
















പ്രവാസജീവിതത്തിന്റെ തിരക്കുകള്‍ക്കിടയിലും കലയുടെ സ്പന്ദനം മങ്ങിയിട്ടില്ലെന്ന് തെളിയിച്ച്, കലാഭവന്‍ ലണ്ടന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ''മലയാളി ഗോറ്റ് ടാലന്റ് 2026'' ലിവര്‍പൂളില്‍ കലാഭരിതമായ തുടക്കം കുറിച്ചു. ലിംക ലിവര്‍പൂളിന്റെ ആത്മാര്‍ത്ഥമായ ആതിഥേയത്വത്തില്‍ മാര്‍ച്ച് 14-ന് അരങ്ങേറിയ ഈ കലാമാമാങ്കം, സംഗീതവും നൃത്തവും നാടകവും മിമിക്രിയും വാദ്യകലകളും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന കലാരൂപങ്ങളുടെ നിറക്കാഴ്ചയായി മാറി.
പ്രവാസി മലയാളികളുടെ കഴിവുകളും സാംസ്‌കാരിക ഐക്യവും ഒരേ വേദിയില്‍ ചേര്‍ത്ത് നിര്‍ത്തിയ ഈ ഉത്സവം, പ്രേക്ഷകഹൃദയങ്ങളില്‍ ആവേശവും അഭിമാനവും ഒരുപോലെ നിറച്ചു.
പ്രശസ്ത സിനിമാതാരവും സാമൂഹ്യപ്രവര്‍ത്തകയുമായ പ്രിയ ലാല്‍ മുഖ്യാതിഥിയായി പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങില്‍ ലിംക പ്രസിഡന്റ് ജേക്കബ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. യുക്മ നാഷണല്‍ ട്രഷറര്‍ ഷീജോ വര്‍ഗീസ്, റീജിയണല്‍ പ്രസിഡന്റ് ഷാജി വാരാക്കുടി, ACAL പ്രെസിഡന്റ് ദിനേഷ് ഡാമിയന്‍, WAMA പ്രസിഡന്റ് സുനില്‍ മാത്യൂ ലിമ, എ.സി.എ.എല്‍, വാമ വാര്‍റിങ്ടണ്‍ എന്നിവയുടെ പ്രതിനിധികളും ചടങ്ങിനെ സാന്നിധ്യംകൊണ്ട് സമ്പന്നമാക്കി. ലിംക സെക്രട്ടറി റീന ജോര്‍ജ്, ട്രഷറര്‍ ആന്‍സി സ്‌കറിയ എന്നിവരും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജസ് (ടൈറ്റില്‍ സ്‌പോണ്‍സര്‍), ലോ & ലോയേഴ്‌സ്, ഇക്കായീസ്, റാപ്‌സ് & ഷേപ്‌സ്, ജംഗിള്‍ ഗ്രില്‍,, വൈസ് കെയര്‍ ലിമിറ്റഡ്, വൈസ് ഫുഡ്‌സ്, സേവിയേഴ്‌സ് അക്കൗണ്ടന്റ്‌സ്, ജോവന്‍ പ്രോമിസ്, സ്‌കോളര്‍ കോ, ഹൊറൈസണ്‍ ടൂര്‍സ്, ജോ & മീ ട്യൂട്ടേഴ്‌സ്, മയില്‍ ഫുഡ്‌സ്, റേഡിയോ ലൈം എന്നീ സ്‌പോണ്‍സര്‍മാരും ഉള്‍പ്പെടെ നിരവധി പ്രമുഖ സ്ഥാപനങ്ങള്‍ ഈ പരിപാടിക്ക് പിന്തുണ നല്‍കിയത് ചടങ്ങിന്റെ ഭംഗി കൂട്ടി.
ചടങ്ങില്‍ ലിംകയ്ക്കും മലയാളി സമൂഹത്തിനും നല്‍കിയ അമൂല്യമായ സംഭാവനകള്‍ക്ക് തമ്പി ചേട്ടനെ(തമ്പി ജോസ്) ആദരിച്ചത് പരിപാടിയിലെ ഹൃദയസ്പര്‍ശിയായ നിമിഷമായി. സന്നിഹിതരായ എല്ലാവരും കൈയടികളോടെ ഈ ആദരം ഏറ്റുവാങ്ങി.
