
















അങ്കമാലിയില്‍ ജസ്ലിയ ജോണ്‍സണെന്ന പെണ്‍കുട്ടിയെ വാഹനം ഇടിച്ച് കടന്നുകളഞ്ഞയാളെ പിടികൂടാനായില്ല. അതിരമ്പുഴ സ്വദേശി ജോര്‍ജ് തോമസിന്റേതാണ് വാഹനം. ജോര്‍ജ് തോമസിന്റെ മകന്‍ ഡോ. സിറിയക്ക് ആണ് വാഹനം ഓടിച്ചിരുന്നത്. എന്നാല്‍ അപകടമുണ്ടാക്കിയ വാഹനം പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണത്തിനൊടുവില്‍ ആലപ്പുഴ തുറവൂരില്‍ നിന്നാണ് കാര്‍ കണ്ടെത്തിയത്. മഹീന്ദ്ര XUV 700 വാഹനമായിരുന്നു ജസ്ലിയയെ ഇടിച്ചത്.
ഫെബ്രുവരി 28ന് വൈകിട്ട് ഏഴരയോടെയാണ് അങ്കമാലി ഹോം സയന്‍സ് കോളജിന് സമീപത്തുവെച്ച് ജസ്ലിയയെ വാഹനമിടിച്ചത്. കാര്‍ ഇടിച്ച് തലയ്ക്ക് ഗുരുതര പരിക്കേല്‍ക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ജസ്ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിച്ചു. കരള്‍, വൃക്ക, നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്.
വൃക്കകള്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്കും കൊച്ചി അമൃത ആശുപത്രിയിലേക്കും നേത്രപടലം ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രിയിലെ രോഗിക്കും നല്‍കും. കരള്‍ രാജഗിരി ആശുപത്രിയിലേക്കാണ് നല്‍കുന്നത്.