CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 28 Minutes 53 Seconds Ago
Breaking Now

ക്രോയിഡണില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യു.കെ (കേരള ചാപ്റ്റര്‍) ഇഫ്താര്‍ സംഗമം മതസൗഹൃദത്താലും ജനപങ്കാളിത്തത്താലും ശ്രദ്ധേയമായി

ക്രോയിഡണ്‍. മാനവ സൗഹൃദത്തിന്റെയും മതസൗഹാര്‍ദ്ദത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് യുകെ (കേരള ചാപ്റ്റര്‍) സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം ക്രോയിഡണിലെ പൊള്ളാര്‍ഡ്‌സ് ഹില്ലിലെ ന്യൂ ഹോറൈസണ്‍ സെന്ററില്‍ നടന്നു. വിവിധ മതവിശ്വാസങ്ങളെയും സംസ്‌കാരങ്ങളെയും ഒരുമിപ്പിച്ച സംഗമത്തില്‍ സമൂഹത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള നിരവധി പ്രമുഖരും നൂറുകണക്കിന് ആളുകളും പങ്കെടുത്തു. കേരള ചാപ്റ്റര്‍ പ്രസിഡന്റ് സുജു കെ. ഡാനിയേല്‍ അധ്യക്ഷത വഹിച്ച സംഗമം സ്വീഡനിലെ ഇന്ത്യന്‍ എംബസിയിലെ പ്രോട്ടോകോള്‍ ഓഫീസറും പ്രമുഖ ഇന്ത്യന്‍ സംഗീതജ്ഞനുമായ റാണ പ്രതാപ് ഉദ്ഘാടനം ചെയ്തു. ഷേക്ക് ഇസ്മയില്‍ നൂറാനി, റവ. പ്രകാശ് തങ്കച്ചന്‍ (ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട്) സന്ദേശം നല്‍കി ആശംസകള്‍ അറിയിച്ചു.

ആത്മപരിശുദ്ധിയുടെയും ആത്മനിയന്ത്രണത്തിന്റെയും കാലമാണ് റമദാന്‍ കാലമെന്നും വിവിധ മതവിശ്വാസങ്ങളില്‍ ഉള്ളവര്‍ ഒരുമിച്ച് ചേര്‍ന്ന് ഇഫ്താര്‍ പങ്കിടുന്നത് സമൂഹത്തിലെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും മനോഹര പ്രതീകമാണെന്നും ഉദ്ഘടന പ്രസംഗത്തില്‍ റാണാ പ്രതാപ് പറഞ്ഞു. വിദേശരാജ്യങ്ങളില്‍ താമസിക്കുന്ന ഇന്ത്യന്‍ സമൂഹം ഇത്തരത്തിലുള്ള കൂട്ടായ്മകളിലൂടെ പരസ്പര ബഹുമാനവും സഹകരണവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റമദാന്‍ മനുഷ്യനെ ആത്മീയമായി ഉയര്‍ത്തുന്ന വിശുദ്ധ മാസമാണെന്നും ഉപവാസം നമ്മെ ക്ഷമയുടെയും സഹനത്തിന്റെയും ദാനത്തിന്റെയും പാഠം പഠിപ്പിക്കുന്നുവെന്നും ഷേക്ക് ഇസ്മയില്‍ നൂറാനി പറഞ്ഞു. സമൂഹത്തില്‍ സമാധാനവും സഹോദരത്വവും വളര്‍ത്താനുള്ള മികച്ച അവസരമാണ് ഇത്തരം ഇഫ്താര്‍ സംഗമങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മതവിശ്വാസങ്ങളിലുള്ള ആളുകള്‍ ഒരുമിച്ച് കൂടുന്ന ഇത്തരം വേദികള്‍ സമൂഹത്തില്‍ പരസ്പര ബഹുമാനവും ഐക്യവും വര്‍ധിപ്പിക്കുമെന്ന് റവ. പ്രകാശ് തങ്കച്ചന്‍ പറഞ്ഞു. മതങ്ങളെക്കാള്‍ മനുഷ്യസ്‌നേഹമാണ് നമ്മെ ഒരുമിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

റമദാന്‍ കാലഘട്ടം ആത്മീയതയും മാനവികതയും കൂടുതല്‍ ശക്തിപ്പെടുത്തുന്ന സമയമാണെന്നും വിവിധ മതങ്ങളിലുള്ള ആളുകള്‍ ഒരുമിച്ച് ഇഫ്താര്‍ പങ്കിടുന്നത് സഹവര്‍ത്തിത്വത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും പ്രതീകമാണെന്നും അധ്യക്ഷ പ്രസംഗത്തില്‍ സുജു കെ. ഡാനിയേല്‍ പറഞ്ഞു. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ സമൂഹം ഇത്തരത്തിലുള്ള സംഗമങ്ങളിലൂടെ ഐക്യവും സൗഹൃദവും ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേരള ചാപ്റ്റര്‍ വൈസ് പ്രസിഡന്റ് അപ്പാ ഗഫൂര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി അഷ്റഫ് അബ്ദുള്ള നന്ദിയും പറഞ്ഞു. ഐഒസി യൂറോപ്പ് ജനറല്‍ സെക്രട്ടറി മുഹമ്മദ് ഇര്‍ഷാദ്, കേരള ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി അജിത് വെണ്മണി, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ ജോര്‍ജ് ജോസഫ്, അനൂപ് ശശി, കേരള ചാപ്റ്റര്‍ സെക്രട്ടറി മെബിന്‍ ബേബി, തമിഴ്‌നാട് ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് ഖലീലുള്ള, യൂത്ത് വിങ് പ്രതിനിധി നസീല്‍ അലി, രാജന്‍ പടിയില്‍, അന്‍സാര്‍ അലി, ഷാജി ആനന്ദ്, ജവഹര്‍ ലാല്‍, സുജ ആര്‍ത്തൂര്‍, സാബു ജോര്‍ജ്ജ്,കെ എം സി സി ഭാരവാഹികളായ പി എം എ നാസര്‍, ഷുഹൈബ് പുതിയോട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു. സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുള്ള ഈ ഇഫ്താര്‍ സംഗമം നോമ്പുതുറയുടെ ആത്മീയതയ്‌ക്കൊപ്പം മനുഷ്യസ്‌നേഹവും സാമൂഹിക ഐക്യവും ശക്തിപ്പെടുത്തുന്ന വേദിയായിത്തീര്‍ന്നുവെന്ന് സംഘാടകര്‍ അറിയിച്ചു. പരിപാടിയുടെ വിജയത്തിന് പിന്തുണ നല്‍കിയ എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു

 




കൂടുതല്‍വാര്‍ത്തകള്‍.