
















ആരും താമസിക്കാതെ നശിച്ചുപോകുമെന്ന ആശങ്കയില്‍ ഉടമസ്ഥര്‍ വാടകയ്ക്ക് നല്‍കിയ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് ഒരു കുടുംബത്തിലെ അഞ്ചുപേരെ. കൊച്ചി വടുതല കര്‍ഷക റോഡ് ഗ്രീന്‍ ഗാര്‍ഡന്‍ റെസിഡന്റ്‌സ് ഏരിയയിലാണ് സംഭവം.
തിരുവനന്തപുരം വിളപ്പില്‍ശാല കാരോട് സ്വദേശികളായ അശ്വതി (37), അമ്മ ശ്രീകുമാരി (60), അശ്വതിയുടെ മൂന്ന് മക്കള്‍ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആഡംബര വീടിന്റെ താഴത്തെ നിലയിലാണ് മരിച്ച നിലയില്‍ ഇവരെ കണ്ടെത്തിയത്. രണ്ട് മാസം മുന്‍പാണ് മകന്റെ ചികിത്സയ്ക്ക് എന്ന പേരില്‍ തിരുവനന്തപുരം സ്വദേശിയായ ശ്രീകുമാരി വീട് വാടകയക്ക് എടുത്തത്.
വിദേശത്തുള്ള ഉടമസ്ഥര്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചുള്ള പരിചയത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ അശ്വതിക്ക് വീട് വാടകയ്ക്ക് നല്‍കിയത്. അശ്വതിയുടെ ഭര്‍ത്താവ് നേരത്തെ ജീവനൊടുക്കിയിരുന്നു. വീട്ടില്‍ നിന്നും കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അശ്വതിയുടെ ഭര്‍ത്താവ് ജീവനൊടുക്കിയതിന്റെ പേരില്‍ ബന്ധുക്കള്‍ കുറ്റപ്പെടുത്തിയതിലുള്ള മാനസിക വിഷമമാണ് മരണകാരണമെന്നാണ് കുറിപ്പിലുള്ളത്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചുവരുകയാണെന്ന് എറണാകുളം സെന്‍ട്രല്‍ എസിപി സി പ്രേമാനന്ദ് കൃഷ്ണ പറഞ്ഞു.
നാടിനെ നടുക്കിയ ഈ കൂട്ടമരണത്തിന്റെ വിവരം അയല്‍വാസികള്‍ അറിഞ്ഞത് വാര്‍ത്താ ചാനലുകളിലൂടെയാണ്. വീട്ടുടമസ്ഥന്റെ ജേഷ്ഠന്റെ മകന്‍ വീട് വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് കൗണ്‍സിലര്‍ ആല്‍ബര്‍ട്ട് അമ്പലത്തിങ്കലിന്റെ സഹായത്തോടെ വീട് തുറന്നപ്പോഴാണ് ദാരുണമായ വിവരം പുറംലോകമറിഞ്ഞത്.
അശ്വതിയും അമ്മയും തൂങ്ങിമരിച്ച മുറിയിലെ ഫാനില്‍ പകുതി മുറിച്ചു നീക്കിയ നിലയില്‍ ഷാള്‍ കെട്ടിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇടതുവശത്തെ മുറിയിലെ കട്ടിലില്‍ പുത്തനുടുപ്പുകള്‍ ധരിപ്പിച്ച്, ഫാന്‍സി സണ്‍ഗ്ലാസുകള്‍ വച്ചു കിടത്തിയിരിക്കുന്ന നിലയിലായിരുന്നു ഇളയ രണ്ടു കുട്ടികളുടെ മൃതദേഹങ്ങള്‍. മറ്റൊരു മുറിയില്‍ താഴെ ബെഡ്ഷീറ്റ് വിരിച്ച്, ഷെര്‍വാണി ധരിച്ചു കിടത്തിയ നിലയിലായിരുന്നു മൂത്ത കുട്ടിയുടെ മൃതദേഹം.
അയല്‍ക്കാരുമായി യാതൊരു ബന്ധവും പുലര്‍ത്താതെ ഒറ്റപ്പെട്ട നിലയിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.വീടിന് പുറത്തിറങ്ങാനോ കുട്ടികളെ കളിക്കാന്‍ വിടാനോ ഇവര്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ, ഇവരെ കുറിച്ചുള്ള കാര്യങ്ങള്‍ അയല്‍ക്കാര്‍ക്കും അറിയില്ലായിരുന്നു .