
















ശബരിമല കൊടിമരക്കൊള്ള കേസുമായി ബന്ധപ്പെട്ട് നടന്‍മാരായ മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴി രേഖപ്പെടുത്തി വിജിലന്‍സ്. സ്വര്‍ണം സംഭാവന നല്‍കിയതിന്റെ വിവരങ്ങള്‍ സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് താരങ്ങളെ ചോദ്യം ചെയ്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വര്‍ണം സംഭാവന നല്‍കിയതായി ഇരുവരും മൊഴി നല്‍കി. മൊഴിയെടുപ്പ് ഈ ആഴ്ച്ച തന്നെ പൂര്‍ത്തിയാക്കുമെന്നാണ് സൂചന.
ശബരിമലയിലേക്ക് സ്വര്‍ണം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചത് സുഹൃത്തായ സുരേഷ് ഗോപിയാണെന്നാണ് മോഹന്‍ലാലിന്റെ മൊഴി. തിരുവനന്തപുരത്തെ ജ്വല്ലറിയില്‍ നിന്ന് രണ്ട് പവന്‍ സ്വര്‍ണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിലെത്തിക്കുകയായിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. തിരുവനന്തപുരത്ത് വച്ചായിരുന്നു മോഹന്‍ലാലിന്റെ മൊഴി രേഖപ്പെടുത്തിയത്. ദിലീപിന്റെ മൊഴി കൊച്ചിയില്‍ നിന്നും രേഖപ്പെടുത്തി.
ശബരിമല കൊടിമരക്കൊള്ളയില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരുടെ മൊഴി വിജിലന്‍സ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഷാജി കൈലാസ്, രണ്‍ജി പണിക്കര്‍, സുരേഷ് കുമാര്‍ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയിരുന്നത്. നാണയങ്ങളായി സ്വര്‍ണം നല്‍കിയെന്നായിരുന്നു ഇവര്‍ നല്‍കിയ മൊഴി. സ്വര്‍ണ്ണത്തിന്റെ കണക്കും അറിയിച്ചതായാണ് സൂചന. മൊഴി നല്‍കാന്‍ തയ്യാറെന്ന് നടന്‍ മോഹന്‍ലാലും സുരേഷ് ഗോപിയും അന്ന് വിജിലന്‍സിനെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ദിലീപിന്റെയും മോഹന്‍ലാലിന്റെയും മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്.
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ള 27 പേരാണ് കൊടിമര പുനര്‍നിര്‍മാണത്തിന് സംഭാവന നല്‍കിയതെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസില്‍ വിജിലന്‍സ് ഡിവൈഎസ്പി സി എസ് ഹരിക്കാണ് അന്വേഷണ ചുമതല. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് സിഐ സജി ശങ്കര്‍, പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് സിഐ രാജേഷ് കുമാര്‍, വിജിലന്‍സ് തെക്കന്‍ മേഖല സിഐ അജി ജി നാഥ് എന്നിവരും സംഘത്തിലുണ്ട്.
2017-ലാണ് ശബരിമലയിലെ കൊടിമരത്തിന്റെ പുനര്‍നിര്‍മ്മാണം നടന്നത്. നിര്‍മ്മാണത്തിനാവശ്യമായ സ്വര്‍ണം സ്വീകരിക്കുന്നതില്‍ ചട്ടലംഘനം നടന്നെങ്കില്‍ അക്കാര്യത്തില്‍ അന്വേഷണം വേണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സിനിമാക്കാരുള്‍പ്പെടെ നിരവധിപേര്‍ കൊടിമരത്തിനും വാജി വാഹനത്തിനുംവേണ്ടി സ്വര്‍ണം നല്‍കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.