹമുള്ള ചില കാര്യങ്ങള്‍ ഞാന്‍ ഈ സിനിമയില്‍ സംസാരിക്കുന്നുണ്ട്. കാരണം ഇന്ന് വ്യകിതികളില്ല പ്രതിഛായകള്‍ മാത്രമേയുള്ളൂ എന്ന് മൂന്നവസരങ്ങളില്‍ ഈ സിനിമയില്‍ പറയുന്നുണ്ട്; ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു