
















ഭാര്യയുടെ 23 മണിക്കൂര്‍ നീണ്ട പ്രസവ വീഡിയോ പങ്കുവെച്ച ചൈനീസ് ഇന്‍ഫ്ളുവന്‍സര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. 12 മില്ല്യണ്‍ ഫോളോവേഴ്സ് ഉള്ള പോള്‍ ഇന്‍ യുഎസ്എ എന്നറിയപ്പെടുന്ന ഇന്‍ഫ്ളുവന്‍സറാണ് ഭാര്യയുടെ പ്രസവ വീഡിയോ പങ്കുവെച്ച് വെട്ടിലായത്. ചൈനീസ് സമൂഹമാധ്യമമായ ഡ്യൂയിനിലാണ് ഇയാള്‍ വീഡിയോ പങ്കുവെച്ചത്.
പ്രസവത്തിന്റെതായ ഓരോ സങ്കീര്‍ണതകളും പകര്‍ത്തിയ വീഡിയോയില്‍ ഭാര്യയുടെ നഗ്‌നമായ ശരീരഭാഗങ്ങളും വേദനകൊണ്ട് കരയുന്നതും രക്തസ്രാവം ഉണ്ടാകുന്നതുമടക്കം ചിത്രീകരിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യക്ക് അടിയന്തര ശസ്ത്രക്രിയ നടക്കുമ്പോഴും പോള്‍ ചിത്രീകരണം തുടര്‍ന്നുവെന്നും ഈ വീഡിയോയില്‍ ഡയപ്പറിന്റെ പരസ്യം ചേര്‍ത്തെന്നും പ്രമോഷണല്‍ സ്‌ക്രിപ്റ്റ് വായിച്ചെന്നും വിമര്‍ശനമുണ്ട്. ഇതോടെ സമൂഹമാധ്യമ ചട്ടം ലംഘിച്ചെന്നാരോപിച്ച് പോളിന്റെ അക്കൗണ്ട് ഡ്യുയിന്‍ പൂട്ടി.
എന്നാല്‍ വിവാദമുണ്ടാക്കാനല്ല വീഡിയോ പകര്‍ത്തിയതെന്നും പ്രസവത്തിന്റെ സങ്കീര്‍ണത മനസിലാക്കാനും അത് സമൂഹത്തെ അറിയിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും പോളിന്റെ ഭാര്യ പ്രതികരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ചൈനീസ് പൗരനായ പോള്‍ നിലവില്‍ യുഎസിലെ വാഷിംങ്ടണിലെ സിയാറ്റിലിലാണ് താമസം. യുഎസിലെ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബിരുദധാരിയായ പോള്‍, മൈക്രോസോഫ്റ്റിലെ മുന്‍ ജീവനക്കാരനാണ്. മൈക്രോസോഫ്റ്റിലെ ജോലി ഉപേക്ഷിച്ചാണ് കണ്ടന്റ് ക്രിയേഷനിലേക്കും ഇന്‍ഫ്ളുവന്‍സര്‍ പ്രൊഫഷനിലേക്കും പോള്‍ ഇറങ്ങിയത്.