ആദ്യഘട്ടം തന്നെ കലാപ്രകടനങ്ങളുടെ നിറവില്‍ മുങ്ങി. വേദിയില്‍ അരങ്ങേറിയ ഓരോ അവതരണവും പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ കലാപ്രതിഭകള്‍ തങ്ങളുടെ കഴിവുകള്‍ അവതരിപ്പിച്ചപ്പോള്‍, ഓരോ നിമിഷവും കൈയടികളാല്‍ നിറഞ്ഞു.
പരിപാടിയുടെ അവതരണം ലിന്‍സ് അയനാടനും അപര്‍ണ സൗപര്‍ണികയും ചേര്‍ന്ന് ഭംഗിയായി നയിച്ചു. ''ലിംക ക്വിസ് വിസ്'' എന്ന ക്വിസ് പരിപാടിയും അപര്‍ണയുടെ നേതൃത്വത്തില്‍ ആവേശകരമായ പങ്കാളിത്തത്തോടെ മുന്നേറി.
രണ്ടാംഘട്ടത്തില്‍ 11-17 വയസ് വിഭാഗത്തിലും ഓപ്പണ്‍ വിഭാഗത്തിലും നടന്ന ക്വിസ് മത്സരം പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായി. ജോസ് ടി. ഫ്രാന്‍സിസ് തയ്യാറാക്കിയ പ്രാഥമിക റൗണ്ടുകളും വേദിയില്‍ നടന്ന ഫൈനല്‍ റൗണ്ടുകളും മത്സരത്തെ കൂടുതല്‍ ആവേശകരമാക്കി. വിജയികള്‍ക്ക് കാഷ് അവാര്‍ഡുകളും പുരസ്‌കാരങ്ങളും നല്‍കി ആദരിച്ചു.
പരിപാടിയുടെ സമാപനമായി കലാഭവന്‍ ലണ്ടന്‍ അവതരിപ്പിച്ച ''ചെമ്മീന്‍'' നാടകം പ്രേക്ഷക മനസുകളില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്ന ഒരു അനുഭവമായി. ശക്തമായ അഭിനയവും അവതരണ മികവും നാടകത്തെ ശ്രദ്ധേയമാക്കി.
മൊത്തത്തില്‍, ''മലയാളി ഗോറ്റ് ടാലന്റ് 2026'' ലിവര്‍പൂളില്‍ ഒരു കലാഘോഷമായി മാറി. യുകെയിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക സമ്പന്നതയും ഐക്യവും ഈ വേദി വീണ്ടും തെളിയിച്ചു.
ഈ മത്സരപരമ്പരയുടെ ഗ്രാന്‍ഡ് ഫിനാലെ സെപ്റ്റംബര്‍ മാസത്തില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിവിധ നഗരങ്ങളിലായി നടക്കുന്ന ഓഡിഷനുകളും പ്രാഥമിക ഘട്ടങ്ങളും പിന്നിട്ട് തെരഞ്ഞെടുക്കപ്പെടുന്ന മികച്ച പ്രതിഭകള്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ മികവ് തെളിയിക്കും.
പ്രവാസി മലയാളികളുടെ കലാപ്രതിഭകളെ ലോകവേദിയിലേക്ക് ഉയര്‍ത്തിക്കൊണ്ടുപോകാനും പുതുതലമുറയ്ക്ക് പൈതൃകം പകരാനും ''മലയാളി ഗോറ്റ് ടാലന്റ്'' പോലുള്ള വേദികള്‍ നിര്‍ണായകമാണെന്ന് പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.
ലിവര്‍പൂളില്‍ തുടങ്ങിയ ഈ കലാ മാമാങ്കം ഇനി വരാനിരിക്കുന്ന ഘട്ടങ്ങളില്‍ കൂടുതല്‍ തിളക്കമുള്ള മത്സരങ്ങള്‍ക്കും പുതുമുഖങ്ങളായ പ്രതിഭകളുടെ ഉദയത്തിനും വഴിയൊരുക്കുമെന്ന് സംഘാടകര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.