
















ലണ്ടന്‍: യു.കെ.യിലെ പ്രമുഖ ഹൈന്ദവ ആരാധന കേന്ദ്രങ്ങളിലൊന്നായ ഈസ്റ്റ് ഹാം ശ്രീ മുരുകന്‍ മഹാക്ഷേത്രത്തില്‍ സംഘടിപ്പിച്ച പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി. ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്‌സ്) ചെയറും മുഖ്യ സംഘാടകയും സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയും, മുന്‍ സിവിക് മേയറുമായ ഡോ. ഓമന ഗംഗാധരനും ടീമും പൊങ്കാലക്ക് നേതൃത്വം നല്‍കി.

രാവിലെ ഒമ്പതരയ്ക്ക് ക്ഷേത്രത്തിലെ പൂജാരിയുടെ നേതൃത്വത്തില്‍ പൂജാദികര്‍മ്മങ്ങള്‍ ആരംഭിച്ചു. സ്ഥലപരിമിതിയും സുരക്ഷയും കണക്കിലെടുത്ത് പഞ്ചനൈവേദ്യങ്ങള്‍ ഒറ്റ പാത്രത്തിലാണ് തയ്യാറാക്കിയത്. പൂജാരി പൊങ്കാല അടുപ്പിലേക്ക് തീ പകരുകയും തുടര്‍ന്ന് നിവേദ്യം പാകം ചെയ്യുവാന്‍ ആരംഭിച്ചു. തുടര്‍ന്ന് ദേവീ പൂജയും, സഹസ്രനാമ അര്‍ച്ചനയും നടത്തി. പൊങ്കാല നിവേദ്യം തയ്യാറാക്കിയതിനു ശേഷം ഭക്തജനങ്ങള്‍ക്ക് വിളമ്പി നല്‍കി. യു കെ യുടെ നന ഭാഗങ്ങളില്‍ നിന്നായി ഏകദേശം മുന്നൂറോളം ഭക്തര്‍ നിവേദ്യം സ്വീകരിക്കാന്‍ എത്തിയിരുന്നു. പൊങ്കാലക്കെത്തിയവര്‍ക്കായി മണ്ടപ്പുറ്റ്, തെറളി അപ്പം എന്നിവയും പകുത്തു നല്‍കുകയുണ്ടായി. ഊണും വിവിധ പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയ സദ്യയും സംഘാടകര്‍ ഒരുക്കിയിരുന്നു.

പ്രവര്‍ത്തിദിനമായിരുന്നെങ്കിലും, വര്‍ഷംതോറും പൊങ്കാലയില്‍ പങ്കെടുക്കുന്നവരോടൊപ്പം നിരവധി നവാഗതരും പങ്കുചേര്‍ന്നത് ശ്രദ്ധേയമായി. കേരളത്തിനു പുറത്തായി ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന വേദികളിലൊന്നായി ലണ്ടനിലെ പൊങ്കാല ശ്രദ്ധേയമാണ്.

ശ്രീ മുരുകന്‍ ക്ഷേത്ര ട്രസ്റ്റിന്റെ നിസ്സീമമായ സഹകരണമാണ് കഴിഞ്ഞ പത്തൊമ്പതു കൊല്ലങ്ങളിലായി വിജയപ്രദമായി നടത്തുവാന്‍ സാധ്യമാക്കിയതെന്ന് ഓമന തന്റെ നന്ദി പ്രകാശനത്തില്‍ ഓര്‍മ്മിച്ചു. ശ്രീ മുരുകന്‍ മഹാക്ഷേത്ര ട്രസ്റ്റിന് വേണ്ടി പ്രസിഡന്റ് ജി രാമദാസ് , ഡോ. ഓമനയെ പൊന്നാട അണിയിച്ചു ആദരിച്ചു.
നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ്വര്‍ക്ക് ലണ്ടന്‍ ബ്രെസ്റ്റ് കാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്. മുന്‍ കൗണ്‍സിലര്‍ ജോസ് അലക്സാണ്ടര്‍ അടക്കമുള്ള പ്രമുഖര്‍ സന്നിഹിതരായിരുന്നു. സജീവ് ദിവാകരന്‍, സജിത് എന്നിവര്‍ പൊങ്കാല നിവേദ്യം തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കി.
Appachan Kannanchira